Site iconSite icon Janayugom Online

കഴുത്തിൽ വെടിയുണ്ടയുമായി മൂന്ന് മാസം; ഒമാൻ ബാലന് പുതുജീവീതം

ഒമാനിലെ വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന യുസിഫിന് അപ്രതീക്ഷിതമായാണ് അയൽവാസിയായ കുട്ടിയുടെ തോക്കിൽ നിന്നും വെടിയേറ്റത്. ശ്വാസനാളത്തിന് തൊട്ടടുത്ത് മില്ലിമീറ്റർ അകലെ ഞരമ്പുകളും രക്തക്കുഴലുകളുമുള്ള അതിസങ്കീർണ്ണമായ ശരീരഭാഗത്തായിരുന്നു വെടിയുണ്ട കുടുങ്ങികിടന്നിരുന്നത്. ശസ്ത്രക്രിയ ഏറ്റെടുക്കാൻ പല ആശുപത്രികളും വിസ്സമ്മതിച്ചപ്പോൾ കൊച്ചിയിലെ ആസ്റ്റർ മെഡ്‌സിറ്റി യുസിഫിനെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു.

ഒമാനിലെ നിസ്‌വ നഗരത്തിലെ കടയുടമയായ അച്ഛനോടും അമ്മയുമൊപ്പമാണ് യുസിഫ് കൊച്ചിയിലെത്തിയത്. രക്ഷിതാക്കൾ കുട്ടിയെ രാജ്യത്തെ പല ആശുപത്രികളിലും കൊണ്ടുപോയിരുന്നുവെങ്കിലും വെടിയുണ്ടയുടെ സ്ഥാനം ശസ്ത്രക്രിയ ചെയ്യാൻ കഴിയാത്തവിധം അപകടസാധ്യതയുള്ളതിനാൽ ഒരു ആശുപത്രിയും അതിസങ്കീർണമായ ശസ്ത്രക്രിയ നടത്തുവാൻ തയ്യാറായിരുന്നില്ല. തുടർന്ന് ആസ്റ്റർ ഡി എം ഹെൽത്ത് കെയറിന്റെ നേതൃത്വത്തിൽ വിദഗ്ധ ചികിത്സകൾക്കായി യുസിഫിനെയും കുടുംബത്തെയും കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലേക്ക് മാറ്റുകയായിരുന്നു.

“വെടിയുണ്ടയുടെ ഭാഗങ്ങൾ ശരീരഭാഗത്തിൽ നിന്ന് വീണ്ടെടുക്കുന്നത് അപകടകരമായ പ്രക്രിയയാണ്. ശരീരത്തിന്റെ സെൻസിറ്റിവ് ഭാഗത്താണ് അതിന്റെ അവശിഷ്ടങ്ങളെങ്കിൽ വീണ്ടെടുക്കൽ ശുപാർശ ചെയ്യില്ല. കാരണം അത് കൂടുതൽ സങ്കീർണതയിലേക്ക് നയിക്കും. എന്നാൽ യുസിഫിന്റെ കാര്യത്തിൽ, സിടി സ്കാനിംഗിൽ, കഴുത്തിന് മുന്നിൽ, ശ്വാസനാളത്തിലെ തൈറോയ്ഡ് ഗ്രന്ഥിയിൽ നിന്നും മില്ലിമീറ്റർ അകലെ വളരെ മാരകമായ നിലയിലായിരുന്നു വെടിയുണ്ട എന്ന് മനസ്സിലായി .ഏതെങ്കിലും തരത്തിലുള്ള ചലനം കുട്ടിയുടെ നാഡീവ്യവസ്ഥയെയും ധമനികളെയും തകരാറിലാക്കും, അതിന്റെ ഫലമായി ശബ്ദശേഷി നഷ്ടപ്പെടാം, ആന്തരിക രക്തസ്രാവം മുതൽ മരണം വരെ സംഭവിക്കാം. ഈ കേസിന്റെ തീവ്രതയാണ് അതിവേഗം ശസ്ത്രക്രിയ നടത്തുവാൻ ഞങ്ങളെ പ്രേരിപ്പിച്ചതെന്ന്” ആസ്റ്റർ മെഡ്‌സിറ്റിയിലെ പീഡിയാട്രിക് കാർഡിയാക് സർജറി സീനിയർ കൺസൾട്ടന്റ് സാജൻ കോശി പറഞ്ഞു.

പീഡിയാട്രിക് കാർഡിയാക് സർജറി സീനിയർ കൺസൾട്ടന്റ് ഡോ. സാജൻ കോശി, ഡോ. ആബിദ് ഇഖ്ബാൽ, കാർഡിയാക് സർജറി , ഡോ. സുരേഷ് നായർ, സീനിയർ കൺസൾട്ടന്റ് അനസ്തേഷ്യ ആൻഡ് ക്രിട്ടിക്കൽ കെയർ എന്നിവരടങ്ങുന്ന ഡോക്ടർമാരുടെ സംഘമാണ് അതിസങ്കീർണമായ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. രണ്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ വെടിയുണ്ട പൂർണമായും വിജയകരമായി പുറത്തെടുത്തു. മൂന്ന് മാസം നീണ്ടുനിന്ന സംഘർഷഭരിതമായ ദിനങ്ങൾ അഞ്ചുദിവസത്തികം മാറി. സർജറിക്ക് ശേഷമുള്ള അവസാനവട്ട ചെക്കപ്പുകൾക്ക് ശേഷം യുസിഫും കുടുംബവും സന്തോഷത്തോടെ തിരികെ ഒമാനിലേക്ക് മടങ്ങി.

Eng­lish Summary;Three months with a bul­let in neck; New life for Omani boy
You may also like this video

Exit mobile version