Site icon Janayugom Online

തൃക്കാക്കര സീറ്റ്: യുഡിഎഫ് നിലനിർത്തി; വോട്ടുയർത്തി ഇടതുമുന്നണി, ബിജെപി വോട്ടുകളില്‍ വന്‍ ചോര്‍ച്ച

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സീറ്റ് നിലനിർത്തി. 25,016 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫിലെ ഉമാ തോമസിന്റെ വിജയം. വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടുമുതൽ നേടിയ ലീഡ് അവസാന റൗണ്ടുവരെ നിലനിർത്തി. മണ്ഡലത്തിൽ ഇതുവരെയുള്ള ഉയര്‍ന്ന ഭൂരിപക്ഷമാണ് ഉമക്ക് ലഭിച്ചത്. ഉമ തോമസ് 72,770 (53.76 ശതമാനം) വോട്ട് നേടിയപ്പോൾ എൽഡിഎഫിലെ ഡോ. ജോ ജോസഫിന് 47,754 (35.28 ശതമാനം) വോട്ടുകള്‍ ലഭിച്ചു.

ബിജെപിയിലെ എ എൻ രാധാകൃഷ്ണൻ 12,957 (9.57 ശതമാനം), അനിൽ നായർ 100, ജോമോൻ ജോസഫ് 384, സി പി ദിലീപ് നായർ 36, ബോസ്കോ കളമശ്ശേരി 136, മന്മഥൻ 101 എന്നിങ്ങനെയാണ് മറ്റ് സ്ഥാനാര്‍ത്ഥികളുടെ വോട്ടുനില. നോട്ട 1111 വോട്ടുകൾ നേടി. 2011 ൽ ബെന്നി ബെഹന്നാൻ നേടിയ 22,406 ഭൂരിപക്ഷവും കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പി ടി തോമസിന്റെ 14,329 വോട്ടിന്റെ ഭൂരിപക്ഷവും ഉമ തോമസ് മറികടന്നു.

പി ടി തോമസ് എംഎൽഎയുടെ മരണത്തെത്തുടർന്നുണ്ടായ ഒഴിവിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 68.77 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരുന്നത്. പത്ത് തപാൽ വോട്ടുകളിൽ മൂന്നെണ്ണം അസാധുവായി. മണ്ഡലത്തിലെ ആകെ 1,96,805 വോട്ടർമാരിൽ 68,175 സ്ത്രീകളും 67,166 പുരുഷന്മാരും ഒരു ട്രാൻസ്ജെൻഡറും ഏഴ് തപാൽ വോട്ടുകളും ഉൾപ്പെടെ 1,35,349 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.

പരാജയം പൂർണമായും അംഗീകരിക്കുന്നുവെന്നും പാർട്ടി ഏൽപ്പിച്ച ജോലി താൻ ആത്മാർത്ഥമായി ചെയ്തുവെന്നാണ് വിശ്വാസമെന്നും എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫ് പറഞ്ഞു. അവസാന നിമിഷംവരെ ആത്മവിശ്വാസം ഉണ്ടായിരുന്നു. രാഷ്ട്രീയത്തിന് അതീതമായും കൂടെ നിന്ന എല്ലാവർക്കും പ്രവർത്തകർക്കും നന്ദി അറിയിക്കുന്നുവെന്നും പരാജയ കാരണം പാർട്ടി പരിശോധിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

 

വോട്ടുയർത്തി ഇടതുമുന്നണി

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ തോൽവി വഴങ്ങിയെങ്കിലും എല്‍ഡിഎഫ് വോട്ടുനില ഉയര്‍ത്തി. 2021 ൽ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജെ ജേക്കബിന് 45,510 വോട്ടാണ് ലഭിച്ചത്. ഇത്തവണ ജോ ജോസഫ് 47,754 വോട്ടുകൾ നേടി. 2244 വോട്ടുകൾ എൽഡിഎഫിന് കൂടുതലായി ലഭിച്ചു. വോട്ടുശതമാനം 2021 ലെ 33.32 ൽ നിന്ന് 35.28 ആയും ഉയര്‍ന്നു. ബിജെപിയും കഴിഞ്ഞ തവണ ആം ആദ്മി പാർട്ടിയും ട്വന്റി 20യും ചേർന്ന് നേടിയ വോട്ടുകളുമെല്ലാം യുഡിഎഫിന് അനുകൂലമായി മാറിയതോടെ വിജയം ഇടതുമുന്നണിയെ കൈവിട്ടു. ട്വന്റി 20 സ്ഥാനാർത്ഥി കഴിഞ്ഞ തവണ 13,897 വോട്ടുനേടിയിരുന്നു. ഇത്തവണ സ്ഥാനാർത്ഥിയെ നിർത്താതെ മനഃസാക്ഷി വോട്ടിനാണ് ആഹ്വാനം ചെയ്തത്. അത് യുഡിഎഫിന് അനുകൂലമായെന്ന് വോട്ടുകണക്കുകളും വിധി പ്രഖ്യാപനത്തിനുശേഷം അതിന്റെ നേതാക്കള്‍ നടത്തിയ പ്രതികരണങ്ങളും വ്യക്തമാക്കുന്നു. കഴിഞ്ഞ തവണ യുഡിഎഫിന് കിട്ടിയ 59,839 വോട്ട് ഇത്തവണ 72,770 ആയും ഭൂരിപക്ഷം 14,329 ൽ നിന്ന് 25,016 ആയും ഉയര്‍ത്താനായി. 2011 ൽ ബെന്നി ബഹന്നാൻ 22,406 വോട്ടിനും, 2016 ൽ പി ടി തോമസ്‌ 11,966 വോട്ടുകൾക്കുമാണ്‌ തൃക്കാക്കരയിൽ ജയിച്ചത്‌.

ബിജെപി വോട്ടുകളില്‍ വന്‍ ചോര്‍ച്ച

കൊച്ചി: കഴിഞ്ഞ തവണ ലഭിച്ച വോട്ടുകൾ പോലും നേടാൻ ബിജെപിക്ക് കഴിഞ്ഞില്ല. കെട്ടിവച്ച പണവും നഷ്ടമായി. 2021ല്‍ ബിജെപിക്ക് 15,483 വോട്ട് ലഭിച്ചിരുന്നു. സംസ്ഥാനത്തെ പ്രമുഖ നേതാവായ എ എൻ രാധാകൃഷ്ണൻ ഇക്കുറി മത്സരിച്ചപ്പോൾ വോട്ട് 12,957 ആയി കുറഞ്ഞു. ഏകദേശം മൂവായിരം വോട്ടുകളുടെ കുറവുണ്ട്. പി സി ജോർജിനെ രംഗത്തിറക്കി ക്രൈസ്തവ വോട്ട് ബാങ്കിലേക്ക് കയറി ചെല്ലാനുള്ള ബിജെപിയുടെ മോഹവും ഫലിച്ചില്ല.

ഇത്തവണ വലിയ രീതിയിൽ പ്രചരണം നടത്തി, ക്രൈസ്തവ വോട്ടുകൾ ലക്ഷ്യം വച്ച് ധ്രുവീകരണം നടത്തിയിട്ടും കിട്ടിയത് വെറും 12,588 വോട്ടുകൾ. കുറ്റമറ്റ രീതിയിൽ പ്രചരണം നടത്തിയെന്നായിരുന്നു ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ അവകാശവാദം. പക്ഷേ വോട്ട് പെട്ടിയിൽ വീണില്ല. ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് ക്രോസ് വോട്ടിങ് നടന്നതായി നേരത്തെ ആരോപണം ഉയർന്നിരുന്നു.

Eng­lish Sum­ma­ry: Thrikkakara seat: UDF retains; Mas­sive leak­age in votes of Left Front and BJP

You may like this video also

Exit mobile version