Site iconSite icon Janayugom Online

കൂഴങ്കലിന് മൂന്ന് പുരസ്കാരം: ക്ലാര സോലയ്ക്ക് സുവര്‍ണ ചകോരം

26-ാം രാജ്യാന്തര ചലച്ചിത്ര മേളയില്‍ നതാലി അൽവാരെസ് സംവിധാനം ചെയ്ത ക്ലാരാ സോള മികച്ച ചിത്രം. മികച്ച നവാഗത സംവിധായികയായും നതാലി അൽവാരെസ് തെരഞ്ഞെടുക്കപ്പെട്ടു. കമീലാ കംസ് ഔട്ട് ടുനൈറ്റിന്റെ ഇനേസ് ബാരിയോ മികച്ച സംവിധായികയ്ക്കുള്ള രജതചകോരം സ്വന്തമാക്കി.
പ്രേക്ഷകപ്രീതി ഉൾപ്പെടെ മൂന്ന് പുരസ്‌കാരം വിനോദ് രാജ് സംവിധാനം ചെയ്ത തമിഴ് ചിത്രം കൂഴങ്കൽ നേടി. മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം, രാജ്യാന്തര മത്സര വിഭാഗത്തിൽ ജൂറി പുരസ്‌കാരം എന്നിവയാണ് കൂഴങ്കൽ നേടിയത്.

മികച്ച ഏഷ്യൻ ചിത്രത്തിനുള്ള ഫിപ്രസി രാജ്യാന്തര പുരസ്‌കാരത്തിന് ദിനാ അമർ സംവിധാനം ചെയ്ത യു റീസെമ്പിള്‍ മി തെരഞ്ഞെടുക്കപ്പെട്ടു. ഈ വിഭാഗത്തിലെ മികച്ച മലയാള ചിത്രം, മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം എന്നിവ കൃഷാന്ദ് സംവിധാനം ചെയ്ത ആവാസവ്യൂഹം നേടി.
ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള എഫ്എഫ്എസ്എ കെ ആര്‍ മോഹനന്‍ പുരസ്‌കാരത്തിന് പ്രഭാഷ് ചന്ദ്ര സംവിധാനം ചെയ്ത അയാം നോട്ട് ദി റിവർ ഝലവും താരാ രാമാനുജം സംവിധാനം ചെയ്ത മലയാള ചിത്രം നിഷിദ്ധോയും തെരഞ്ഞെടുക്കപ്പെട്ടു.

രാജ്യാന്തര മത്സരവിഭാഗത്തിലെ ചിത്രങ്ങളിൽ മികച്ച പ്രകടനത്തിനുള്ള പ്രത്യേക പരാമർശത്തിന് കമീലാ കംസ് ഔട്ട് ടുനൈറ്റിലെ അഭിനേത്രി നീന ഡിയംബ്രൗസ്കി അർഹയായി. ഇസ്രയേൽ ചിത്രം ലെറ്റ് ഇറ്റ് ബി മോർണിങ്ങും ജൂറിയുടെ പ്രത്യേക പരാമർശം നേടി.സമാപനസമ്മേളനം ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണനെ ചടങ്ങിൽ ആദരിച്ചു. ബോളിവുഡ് താരം നവാസുദ്ദീൻ സിദ്ദീഖി, സാഹിത്യകാരൻ ടി പദ്മനാഭൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

Eng­lish Sum­ma­ry: IFFK awards announced

You may like this video also

Exit mobile version