Site iconSite icon Janayugom Online

തീരസദസില്‍ ലഭിച്ച പരാതികളില്‍ അടിയന്തര പരിഹാരത്തിന് ത്രിതല കമ്മിറ്റി

സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ തീരസദസ് പരിപാടിയില്‍ ലഭിച്ച പരാതികളില്‍ അടിയന്തര പരിഹാരത്തിന് ത്രിതല കമ്മിറ്റി രൂപീകരിച്ച് ഉത്തരവായി. തീരദേശ മണ്ഡലങ്ങളിലെ 47 കേന്ദ്രങ്ങളില്‍ നടന്ന അദാലത്തില്‍ ഫിഷറീസ് മന്ത്രിക്ക് നേരിട്ടും പോര്‍ട്ടല്‍ മുഖേനയും ലഭ്യമായ പരാതികളില്‍ അടിയന്തര നടപടി സ്വീകരിക്കുന്നതിനാണ് ത്രിതല കമ്മിറ്റി രൂപീകരിക്കുന്നത്. ഫിഷറീസ് വകുപ്പ്, ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ്, ഇവയുടെ അനുബന്ധ ഏജന്‍സികള്‍ എന്നിവയിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും നിയോജകമണ്ഡല അടിസ്ഥാനത്തിലുമായാണ് ത്രിതല കമ്മിറ്റി. 

സംസ്ഥാനതല കമ്മിറ്റിയില്‍ ഫിഷറീസ് ‍ഡയറക്ടര്‍ ചെയര്‍മാനായിരിക്കും. തീരദേശ വികസന കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍, ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് ചീഫ് എന്‍ജിനീയര്‍, മത്സ്യഫെഡ് മാനേജിങ് ഡയറക്ടര്‍, ഫണ്ട് ബോര്‍ഡ് കമ്മിഷണര്‍, അഡാക്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍, സാഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളും ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ (പ്രോജക്ട്) കണ്‍വീനറും ആയിരിക്കും. 

ജില്ലാതല കമ്മിറ്റിയില്‍ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ചെയര്‍മാനായിരിക്കും. മത്സ്യഫെഡ് ജില്ലാ മാനേജര്‍, തീരദേശ വികസന കോര്‍പറേഷന്‍ റീജിയണല്‍ മാനേജര്‍, സാഫ് നോഡല്‍ ഓഫിസര്‍, അഡാക്ക് ജില്ലാ ഓഫിസര്‍, ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്നിവര്‍ അംഗങ്ങളായിരിക്കും. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറായിരിക്കും കമ്മിറ്റിയുടെ കണ്‍വീനര്‍.
നിയോജകമണ്ഡലതല കമ്മിറ്റിയുടെ ചെയര്‍മാന്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ ആണ്. അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ കണ്‍വീനറും മത്സ്യഫെഡ് പ്രോജക്ട് ഓഫിസര്‍, ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, മണ്ഡലംതല അഡാക്ക് ഓഫിസര്‍, ഫണ്ട് ബോര്‍ഡ് ഫിഷറീസ് ഓഫിസര്‍, സാഫ് അസിസ്റ്റന്റ് നോഡല്‍ ഓഫിസര്‍ എന്നിവര്‍ അംഗങ്ങളുമാണ്. 

ENGLISH SUMMARY:complaints received in the coastal assembly
You may also like this video

Exit mobile version