Site iconSite icon Janayugom Online

പൂരാവേശം; വാനോളം

നെയ്തലക്കാവ് ഭഗവതി ഇന്ന് രാവിലെ 11.30ഓടെ വടക്കുംനാഥന്റെ തെക്കെ ഗോപുരനട തുറന്നതോടെ തൃശൂർ പൂരത്തിന്റെ വിളംബരമായി. പൂരത്തിന്റെ വിസ്മയക്കാഴ്ചകൾ നാളെ മണ്ണിലും വിണ്ണിലും സമൃദ്ധമാകും. മേളത്തിന്റെയും കുടമാറ്റത്തിന്റെയും കരിമരുന്നിന്റെയും കരിവീരന്മാരുടെയും തികവു മാത്രമല്ല തൃശൂർ പൂരത്തെ സമ്പന്നമാക്കുന്നത്. നഗരത്തെയാകെ ഉത്സലഹരിയിലാക്കുന്ന നിറക്കാഴ്ചകളാണ് പൂരങ്ങളുടെ പൂരം സമ്മാനിക്കുന്നത്. കാഴ്ച്ചക്കാർക്ക് അതൊരു അസുലഭ അനുഭവമാകുകയാണ്. പൂരത്തിനായി ലോകത്തിന്റെ നാനാ ദിക്കുകളിൽ നിന്നും ദേശക്കാരെത്തുമ്പോൾ, കേട്ടറിഞ്ഞെത്തുന്നവർ അതിലും എത്രയോ ഇരട്ടിയാണ്. സാമ്പിളിനും തെക്കെ ഗോപുരനട തുറക്കുന്ന ചടങ്ങിനും എത്തിയ ആയിരങ്ങൾ പൂരാവേശത്തെ വാനോളമുയർത്തി. വടക്കുംനാഥന്റെ സന്നിധിയിൽ നടക്കുന്ന തൃശൂർ പൂരത്തിന്റെ രണ്ട് പ്രധാന പങ്കാളി ക്ഷേത്രങ്ങൾ തിരുവമ്പാടിയും പാറമേക്കാവുമാണ്. കൂടെ സമീപ ദേശങ്ങളിലെ എട്ടു ഘടക ക്ഷേത്രങ്ങളുമുണ്ട്. വെടിക്കെട്ടും കുടമാറ്റവുമെല്ലാം പ്രധാന പങ്കാളി ക്ഷേത്രങ്ങളുടെ നേതൃത്വത്തിലാണ് നടക്കുക. 

ക്ഷേത്രത്തിൽ നിന്നും അതിരാവിലെ പുറപ്പെടുന്ന കണിമംഗലം ശാസ്താവ്, നെയ്തലക്കാവിലമ്മ തുറന്നിട്ട തെക്കെഗോപുര വാതിലിലൂടെ വടക്കുനാഥനിലേക്ക് പ്രവേശിക്കുന്നതോടെ ആദ്യ പൂരമെത്തി. തെക്കെ ഗോപുരം വഴിയെത്തുന്ന ഏക ഘടക പൂരവും കണിമംഗലം ശാസ്താവിന്റേതാണ്. വെയിലെത്തുന്നതിനു മുൻപ് വടക്കുംനാഥനെ വണങ്ങി പടിഞ്ഞാറെ നടവഴി 9 ആനകളുടെ അകമ്പടിയോടെ ശാസ്താവ് വടക്കുനാഥനിൽ നിന്നും ഇറങ്ങുന്നു. ഇതിനു ശേഷമാണ് മറ്റു ഏഴ് ഘടകപൂരങ്ങളും ഒന്നിനും പുറകെഒന്നായി നിശ്ചിത സമയക്രമത്തിൽ പൂരപറമ്പിലേക്ക് എത്തുന്നത്. ഇവയെല്ലാം മറ്റു മൂന്നു ഗോപുരങ്ങളിലൂടെ വടക്കുംനാഥനിലേക്ക് പ്രവേശിക്കും. 

കോങ്ങാട് മധുവിന്റെ പ്രാമാണികത്വത്തിൽ ബ്രഹ്മസ്വം മഠത്തിൽ നിന്നും തിരുവമ്പാടിയുടെ പ്രശസ്തമായ മഠത്തിൽ വരവ് പഞ്ചവാദ്യവും കിഴക്കൂട്ട് അനിയൻമാരാരുടെ ചെമ്പടമേളത്തോടെ പാറമേക്കാവ് ഭഗവതിയും വടക്കുംനാഥനിൽ എഴുന്നെള്ളിയെത്തും. തുടർന്ന് കിഴക്കൂട്ടിന്റെ നേതൃത്വത്തിൽ രണ്ടര മണിയോടെ മേളം ആരംഭിക്കും. വടക്കുംനാഥന്റെ പ്രസിദ്ധമായ ഇലഞ്ഞിത്തറയിൽ 250 ഓളം വാദ്യകലാകാരന്മാരെ അണിനിരത്തി കിഴക്കൂട്ടിന്റെ ഇലഞ്ഞിതറമേളം. മേളത്തിനു ശേഷം പാറമേക്കാവ് ഭഗവതി വടക്കുംനാഥനെ വണങ്ങി തെക്കോട്ടിറങ്ങി കോർപ്പറേഷൻ ഓഫീസിനു മുന്നിലെ പ്രതിമ വലംവച്ച് തെക്കെഗോപുരത്തിന് അഭിമുഖം നിലയുറപ്പിക്കുന്നതോടെ മറുപുറത്ത് തിരുവമ്പാടിയും തയ്യാറായിട്ടുണ്ടാകും. ഇതോടെ വിശ്വപ്രസിദ്ധമായ കുടമാറ്റം ആരംഭിക്കുകയായി. കുടമാറ്റത്തിന് ശേഷം രാത്രി, ഘടക പൂരങ്ങളുടെ എഴുന്നള്ളിപ്പ് ആവർത്തിക്കും. പുലർച്ചയാണ് വെടിക്കെട്ട്. പിറ്റേന്ന് ദേശക്കാരുടെ പകൽപ്പൂരത്തിന് ശേഷം ഉച്ചക്ക് ഒരു മണിയോടെ വടക്കുംനാഥന്റെ ശ്രീമൂലസ്ഥാനത്ത് പാറമേക്കാവ്-തിരുവമ്പാടി ഭഗവതിമാർ ഉപചാരം ചൊല്ലിപ്പിരിയുന്നതോടെ ഈ വർഷത്തെ പൂരത്തിന് സമാപനമാകും. 

Exit mobile version