Site iconSite icon Janayugom Online

മണിപ്പൂര്‍ കലാപം: മൂന്നംഗ കമ്മിഷന്‍ അന്വേഷിക്കും

മണിപ്പൂരില്‍ നിരവധി പേരുടെ മരണത്തിനും നാശനഷ്ടങ്ങള്‍ക്കും ഇടവരുത്തിയ വംശീയ കലാപം അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കര്‍ മൂന്നംഗ ജുഡിഷ്യല്‍ കമ്മിഷനെ നിയോഗിച്ചു. ഗുവാഹട്ടി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് അജയ് ലംബ, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ഹിമാന്‍ശു ശേഖര്‍ദാസ്, മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ അലോക പ്രഭാകര്‍ എന്നിവരാണ് കമ്മിഷന്‍ അംഗങ്ങള്‍.

കലാപത്തിലേയ്ക്ക് നയിച്ച കാരണങ്ങള്‍, സര്‍ക്കാര്‍ സംവിധാനത്തില്‍ വീഴ്ചകള്‍ സംഭവിച്ചോ എന്നിവയാണ് പ്രധാനമായും അന്വേഷിക്കുക. അക്രമവും കലാപവും തടയുന്നതില്‍ സര്‍ക്കാര്‍തലത്തില്‍ പാളിച്ചകള്‍ സംഭവിച്ചോ, അതിക്രമത്തിന് ഇരയായവരുടെ പരാതികള്‍ എന്നിവയും അന്വേഷണ പരിധിക്കുള്ളില്‍ വരും. ആറുമാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനണ് കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്നത്.

മെയ്തി വിഭാഗം ജനങ്ങള്‍ക്ക് പട്ടികവര്‍ഗ പദവി അനുവദിച്ചതുമായി ബന്ധപ്പെട്ട് മേയ് മൂന്നിന് ആരംഭിച്ച സംഘര്‍ഷത്തില്‍ ഇതിനകം 80 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ മണിപ്പൂരില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സുരക്ഷാ ഉപദേഷ്ടാവ് കുൽദീപ് സിങ് അറിയിച്ചു. സംസ്ഥാനത്ത് സ്ഥിതിഗതികൾ പൂർണമായും സമാധാനപരമാണ്. സംഘര്‍ഷസാധ്യതയുള്ള മേഖലകളില്‍ കേന്ദ്ര റിസർവ് പൊലീസും സൈന്യവും പട്രോളിങ് നടത്തുന്നുണ്ട്. മിക്ക സ്ഥലങ്ങളിലും 12 മണിക്കൂർ നേരത്തേക്ക് കർഫ്യൂ പിൻവലിച്ചതായും ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുന്നതായും അദ്ദേഹം അറിയിച്ചു.

Eng­lish Sum­ma­ry: Three-mem­ber Com­mis­sion of Inquiry to probe eth­nic vio­lence in Manipur
You may also like this video

Exit mobile version