തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചരണം സജീവമായിരിക്കെ വികസന അജണ്ടയുമായി എല്‍ഡിഎഫ് മുന്നോട്ട് നീങ്ങുകയാണ്.എന്നാല്‍ ആവനാഴിയിലെ അമ്പെല്ലാം തീര്‍ന്ന അവസ്ഥയിലാണ് കോണ്‍ഗ്രസ്. സർക്കാരും എൽഡിഎഫും കഴിഞ്ഞആറുവർഷത്തെ വികസനങ്ങൾ തന്നെയാണ് പ്രധാന ചർച്ച. അക്കാര്യം ആദ്യമേ വ്യക്തമാക്കുകയും ചെയ്തൂ.
എന്നാല്‍ എന്തു പറയണമെന്നറിയാതെ ഉഴലുകയാണ് കോണ്‍ഗ്രസ്.കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പതിവുപോലെ എല്ലാവരെയും വെല്ലുവിളിക്കുമ്പോൾ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വികസന ചർച്ച വഴിതിരിച്ചു വിടാമോയെന്ന് പരിശ്രമിക്കുന്നുസഭയുടെ സ്ഥാനാർഥി, ബാഹ്യസമ്മർദം എന്നെല്ലാം ഇടത് സ്ഥാനാർഥിക്കെതിരെ ആരോപണം ഉന്നയിക്കാനും സതീശനും സുധാകരനും മടിച്ചില്ല. വികസനം ചർച്ചയായാൽ യുഡിഎഫിന് വരാവുന്ന അപകടത്തെക്കുറിച്ചുള്ള ആശങ്കയാണിത് വ്യക്തമാക്കുന്നത്.
എൽഡിഎഫ് സ്ഥാനാർഥിയെ തീരുമാനിച്ചതിൽ സിറോ മലബാർ സഭ ഇടപെട്ടെന്ന ആരോപണം ഉന്നയിച്ച് വർഗീയ ചേരിതിരിവിന് ശ്രമിച്ച പ്രതിപക്ഷ നേതാവിന്റെ തന്ത്രം തിരിച്ചടിച്ചു. സ്വന്തം പാളയത്തിൽനിന്നുതന്നെ വിമർശം ഉയർന്നതോടെ അങ്ങനെ പറഞ്ഞില്ലെന്ന് വി ഡി സതീശൻ മലക്കംമറിഞ്ഞു. രാഷ്‌ട്രീയം ചർച്ചയാക്കേണ്ട സാഹചര്യത്തിൽ സഭയെയും മറ്റും വലിച്ചിഴച്ചതിനെ മുതിർന്ന കോൺഗ്രസ് നേതാക്കൾ ശക്തമായി വിമർശിച്ചു.എൽഡിഎഫ് സ്ഥാനാർഥിയെ നിശ്ചയിച്ചതിൽ സഭയ്ക്കോ ബിഷപ്പിനോ പങ്കില്ലെന്നും നിക്ഷിപ്‌ത താൽപ്പര്യക്കാരാണ് അങ്ങനെ പ്രചരിപ്പിക്കുന്നതെന്നും തുറന്നടിച്ച് മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എറണാകുളത്തെ യുഡിഎഫ് ചെയർമാൻ ഡൊമനിക് പ്രസന്റേഷനും രംഗത്തെത്തി.
കെ സുധാകരനും വി ഡി സതീശനും ആലോചനയില്ലാതെ ഓരോന്ന് വിളിച്ചുപറഞ്ഞാണ് ഇത്തരമൊരു സാഹചര്യമുണ്ടായതെന്ന വികാരത്തിലാണ് തൃക്കാക്കരയിലെ പ്രാദേശിക കോൺഗ്രസ് നേതാക്കളും പ്രവർത്തകരും.കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും എറണാകുളത്തിന്റെയും കേരളത്തിലെ വികസനത്തിന്റെയും ചരിത്രം പഠിക്കട്ടെ എന്നാണ് കെ വി തോമസ് അടക്കമുള്ള മുതിർന്ന നേതാക്കൾ ഉപദേശിക്കുന്നത്. എന്തുകൊണ്ട് വികസന രാഷ്‌ട്രീയം ചർച്ചചെയ്യാൻ പ്രതിപക്ഷം തയ്യാറാകുന്നില്ല എന്നത് തൃക്കാക്കരയിലെ പ്രധാന ചോദ്യമാണ്. റോഡ്, റെയിൽ, ജല മെട്രോ, സിൽവർ ലൈൻ എന്നിങ്ങനെ സംയോജിത ഗതാഗതത്തിന്റെ കേന്ദ്രമായി തൃക്കാക്കര മാറാൻപോകുകയാണ്.
വ്യവസായരംഗവും കുതിച്ചുചാട്ടത്തിന് ഒരുങ്ങുന്നു. കോൺഗ്രസ് കേന്ദ്രവും കേരളവും ഭരിച്ചപ്പോഴും തിരിഞ്ഞുനോക്കാത്ത പദ്ധതികളാണ് നടപ്പാകുന്നത്. അത് ചർച്ചയായാൽ ഉത്തരംമുട്ടുമെന്ന് അറിയാവുന്ന കോൺഗ്രസ് നേതാക്കളാണ് മറ്റു വിഷയങ്ങളിലേക്ക് വഴിതിരിക്കുന്നത്.സഹതാപ തരംഗമല്ല വികസനമാണ് ചര്‍ച്ചയാകുന്നത്.ഭരണകക്ഷി എംഎല്‍എആണ് നാടിനാവശ്യമെന്നുതൃക്കാക്കരയിലെ ജനങ്ങള്‍ തരിച്ചറിഞ്ഞിരിക്കുന്നു. ആകാശ മെട്രോയും ജലമെട്രോയും കെ റെയിൽ അർധ അതിവേഗ റെയിലിന്റെ ജില്ലയിലെ ഏക സ്‌റ്റേഷനും സംഗമിക്കുമ്പോൾ കൊച്ചിയുടെ യാത്രാഹബ്ബായി മാറാനൊരുങ്ങുകയാണ് കേരളത്തിന്റെ സിലിക്കൺവാലി.
മുൻ തെരഞ്ഞെടുപ്പുകളുടെ വിജയപരാജയങ്ങളേക്കാൾ തൃക്കാക്കരയുടെ സമഗ്രവികസനം വിജയം നിർണയിക്കുന്ന തെരഞ്ഞെടുപ്പാകും ഇക്കുറി.വാട്ടർമെട്രോ സ്‌റ്റേഷൻ സംസ്ഥാന സർക്കാർ യാഥാർഥ്യമാക്കിയെങ്കിലും കാക്കനാട് ഇൻഫോപാർക്കിലേക്കുള്ള മെട്രോറെയിലിന് കേന്ദ്രാനുമതി അനന്തമായി നീളുകയാണ്. നിർദിഷ്‌ട കെ – റെയിലിനെ ബിജെപിയും കോൺഗ്രസും ഒറ്റക്കെട്ടായി എതിർക്കുകയാണ്. ഇൻഫോപാർക്കിന്റെ അടുത്തഘട്ടം വികസനത്തിന് തുടക്കമായതും തുതിയൂർ — എരൂർ പാലത്തിനും കാക്കനാട്–-തങ്കളം–-മൂവാറ്റുപുഴ റോഡിനും സംസ്ഥാന ബജറ്റിൽ തുക അനുവദിച്ചതും സംസ്ഥാന സർക്കാരിന്റെ നേട്ടമാണ്. തൃക്കാക്കരയുടെ വികസനം മുടക്കുന്ന യുഡിഎഫ്–-ബിജെപി ഗൂഢാലോചനയ്‌ക്കെതിരെ എൽഡിഎഫ് കാക്കനാട്ട് ജനകീയ പ്രതിഷേധസംഗമം സംഘടിപ്പിച്ചതോടെ വികസനചർച്ചകൾ പുതിയ ഘട്ടത്തിലേക്ക് നീങ്ങി.
ഒരു സീറ്റിന്റെ വ്യത്യാസത്തിലുള്ള ‘സെഞ്ച്വറി’തിളക്കം സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ നേടുകയാണ് എൽഡിഎഫ് ലക്ഷ്യം. വികസനത്തിന് ഒപ്പം മതനിരപേക്ഷ രാഷ്‌ട്രീയ’മാണ് എൽഡിഎഫ് മുന്നോട്ടുവയ്‌ക്കുന്നത്.യുഡിഎഫിന്റെയും ബിജെപിയുടെയും വികസന വിരുദ്ധ സമീപനം തുറന്നുകാട്ടാനുള്ള നല്ല അവസരമായും ഉപതെരഞ്ഞെടുപ്പിനെ കാണുന്നു. തൃക്കാക്കര യുഡിഎഫിന്റെ പൊന്നാപുരം കോട്ടയാണെന്നാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അവകാശ വാദം. എന്നാൽ, പൊന്നാപുരം കോട്ട ഇടിച്ചുനിരത്തുമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ തിരിച്ചടിച്ചിട്ടുണ്ട്.2008ലാണ് തൃക്കാക്കര മണ്ഡലം രൂപീകരിച്ചത്.
കൊച്ചി കോർപറേഷനിലെ 21 വാർഡുകളും തൃക്കാക്കര മുനിസിപ്പാലിറ്റി പൂർണമായും ഉൾപ്പെടുന്ന ഈ നഗരകേന്ദ്രീകൃത മണ്ഡലത്തിൽ മൂന്ന് തെരഞ്ഞെടുപ്പുകളിലും യുഡിഎഫാണ് ജയിച്ചത്. എന്നാൽ, ഈ പ്രദേശം ഉൾക്കൊള്ളുന്ന പഴയ എറണാകുളം നിയമസഭ, ലോക്‌സഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിൽ ഒന്നൊഴികെ എല്ലാം എൽഡിഎഫാണ് വിജയിച്ചത്.2011ൽ ആദ്യ തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ ബെന്നി ബഹനാൻ 22,406 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എൽഡിഎഫിലെ എം ഇ ഹസൈനാരെ പരാജയപ്പെടുത്തി.
2014ലെ ലോക്‌സഭാതെരഞ്ഞെടുപ്പിൽ എറണാകുളം പാർലമെന്റ് മണ്ഡലം സ്ഥാനാർഥി ഹൈബി ഈഡന് മണ്ഡലം 17,314 വോട്ടിന്റെ ഭൂരിപക്ഷമേ നൽകിയുള്ളൂ. 2016ൽ ബെന്നി ബഹനാനെ മാറ്റി, ഇടുക്കി പാർലമെന്റ് സീറ്റ് നിഷേധിക്കപ്പെട്ട പി ടി തോമസിന് ഇവിടെ സീറ്റ് നൽകി. മുൻ എംപിയും എംഎൽഎയുമായി ഡോ. സെബാസ്‌റ്റ്യൻ പോളായിരുന്നു എൽഡിഎഫ് സ്ഥാനാർഥി.ഭൂരിപക്ഷം 11,996 വോട്ടായി കുറഞ്ഞെങ്കിലും പി ടി തോമസ് വിജയിച്ചു.2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഹൈബി ഈഡനായിരുന്നു ഇവിടെയും ലീഡ്. 2021ലെ തെരഞ്ഞെടുപ്പിൽ പി ടി തോമസ് തന്നെ വീണ്ടും ജനവിധി തേടി. എൽഡിഎഫ് സ്വതന്ത്രൻ ഡോ. ജെ ജേക്കബ്ബിനെ 15,483 വോട്ടുകൾക്ക് പരാജയപ്പെടുത്തി.
വട്ടിയൂര്‍ക്കാവില്‍ വി കെ പ്രശാന്തിനെ സ്ഥാനാര്‍ത്ഥിയാക്കി വിജയിപ്പിച്ച സാഹചര്യമാണ് തൃക്കാക്കരയില്‍ ഉണ്ടാകുവാന്‍ പോകുന്നത്.കേരളം വികസന കുതിപ്പിലാണ്. ഐശ്വര്യ സമൃദ്ധമായ കേരളം സൃഷ്ടിക്കലാണ് ഇടതുപക്ഷത്തിൻ്റെ ചുമതല.പ്രളയങ്ങളും മഹാമാരിയും തൂത്തെറിയാൻ വന്നപ്പോൾ സർക്കാരും ഇടതുപക്ഷവും നെഞ്ചോടുചേർത്താണ് ഈ ജനതയെ രക്ഷിച്ചത്.
അപ്പോഴൊക്കെ സർക്കാരിനൊപ്പം ചേർന്ന് സമൂഹത്തിലിറങ്ങി പ്രവർത്തിക്കാൻ ഡോ. ജോ ജോസഫും കൂടെയുണ്ടായിരുന്നതും ജനങ്ങൾ കണ്ടതാണ്, അറിഞ്ഞതാണ്.രാഷ്‌ട്രീയപോരാട്ടത്തിൽ കേരളത്തിലെ ഏറ്റവും വലിയ നഗരത്തിന്റെ ഭാവി വികസനം ചർച്ച ചെയ്യും. നൂതന ഗതാഗത സംവിധാനത്തിന്റെ ഏറ്റവും വലിയ ആവശ്യക്കാരാണ് ഈ നഗരവാസികൾ.
English Summary: Thrikkakara by-election heats up; LDF calls for development; UDF
You may also like this video: