Site iconSite icon Janayugom Online

തൃശൂർ സുവോളജിക്കൽ പാർക്ക് നാടിന് സമര്‍പ്പിച്ചു

തൃശൂർ നിവാസികളുടെ ദീർഘകാലത്തെ സ്വപ്നം സാക്ഷാത്കരിച്ചുവെന്നും ഇതിന് കാരണം ജനങ്ങൾ സമ്മാനിച്ച തുടർഭരണമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൃശൂർ സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പല പദ്ധതികളെയും പോലെ പാതിയിൽ മന്ദീഭവിക്കുന്ന സ്ഥിതി പുത്തൂർ സുവോളജിക്കൽ പാർക്കിന് ഉണ്ടായില്ല. നാലു പതിറ്റാണ്ട് നീണ്ട ജനങ്ങളുടെ കാത്തിരിപ്പിനാണ് വിരാമമായത്. വൈലോപ്പിള്ളിയെ പോലെ പലരുടെയും ആഗ്രഹമാണ് സഫലമായതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രകൃതി ദുരന്തങ്ങളും കോവിഡ് മഹാമാരിയും ഉൾപ്പെടെയുള്ള പ്രതിസന്ധികളെ അതിജീവിച്ചാണ് പാർക്ക് യാഥാർത്ഥ്യമാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

341 കോടി രൂപ കിഫ്ബിയില്‍ നിന്ന് ചെലവഴിച്ചു. കിഫ്ബി നാടിന്റെ മുന്നേറ്റത്തിന് സഹായിച്ചുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മുൻകാലത്ത് സർക്കാരുകൾ അടച്ചു പൂട്ടാൻ തീരുമാനിച്ചിരുന്ന സ്കൂളുകളെ സംരക്ഷിക്കാർ കഴിഞ്ഞു. 5,000 കോടി പൊതു വിദ്യാഭ്യാസ രംഗത്ത് സർക്കാർ സ്കൂളുകളുടെ നവീകരണത്തിന് ഉപയോഗിച്ചു. സ്കൂളുകൾ സ്മാർട്ട് സ്കൂളുകളും ഹൈടെക് സ്കൂളുകളുമായി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി. ആശുപത്രികളിൽ സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങൾ വന്നു. ലോകം അത്ഭുതത്തോടെയാണ് നമ്മുടെ നാടിനെ വീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. റവന്യു മന്ത്രി കെ രാജൻ സ്വാഗതം പറഞ്ഞു. മന്ത്രിമാരായ ആർ ബിന്ദു, കെ എൻ ബാലഗോപാൽ, റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ്, കെ രാധാകൃഷ്ണന്‍ എംപി, മേയർ എം കെ വർഗീസ്, മുൻ മന്ത്രിമാരായ കെ പി രാജേന്ദ്രൻ, അഡ്വ. കെ രാജു, വി എസ് സുനിൽകുമാർ, സിപിഐ ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദൻ, പി ബാലചന്ദ്രന്‍ എംഎല്‍എ, വിവിധ കക്ഷിനേതാക്കൾ, സമൂഹിക രംഗത്തെ പ്രമുഖർ തുടങ്ങിയവര്‍ പങ്കെടുത്തു.

Exit mobile version