കൃഷ്ണമൃഗത്തെ വേട്ടയാടാനെത്തിയ സംഘം നടത്തിയ വെടിവയ്പ്പില്‍ സബ് ഇന്‍സ്‌പെക്ടര്‍ അടക്കം മൂന്ന് പോലീസുകാര്‍ കൊല്ലപ്പെട്ടു. പ്രത്യാക്രമണത്തില്‍ വേട്ടസംഘത്തിലെ ഒരാളും കൊല്ലപ്പെട്ടു.
മധ്യപ്രദേശിലെ ഗുണ ജില്ലയിലെ വനത്തില്‍ ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. തോക്കുകളുമായി മോട്ടോര്‍ ബൈക്കിലെത്തിയ വേട്ടക്കാര്‍ പൊലിസുകാര്‍ക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഗുണ പൊലീസ് സൂപ്രണ്ട് രാജീവ് മിശ്ര പറഞ്ഞു. പൊലീസ് തിരിച്ചടിച്ചെങ്കിലും വേട്ടക്കാര്‍ വനത്തിലേക്ക് രക്ഷപ്പെട്ടു. ആക്രമണത്തില്‍ അരോണ്‍ പൊലീസ് സ്റ്റേഷനിലെ എസ്ഐ രാജ്കുമാര്‍ ജതാവ്, ഹെഡ് കോണ്‍സ്റ്റബിള്‍ സന്ത്കുമാര്‍ മീണ, കോണ്‍സ്റ്റബിള്‍ നീരജ് ഭാര്‍ഗവ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരു പൊലീസുകാരന് പരിക്കേറ്റതായും അദ്ദേഹത്തെ ചികില്‍സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
കൃഷ്ണമൃഗങ്ങളെ ലക്ഷ്യമിട്ട് വേട്ടക്കാര്‍ പ്രദേശത്തു ക്യാമ്പ് ചെയ്യുന്നതായി സൂചന ലഭിച്ചതിനെത്തുടര്‍ന്നാണ് പൊലീസ് വനത്തില്‍ തെരച്ചില്‍ നടത്തിയത്. നിരവധി കൃഷ്ണമൃഗങ്ങളുടെ ശരീരഭാഗങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. വേട്ടക്കാരനെന്ന് സംശയിക്കപ്പെടുന്ന ഒരാളുടെ മൃതദേഹം സമീപത്തെ ബിഡോറിയ ഗ്രാമത്തില്‍ നിന്ന് കണ്ടെടുത്തു. മറ്റ് രണ്ടുപേര്‍കൂടി അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര, ഡിജിപി സുധീര്‍ സക്‌സേന, മറ്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഗുണ ഭരണകൂടവും യോഗത്തില്‍ പങ്കെടുത്തു. മരിച്ച പൊലിസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
English Summary: Three policemen were shot dead by a hunting party
You may like this video also