കാട്ടുപന്നിയുടെ ആക്രമണത്തിൽ മൂന്നു പേർക്ക് പരുക്ക്. പത്തനംതിട്ട ഏഴംകുളം സ്വദേശികളായ കെ കെ ഷാജി(48), പടിഞ്ഞാറ്റതിൽ പ്രേമ (23), സഹോദരൻ പ്രഭാസ്(22) എന്നിവർക്കാണ് പരുക്കേറ്റത്. ഇന്ന് രാവിലെ ഏഴരയോടെ വീടിന് സമീപമായിരുന്നു സംഭവം.
പത്തനംതിട്ട ഗവ. ആശുപത്രിയിൽ നഴ്സിങ് അസിസ്റ്റന്റ് ആയ പ്രേമ സഹോദരനൊപ്പം ബൈക്കിൽ വരുമ്പോൾ പന്നി ഇടിച്ചതിനെ തുടർന്ന് ബൈക്കിൽ നിന്ന് വീഴുകയായിരുന്നു. പ്രേമയുടെ വലതുകൈയ്ക്ക് പൊട്ടലുണ്ട്. ബൈക്കിൽ ഇടിച്ച ശേഷം പന്നി ഇവരുടെ അയൽവാസിയായ ഷാജിയെ ആക്രമിച്ചു. പന്നിയുടെ കുത്തേറ്റ് ഷാജിയുടെ ഇടതുകൈയ്ക്ക് സാരമായി മുറിവേറ്റു. വയറ്റിലും കുത്തേറ്റു. മൂന്നു പേരും അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.