Site icon Janayugom Online

പുലികളുടെ പൂരനഗരി; ജനസാഗരത്തെ ആവേശത്തിലാക്കി തൃശൂരിൽ പുലിക്കൂട്ടമിറങ്ങി

ശക്തന്റെ തട്ടകത്തിൽ ആവേശം വിതറി നിറഞ്ഞാടിയ പുലിക്കൂട്ടങ്ങൾ നഗരം കീഴടക്കി. അരമണികൾ കിലുക്കി താളത്തിനനുസരിച്ച് പുലിവീരന്മാരും പെൺപുലികളും കുട്ടിപുലികളുമുൾപ്പെടെ 250ൽപരം മനുഷ്യപ്പുലികളാണ് സാംസ്കാരിക തലസ്ഥാനത്തെ കിടിലം കൊള്ളിച്ചത്. വൈകിട്ട് നാല് മുതൽ എട്ട് വരെ നഗരം കീഴടക്കി പുലിക്കൂട്ടങ്ങൾ നിറഞ്ഞാടി. വൈകിട്ടോടെ സ്വരാജ് റൗണ്ടിൽ കാഴ്ചക്കാരുടെ ആവേശത്തിന് തിരികൊളുത്തി പുലിപ്പട നിരന്നപ്പോൾ നഗരത്തിലെ വഴികളെല്ലാം അങ്ങോട്ടായി. പുലിക്കളിയുടെ അവിഭാജ്യഘടകങ്ങളായ നിശ്ചല ദൃശ്യങ്ങളും താളമേളങ്ങളും വർണക്കടലാസുകൾ കൊണ്ടലങ്കരിച്ച പുലിക്കൂടുകളും ഒക്കെച്ചേർന്ന് കലാ-കായിക കലകളുടെ സമ്മിശ്ര മേളയായി മാറുന്ന പുലിക്കളി ഒരോ വർഷം പിന്നിടുമ്പോഴും നവ്യാനുഭൂതികളിലേക്ക് കുതിക്കുകയാണ്.
ഇന്നലെ പുലർച്ചെ ഒരു മണിയോടെ പുലിമടകളിൽ ചമയ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. വിയ്യൂർ സെന്റർ, ശക്തൻ പുലിക്കളി സംഘം, സീതാറാം മിൽ ദേശം, അയ്യന്തോൾ ദേശം, കാനാട്ടുകര ദേശം എന്നിവരാണ് ഇക്കൊല്ലം തൃശൂരിനെ പുലിത്താളത്തിൽ ആറാടിച്ചത്. നിറങ്ങളിലും വേഷങ്ങളിലും ടാബ്ലോകളിലും ഓരോ ദേശങ്ങളും വ്യത്യസ്തത പുലർത്തി. ഇത്തവണ സീതാറാം മിൽ ദേശത്തോടൊപ്പമാണ് പെൺപുലികൾ ഇറങ്ങിയത്.

മാലിന്യ മുക്ത നവകേരളവും 2023 സീറോ വേയ്സ്റ്റ് കോർപറേഷൻ ക്യാമ്പയിനുകൾ മുൻനിർത്തികൊണ്ടുള്ള നിശ്ചല ദൃശ്യങ്ങളും ശ്രദ്ധേയമായി. ഈ വർഷം തൃശൂർ കോർപറേഷൻ ഓരോ പുലിക്കളി സംഘത്തിന്നും 2,50,000 രൂപ വീതമാണ് നൽകുന്നത്. പുലിക്കളിക്ക് ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 62,500, 50,000, 43,750 രൂപയും നിശ്ചല ദൃശ്യത്തിന് യഥാക്രമം 40,000, 35,000, 30,000 രൂപ വീതമാണ് സമ്മാനം.
നഗരത്തിൽ വാഹന നിയന്ത്രണം കർശനമാക്കാൻ പൊലീസ് മുൻ കരുതലുകൾ സ്വീകരിച്ചെങ്കിലും ജനത്തിരക്കിനാൽ നഗര പരിസരങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. ദേശാന്തരങ്ങൾ കടന്ന പുലിക്കളിപ്പെരുമയുടെ ദൃശ്യസാക്ഷാത്ക്കാരത്തിന് സാക്ഷികളാകാൻ വിദേശികളുൾപ്പെടെയുള്ളവർ നഗരത്തിൽ എത്തിയിരുന്നു.

Exit mobile version