Site iconSite icon Janayugom Online

വയനാട്ടില്‍ മൂന്ന് കടുവകള്‍ ചത്ത സംഭവം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു

വയനാട് വൈല്‍ഡ് ലൈഫ് ഡിവിഷന്‍ കുറിച്യാട് റേഞ്ചില്‍ താത്തൂര്‍ സെക്ഷന്‍ പരിധിയിലെ മയ്യക്കൊല്ലി ഭാഗത്ത് രണ്ട് കടുവകളെയും വൈത്തിരി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ കോഡാര്‍ എസ്റ്റേറ്റ് ബ്ലോക്ക് 11 ‑ല്‍ കാപ്പിതോട്ടത്തില്‍ ഒരു കടുവക്കുഞ്ഞിനെയും ചത്ത നിലയില്‍ കണ്ടെത്തി. സംഭവത്തിന് പിന്നാലെ അന്വേഷിക്കാന്‍ ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി വനം വകുപ്പുമന്ത്രി എകെശശീന്ദ്രന്‍ അറിയിച്ചു. സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്നും ഇതിന് പിന്നില്‍ മനഃപൂര്‍വം ആരെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്നതും ഉള്‍പ്പെടെ അന്വേഷണ സംഘം പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

പ്രത്യേക അന്വേഷണസംഘത്തില്‍ കെ.എസ്.ദീപ (നോര്‍ത്തേണ്‍ സര്‍ക്കിള്‍ സി.സി.എഫ്), വരുണ്‍ ഡാലിയ (വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, വയനാട്), അജിത് കെ. രാമന്‍ (ഡി.എഫ്.ഒ സൗത്ത് വയനാട്), ധനേഷ് (ഡി.എഫ്.ഒ, വര്‍ക്കിംഗ് പ്ലാന്‍, കോഴിക്കോട്), ജയപ്രകാശ് (ഡി.എഫ്.ഒ, ഫ്ളയിംഗ് സ്‌ക്വാഡ്, പാലക്കാട്), ഡോ. അരുണ്‍ സഖറിയ (ഫോറസ്റ്റ് വെറ്റിറനറി ഓഫീസര്‍, വയനാട്), ഡോ. അജീഷ് (അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്റിറനറി ഓഫീസര്‍, വയനാട്), ഡോ. ദിനേഷ് പി.ഡി (റേഡിയോളജി ഡിപ്പാര്‍ട്മെന്റ്, വെറ്റിറനറി സയന്‍സ് കോളേജ്) എന്നീ ഉദ്യോഗസ്ഥരെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കെ.എസ്.ദീപ പ്രത്യേക അന്വേഷണ സംഘത്തിന്റെ മേധാവിയായിരിക്കും. ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

Exit mobile version