Site iconSite icon Janayugom Online

മൂന്നുവർഷം: രാജ്യത്ത് ജീവനൊടുക്കിയത് 17,000 കർഷകർ

കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ രാജ്യത്ത് ജീവനൊടുക്കിയത് 17,000ലധികം കർഷകർ. ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോ കണക്കുകളെ അവലംബിച്ച് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്രയാണ് വിവരങ്ങൾ പാർലമെന്റിൽ അവതരിപ്പിച്ചത്. 2018 മുതൽ 2021 വരെയുള്ള മൂന്ന് വർഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ആത്മഹത്യ ചെയ്ത കർഷകരുടെ കണക്കാണിത്. 2018ൽ 5,763 കർഷകരാണ് രാജ്യത്താകെ ആത്മഹത്യ ചെയ്തത്. 2019ൽ 5,957 കർഷക ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തു. 2020ൽ 5,579 കർഷകരാണ് ജീവനൊടുക്കിയത്. ഇതിൽ 5,335 പേരും പുരുഷന്മാരായിരുന്നു. 244 സ്ത്രീകളാണ് 2020ൽ ജീവനൊടുക്കിയത്. രാജ്യത്തെ മൊത്തം ആത്മഹത്യയിൽ (1,53,052) ഏഴ് ശതമാനവും കർഷക മരണങ്ങളാണ്.

മഹാരാഷ്ട്രയിലാണ് കർഷക ആത്മഹത്യ ഏറ്റവും കൂടുതൽ. 37.5 ശതമാനം പേരും മഹാരാഷ്ട്രയിൽ നിന്നാണ്. കർണാടകയിൽ 18.9 ശതമാനം കർഷകരും ആന്ധ്രാപ്രദേശിൽ 8.3 ശതമാനവും മധ്യപ്രദേശിൽ നിന്നും 6.9 ശതമാനവും റിപ്പോർട്ട് ചെയ്തപ്പോൾ ഛത്തീസ്ഗഡിൽ അഞ്ച് ശതമാനം കർഷക ആത്മഹത്യകളാണ് നടന്നത്.

പശ്ചിമ ബംഗാൾ, ബിഹാർ, നാഗാലാൻഡ്, ത്രിപുര, ഡൽഹി, ലഡാക്ക്, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളിൽ ഇക്കാലയളവിൽ കർഷക ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നും മന്ത്രി പറഞ്ഞു.

ആത്മഹത്യകളിൽ 86 ശതമാനവും ഭൂവുടമകളും ബാക്കിയുള്ള 14 ശതമാനം ഭൂരഹിതരുമായ കർഷകരായിരുന്നു. 17 സംസ്ഥാനങ്ങളിൽ, കർഷകരെക്കാൾ കൂടുതൽ കർഷകത്തൊഴിലാളികള്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്; ഏഴ് സംസ്ഥാനങ്ങളിൽ നേരെ മറിച്ചും. വെള്ളപ്പൊക്കം, വരൾച്ച, കടം, ജനിതകമാറ്റം വരുത്തിയ വിത്തുകളുടെ ഉപയോഗം, പൊതുജനാരോഗ്യം, കുറഞ്ഞ നിക്ഷേപം മൂലം വിളവ് കുറവ്, കുറഞ്ഞ അളവിലുള്ള കീടനാശിനികളുടെ ഉപയോഗം തുടങ്ങിയവയാണ് കർഷകർ ആത്മഹത്യ ചെയ്യുന്നതിനുള്ള കാരണങ്ങൾ. പ്രധാന കാരണം വായ്പ തിരിച്ചടയ്ക്കാനുള്ള കഴിവില്ലായ്മയാണ്.

Eng­lish Sum­ma­ry: Three years: 17,000 farm­ers killed in the country

You may like this video also

Exit mobile version