Site iconSite icon Janayugom Online

ഖത്തറിലെ ചാരവൃത്തിക്കേസ്; മുന്‍ ഇന്ത്യന്‍ നാവികര്‍ക്ക് മൂന്നുമുതല്‍ 25 വര്‍ഷം വരെ തടവ്

ചാരവൃത്തിക്കേസില്‍ വധശിക്ഷ റദ്ദാക്കപ്പെട്ട മുന്‍ ഇന്ത്യന്‍ നാവികര്‍ക്ക് മൂന്നുമുതല്‍ 25 വര്‍ഷം വരെ തടവുശിക്ഷ വിധിച്ച് ഖത്തര്‍ കോടതി. കുറ്റാരോപിതരായ എട്ടുപേരില്‍ ഒരാള്‍ക്ക് 25 വര്‍ഷവും നാലു പേര്‍ക്ക് 15 വര്‍ഷവും രണ്ടുപേര്‍ക്ക് 10 വര്‍ഷവും ഒരാള്‍ക്ക് മൂന്നു വര്‍ഷം വീതവുമാണ് തടവ് വിധിച്ചിരിക്കുന്നത്. വ്യാഴാഴ്ചയാണ് ഇവരുടെ വധശിക്ഷ അപ്പീല്‍ കോടതി റദ്ദാക്കിയത്. വിധിയുടെ കൂടുതല്‍ വിവരങ്ങള്‍ ഇന്നലെ പുറത്തുവന്നു. 2022 ഓഗസ്റ്റിലാണ് ചാരവൃത്തി ആരോപിച്ച് മലയാളി ഉള്‍പ്പടെ എട്ട് ഇന്ത്യന്‍ നാവികരെ ഖത്തര്‍ അറസ്റ്റ് ചെയ്യുന്നത്. ഇന്ത്യന്‍ നാവികസേന മുന്‍ ക്യാപ്റ്റന്മാരായ നവതേജ് സിങ് ഗില്‍, ബീരേന്ദ്ര കുമാര്‍ വര്‍മ, സൗരഭ് വസിഷ്ഠ്, കമാന്‍ഡര്‍മാരായ അമിത് നാഗ്പാല്‍, പൂര്‍ണേന്ദു തിവാരി, സുഗുണാകര്‍ പകല, സഞ്ജീവ് ഗുപ്ത, മലയാളിയായ സെയ്‌ലര്‍ രാഗേഷ് ഗോപകുമാര്‍ എന്നിവരാണ് പിടിയിലായത്.

ഇറ്റലിയില്‍നിന്ന് അത്യാധുനിക അന്തര്‍വാഹിനികള്‍ വാങ്ങാനുള്ള ഖത്തറിന്റെ രഹസ്യ നീക്കങ്ങളുടെ വിവരങ്ങള്‍ ഇസ്രയേലിന് ചോര്‍ത്തി നല്‍കിയെന്നാണ് ഇവര്‍ക്കെതിരേയുള്ള ആരോപണം. ഇവരുടെ ജാമ്യാപേക്ഷ പലതവണ തള്ളുകയും, ഖത്തറിലെ പ്രാഥമിക കോടതി കഴിഞ്ഞ മാസം വധശിക്ഷ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം നടത്തിയ ഇടപെടലിനൊടുവിലാണ് വധശിക്ഷ റദ്ദാക്കിക്കൊണ്ട് ഉത്തരവിറങ്ങിയത്. അപ്പീല്‍ കോടതിയുടെ ശിക്ഷാവിധിയില്‍ പൂര്‍ണേന്ദു തിവാരിക്കാണ് 25 വര്‍ഷം തടവ് വിധിച്ചിരിക്കുന്നത്. ഖത്തര്‍ നാവികസേനയ്ക്ക് പരിശീലനം നല്‍കുന്നതിനായി കരാറില്‍ ഏര്‍പ്പെട്ട ദഹ്റ ഗ്ലോബല്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ മാനേജിങ് ഡയറക്ടര്‍ ആയിരുന്നു തിവാരി. നാവികര്‍ക്ക് ഓരോരുത്തര്‍ക്കും നല്‍കിയിരിക്കുന്ന തടവു ശിക്ഷയുടെ കാലാവധി വ്യത്യസ്തമാണ്. മലയാളി നാവികന് മൂന്ന് വര്‍ഷമാണ് ശിക്ഷയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 

അതിനിടെ, ഇവര്‍ക്ക് ശിഷ്ടകാലം ഇന്ത്യയില്‍ തടവ് ശിക്ഷ അനുഭവിച്ചാല്‍ മതിയെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും തടവുകാരെ കൈമാറുന്നതിനുള്ള കരാര്‍ പ്രാബല്യത്തില്‍ വന്നിട്ടില്ലെന്നാണ് വിവരം. തടവുകാരെ കൈമാറുന്ന കരാറിന് 2015ല്‍ ഇന്ത്യ അംഗീകാരം നല്‍കിയെങ്കിലും ഖത്തര്‍ അന്തിമ അനുമതി നല്‍കിയിട്ടില്ല. കോടതിയിലെ അപ്പീല്‍ നടപടി പൂര്‍ത്തിയായ ശേഷമേ അടുത്ത വഴി ആലോചിക്കൂ എന്നും വിധിയുടെ വിശദാംശം ഇതുവരെ കിട്ടിയിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എല്ലാവരുടെയും അപ്പീല്‍ ഒന്നിച്ചാകും നല്‍കുക. സാധാരണ ഗതിയില്‍ അപ്പീല്‍ നല്‍കാന്‍ രണ്ടു മാസം വേണം. വിദേശകാര്യമന്ത്രാലയത്തിന്റെ സഹായത്തോടെ അപ്പീല്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനാണ് നീക്കം. ഉന്നത കോടതിയില്‍ നിന്ന് ഇളവു കിട്ടിയില്ലെങ്കില്‍ ഖത്തര്‍ അമീറിന് മാപ്പപേക്ഷ സമര്‍പ്പിക്കുകയെന്ന സാധ്യതയും അവശേഷിക്കുന്നുണ്ട്.

Eng­lish Sum­ma­ry; Three to 25 years impris­on­ment for ex-Indi­an sailors
You may also like this video

Exit mobile version