ഒരു മുനിസിപ്പാലിറ്റി കൗൺസിലറെയും രണ്ട് ഗ്രാമപഞ്ചായത്ത് അംഗങ്ങളെയും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ എ ഷാജഹാൻ അയോഗ്യരാക്കി. കൊല്ലം ജില്ലയിലെ പരവൂർ മുനിസിപ്പാലിറ്റിയിലെ പത്താം വാർഡ് കൗൺസിലർ നിഷാ കുമാരി, കോട്ടയം ജില്ലയിലെ ചെമ്പ് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് അംഗം ശാലിനി മധു, ആലപ്പുഴ ജില്ലയിലെ പുന്നപ്ര സൗത്ത് ഗ്രാമപഞ്ചായത്ത് 12-ാം വാർഡംഗം സുൾഫിക്കർ എന്നിവരാണ് അയോഗ്യരാക്കപ്പെട്ടത്.
പരവൂർ മുനിസിപ്പാലിറ്റിയിലെ ചെയർപേഴ്സണിന്റെയും കൗൺസിലർമാരുടെയും ഔദ്യോഗിക ഉപയോഗത്തിനായി ലെറ്റർപാഡ് അച്ചടിച്ച് നൽകുന്ന പ്രവൃത്തിയുടെ ക്വട്ടേഷൻ പ്രക്രിയയിൽ പങ്കെടുക്കുകയും ഏറ്റെടുത്ത് നടത്തുകയും അതിനുള്ള പ്രതിഫലം കൈപ്പറ്റുകയും ചെയ്തതിനാലാണ് കൗൺസിലർ നിഷാകുമാരി അയോഗ്യയാക്കപ്പെട്ടത്. ചെമ്പ് ഗ്രാമപഞ്ചായത്ത് അംഗം ശാലിനി മധു തുടർച്ചയായി മൂന്നുമാസക്കാലയളവിൽ കൂടുതൽ ക്ഷേമകാര്യസ്റ്റാന്റിങ് കമ്മിറ്റി യോഗത്തിൽ ഹാജരാകാത്തതിനാലാണ് അയോഗ്യയാക്കപ്പെട്ടത്.
പുന്നപ്ര സൗത്ത് ഗ്രാമപഞ്ചായത്ത് അംഗം സുൾഫിക്കർ തുടർച്ചയായി മൂന്നുമാസക്കാലയളവിൽ പഞ്ചായത്ത് കമ്മിറ്റി യോഗത്തിലോ സ്റ്റാന്റിങ് കമ്മിറ്റി യോഗത്തിലോ ഹാജരാകാത്തതിനാലാണ് അയോഗ്യനാക്കപ്പെട്ടത്. പഞ്ചായത്ത് രാജ് ആക്ട് പ്രകാരം അതത് പഞ്ചായത്ത് സെക്രട്ടറിമാർ സ്വീകരിച്ച നടപടിക്കെതിരെ അംഗത്വം പുനഃസ്ഥാപിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് അംഗങ്ങൾ നൽകിയ ഹർജികൾ തള്ളിക്കൊണ്ടും സെക്രട്ടറിമാരുടെ നടപടി ശരിവച്ചുകൊണ്ടുമാണ് കമ്മിഷന്റെ ഉത്തരവ്.
English Summary:Three local body members were disqualified
You may also like this video