Site iconSite icon Janayugom Online

ജമ്മുകശ്മീരിലെ ബുധ്ഗാമിൽ മൂന്ന് ലഷ്കർ ഭീകരർ പിടിയിൽ

ജമ്മുകശ്മീരിലെ ബുധ്ഗാമിൽ നിന്ന് മൂന്ന് ലഷ്കർ ഇ ത്വയ്ബ ഭീകരരെ സുരക്ഷാ സേന പിടികൂടി. മുസമിൽ അഹമ്മദ്, ഇഷ്ഫാഖ് പണ്ഡിറ്റ്, മുനീർ അഹമ്മദ് എന്നിവരാണ് പിടിയിലായത്. 2020 മുതൽ എൽഇടിയുടെ ഓവർ ഗ്രൗണ്ട് വർക്കേഴ്സ് ആയി പ്രവർത്തിക്കുന്നവരാണ് ഇവര്‍. ബുദ്ഗാമിലെ മാഗമിലെ കവൂസ നർബൽ പ്രദേശത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ഭീകരരിൽ നിന്ന് ഒരു പിസ്റ്റളും, ഒരു ഗ്രനേഡും സുരക്ഷാ സേന പിടിച്ചെടുത്തു.

അറസ്റ്റിലായവർക്ക് എൽഇടി ഭീകരനായ ആബിദ് ഖയൂം ലോണുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 2020 ൽ പാകിസ്താനിലേക്ക് കടന്ന് ലഷ്കർ ഇ ത്വയ്ബയിൽ ചേർന്നയാളാണ് ആബിദ് ഖയൂം. നിലവിൽ പാകിസ്താനിൽ നിന്നാണ് ഇയാൾ പ്രവർത്തിക്കുന്നത്. ബുദ്ഗാം ജില്ലയിലെ നർബൽ-മഗം പ്രദേശത്തെ പ്രാദേശിക യുവാക്കളെ തീവ്രവാദ സംഘടനകളിൽ ചേരുന്നതിനും തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ അവരെ പ്രേരിപ്പിക്കുന്നതിലും ഇയാൾക്ക് പങ്കുണ്ട്. അതേസമയം, ജമ്മുകശ്മീരിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ആറ് ഭീകരരെ വധിച്ചതായി സൈന്യം അറിയിച്ചു. ഭീകരരെ പൂർണ്ണമായി ഇല്ലായ്മ ചെയ്യാനുള്ള നടപടികൾ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും സംയുക്ത വാർത്താസമ്മേളനത്തിൽ സേനാവിഭാഗങ്ങൾ ഉറപ്പ് നൽകി.

Exit mobile version