മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ മൂന്ന് ചീറ്റകളെ കൂടി കാട്ടിലേക്ക് തുറന്നുവിട്ടു. ഇതോടെ തുറന്നുവിട്ട ചീറ്റകളുടെ എണ്ണം ആറായി. അഗ്‌നി, വായു എന്നീ രണ്ട് ആണ്‍ ചീറ്റകളെയും ഗാമിനിയെന്ന പെണ്‍ ചീറ്റയെയുമാണ് ഇന്നലെ കാട്ടിലേക്ക് തുറന്നുവിട്ടത്.
ഈ മൂന്ന് ചീറ്റകളും ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവന്നതാണെന്ന് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ജെഎസ് ചൗഹാന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെ കുനോയിൽ ഇതുവരെ ആറ് ചീറ്റകളെ കാട്ടിലേക്ക് തുറന്നുവിട്ടു. മറ്റ് 11 ചീറ്റകളും നാല് കുഞ്ഞുങ്ങളും പ്രത്യേക ചുറ്റുമതിലിനുള്ളിലാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ കുനോയിലേക്ക് കൊണ്ടുവന്ന എട്ട് ചീറ്റകളില്‍ ഉള്‍പ്പെട്ട മൂന്ന് നമീബിയന്‍ പെണ്‍ ചീറ്റകളും ഒരു ആണ്‍ ചീറ്റയും ഇപ്പോഴും ഇതിലാണുള്ളത് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സംരക്ഷിത മേഖലയില്‍ നിന്ന് വഴി തെറ്റി ഝാന്‍സിയിലേക്ക് നീങ്ങിയ ഒരു നമീബിയന്‍ ചീറ്റ, ഒബാനെ രക്ഷപ്പെടുത്തി ചുറ്റുമതിലിനുള്ളിലാക്കിയതായും അദ്ദേഹം പറഞ്ഞു. അഞ്ച് പെണ്‍ ചീറ്റകളും മൂന്ന് ആണ്‍ ചീറ്റകളുമായി എട്ട് നമീബിയന്‍ ചീറ്റകളെയാണ് കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 17 ന് കെഎന്‍പിയിലേക്ക് കൊണ്ടുവന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇവയെ തുറന്നുവിട്ടത്. പിന്നീട്, ഈ വര്‍ഷം ഫെബ്രുവരി 18 ന് ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഏഴ് ആണും അഞ്ച് പെണ്ണുമായി 12 ചീറ്റകളെ കെഎന്‍പിയിലേക്ക് കൊണ്ടുവന്നു.
ഇതില്‍ ദക്ഷ, സാഷ, ഉദയ് എന്നീ മൂന്ന് ചീറ്റകള്‍ രണ്ട് മാസത്തിനുള്ളില്‍ ചത്തു. അതേസമയം
സിയായ എന്ന് പേരിട്ട ചീറ്റ ഈ വര്‍ഷം മാര്‍ച്ചില്‍ നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരുന്നു.1947‑ല്‍ ഇന്നത്തെ ഛത്തീസ്ഗഡിലെ കോറിയ ജില്ലയിലാണ് ഇന്ത്യയില്‍ അവസാനത്തെ ചീറ്റ ചത്തത്. 1952‑ല്‍ ഈ ഇനം രാജ്യത്ത് നിന്ന് വംശനാശം സംഭവിച്ചതായി പ്രഖ്യാപിക്കപ്പെട്ടു.
english summary; Three more cheetahs in Kuno National Park have been released into the wild
you may also like this video;