Site icon Janayugom Online

മദ്ദള കലാകാരന്‍ തൃക്കൂര്‍ രാജന്‍ അന്തരിച്ചു

പ്രമുഖ മദ്ദള കലാകാരന്‍ തൃക്കൂര്‍ രാജന്‍(83) അന്തരിച്ചു.  തൃശൂര്‍ പൂരം ഉള്‍പ്പെടെ കേരളത്തിലെ പ്രധാന ഉത്സവങ്ങളില്‍ മദ്ദളപ്രമാണിയായിട്ടുണ്ട്.  1987ല്‍ സോവിയറ്റ് യൂണിയനില്‍ നടന്ന ഭരതോത്സവത്തിന് പഞ്ചവാദ്യത്തിന് നേതൃത്വം നല്‍കിയത് തൃക്കൂര്‍ രാജനായിരുന്നു. 2011 ല്‍കേരള സര്‍ക്കാരിന്റെ പല്ലാവൂര്‍ പുരസ്‌കാരം നേടിയിട്ടുണ്ട്.

മദ്ദള വിദ്വാനായിരുന്ന തൃക്കൂര്‍ കിഴിയേടത്ത് കൃഷ്ണന്‍കുട്ടി മാരാരുടെയും മെച്ചൂര്‍ അമ്മുക്കുട്ടിയമ്മയുടെയും മകനാണ്. പതിനഞ്ചാമത്തെ വയസ്സില്‍ തൃക്കൂര്‍ മഹാദേവക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തോടനുബന്ധിച്ച് മദ്ദളം സ്റ്റൂളില്‍ വെച്ച് കേളി അരങ്ങേറ്റം നടത്തി. തുടര്‍ന്ന് പരിപാടികളില്‍ സ്ഥിരമായി പങ്കെടുത്തുതുടങ്ങി.

പ്രസിദ്ധ മദ്ദളകലാകാരന്മാരായ കടവല്ലൂര്‍ ഗോവിന്ദന്‍ നായര്‍, ചാലക്കുടി നാരായണന്‍ നമ്പീശന്‍, തൃക്കൂര്‍ ഗോപാലന്‍കുട്ടിമാരാര്‍ എന്നിവര്‍ക്കുശേഷം തിമിലാചാര്യനായിരുന്ന ചോറ്റാനിക്കര നാരായണമാരാര്‍ക്കൊപ്പം പാറമേക്കാവ് വിഭാഗത്തിലെ മദ്ദളപ്രമാണിയായി.

പാലക്കാട് നെന്മാറ വേലക്കാണ് ആദ്യം മദ്ദള പ്രമാണിയാവുന്നത്. തുടര്‍ന്ന് ഉത്രാളിപ്പൂരം, ഗുരുവായൂര്‍, തൃപ്പൂണിത്തുറ, തൃക്കൂര്‍ തുടങ്ങി കേരളത്തിലങ്ങോളമിങ്ങോളം അനവധി ക്ഷേത്രോത്സവങ്ങള്‍ക്ക് മദ്ദളക്കാരനും പ്രമാണിയുമായി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു. തൃശൂര്‍ പൂരത്തില്‍ ആദ്യം തിരുവമ്പാടിക്ക് വേണ്ടിയും പിന്നീട് പാറമേക്കാവിന് വേണ്ടിയും മദ്ദളം വായിച്ചു. ചെലേക്കാട്ട് ദേവകിയമ്മയാണ് ഭാര്യ. സുജാത, സുകുമാരന്‍, സുധാകരന്‍, സുമ എന്നിവര്‍ മക്കളാണ്. സംസ്‌കാരം പാറമേക്കാവ് ശാന്തിഘട്ടില്‍ നടന്നു.

You may also like this video:

Exit mobile version