ഗോള്‍ ത്രില്ലര്‍ കണ്ട മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വിജയം. യൂറോപ്പ ലീഗില്‍ ലിയോണിനെതിരായ രണ്ടാം പാദ ക്വാര്‍ട്ടറില്‍ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് വിജയിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സെമിഫൈനലില്‍ കടന്നു. ഇരുപാദങ്ങളിലുമായി 7–6ന്റെ വിജയത്തോടെയാണ് മാഞ്ചസ്റ്റര്‍ സെമിയില്‍ കടന്നത്. ആദ്യപകുതിയില്‍ യുണൈറ്റഡ് രണ്ട് ഗോളുകള്‍ക്ക് മുന്നില്‍ നിന്നു. 10-ാം മിനിറ്റില്‍ മാനുവല്‍ ഉഗാര്‍ട്ടയും ഇഞ്ചുറി സമയത്ത് ഡിയാഗോ ഡാലറ്റും ഗോള്‍ നേടിയതോടെ ആദ്യപകുതിയില്‍ 2–0ന് യുണൈറ്റഡ് മുന്നിട്ടുനിന്നു. 71, 77 മിനിറ്റുകളില്‍ ലിയോണ്‍ തിരിച്ചടിച്ച് സമനില കണ്ടെത്തി. 104-ാം മിനിറ്റില്‍ റയാന്‍ ചെക്രി നേടിയ ഗോളില്‍ ലിയോണ്‍ മുന്നിലെത്തി. 109-ാം മിനിറ്റില്‍ ലിയോണിന് അനുകൂലമായ പെനാല്‍റ്റി ലഭിച്ചു. കിക്കെടുത്ത അലക്സാണ്ടര്‍ ലക്കാസറ്റെ പന്ത് വലയിലെത്തിച്ചു. ഇതോടെ ലിയോണ്‍ വിജയം ഏകദേശമുറപ്പിച്ചു. എന്നാല്‍ പിന്നീട് കണ്ടത് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഗംഭീര തിരിച്ചുവരവാണ്.
14-ാം മിനിറ്റില്‍ പെനാല്‍റ്റി ഗോളാക്കി മാറ്റി ബ്രൂണോ ഫെര്‍ണാണ്ടസാണ് യുണൈറ്റഡിന്റെ തിരിച്ചുവരവിന് തുടക്കമിട്ടത്. 120-ാം മിനിറ്റില്‍ കോബിയോ മാനോ യുണൈറ്റഡിനെ ഒപ്പമെത്തിച്ചു. എക്‌സ്ട്രാ ടൈമിന്റെ ഇഞ്ചുറി ടൈമില്‍ ഹാരി മഗ്വെയിറിലൂടെ യുണൈറ്റഡ് ജയമുറപ്പിച്ചു. സെമിയില്‍ അത്‌ലറ്റിക് ക്ലബാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ എതിരാളി. മറ്റൊരു മത്സരത്തില്‍ ഐന്‍ട്രാക്റ്റ് ഫ്രാങ്ക്ഫര്‍ട്ടിനെ തോല്പിച്ച് ടോട്ടന്‍ഹാം സെമിയില്‍ കടന്നു. രണ്ടാം പാദ ക്വാര്‍ട്ടറില്‍ ഏകപക്ഷീയമായ ഒരു ഗോള്‍ വിജയമാണ് ടോട്ടന്‍ഹാം സ്വന്തമാക്കിയത്. 43-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഡൊമിനിക് സോളങ്കെയാണ് വിജയഗോള്‍ കണ്ടെത്തിയത്. ഇരുപാദങ്ങളിലുമായി 2–1ന്റെ വിജയത്തോടെയാണ് യുണൈറ്റഡ് സെമിയില്‍ കടന്നത്.

