Site iconSite icon Janayugom Online

തൃക്കാക്കരയിൽ പോരാട്ടച്ചൂടേറുന്നു; ജോ ജോസഫ് ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് പോരാട്ടം ചൂട് പിടിക്കുമ്പോൾ എൽഡിഎഫ് വിജയപ്രതീക്ഷയില്‍. പ്രധാന മുന്നണികൾ പ്രചാരണത്തിരക്കിലേക്ക് ഇറങ്ങിയിട്ട് ദിവസങ്ങൾ പിന്നിടുമ്പോൾ ഇന്നലെയാണ് ബിജെപി അവരുടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫ് തന്റെ കന്നി പോരാട്ട വേദിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ്.

അന്തരിച്ച പി ടി തോമസിന്റെ ഭാര്യ ഉമാ തോമസാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. ബിജെപിക്ക് വേണ്ടി സംസ്ഥാന വൈസ് പ്രസിഡന്റ് എ എൻ രാധാകൃഷ്ണന്‍ മത്സരിക്കുന്നു. അറിയപ്പെടുന്ന ഹൃദ്രോഗ വിദഗ്ധനായ ജോ ജോസഫിനെ പരിചയമില്ലാത്തവരായി ആരും മണ്ഡലത്തിലില്ല. കഴിഞ്ഞ മൂന്ന് തവണ കൈവിട്ട തൃക്കാക്കര ഇക്കുറി ജോ ജോസഫിലൂടെ നേടി നിയമസഭാ അംഗബലം നൂറിലെത്തിക്കുകയാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്. ജോ ജോസഫ് ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കുന്നതോടെ പോരാട്ടച്ചൂടിന്റെ തീവ്രതയേറും.

12ന് എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മണ്ഡലം ഇക്കുറി ഇടതുപക്ഷത്തേക്ക് ചായ്ക്കുവാനാകുമെന്ന പ്രതീക്ഷയിലാണ് ജോ ജോസഫ്. വോട്ടർമാരുടെ പ്രതികരണം പ്രതീക്ഷ ഇരട്ടിയാക്കിയതായി ജോ ജോസഫ് പ്രതികരിച്ചു. നിലവിൽ 1,91,261 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. പൂർണമായും നഗരകേന്ദ്രീകൃത സ്വഭാവമുള്ള ജില്ലയിലെ ഏക മണ്ഡലമാണ് തൃക്കാക്കര. തൊട്ടടുത്ത് കിടക്കുന്ന കുന്നത്തുനാടും കളമശേരിയുമെല്ലാം പിടിച്ചെടുത്ത എൽഡിഎഫ് വികസന മുരടിപ്പിൽ വലയുന്ന തൃക്കാക്കരയ്ക്കും പുതിയ പ്രതീക്ഷയാണ്.

2008 ലെ പുനർനിർണയത്തോടെയാണ് തൃക്കാക്കര നിയമസഭാ മണ്ഡലം രൂപീകരിക്കപ്പെടുന്നത്. കൊച്ചി കോർപറേഷന്റെ 23 വാർഡുകളും, തൃക്കാക്കര നഗരസഭയും ഉൾപ്പെടുന്നതാണ് മണ്ഡലം. 2008 ൽ മണ്ഡലം രൂപീകൃതമായെങ്കിലും ആദ്യ തെരഞ്ഞെടുപ്പ് നടന്നത് 2011ലാണ്. യുഡിഎഫ് സ്ഥാനാർത്ഥിയായ ബെന്നി ബെഹന്നാൻ വിജയിച്ചു. 2016ലും 2021ലും പി ടി തോമസ് വിജയിച്ചു.

Eng­lish summary;Thrikkakara election

You may also like this video;

Exit mobile version