തൂവെണ്മയേറിയ നിന്നഴകിൽ
കൊതിക്കുന്നു ഞാനെന്നും നിന്നിതളിൽ
വിരിയുന്ന ഒരു കൊച്ചു സുന്ദരിയായ്
മനം കുളിരായെന്റെ തുമ്പപ്പൂവേ
തൂലിക തുമ്പിൽ വിരിയും നിൻ കവിതകൾ
ചൊല്ലി നടക്കുന്നു മലയാളി മക്കളും
കണ്ണിനു കുളിരേകും നിന്നഭൗമ സൗന്ദര്യം
നുകരുവാൻ കൊതിക്കുന്നു എത്രയോ വണ്ടുകൾ
പരിമളം വീശും കുളിർക്കാറ്റലകളിൽ
മതിമറന്നവളോ കുണുങ്ങിച്ചിരിച്ചു
പുലരി തൻ താളത്തിൽ
നൃത്തചുവടുകൾ വച്ചു
തലയാട്ടി നിൽക്കുന്നു തുമ്പപ്പൂവ്
കോടമഞ്ഞിൻ കണങ്ങൾ നിൻ
മെയ്യിലായ് തീർത്ഥം തളിക്കുന്നു
തുമ്പികൾ മുത്തമിട്ടു പാറിടുമ്പോൾ
ലജ്ജിച്ചവളോ തല താഴ്ത്തി നിൽക്കുന്നു
സൂര്യൻ വെള്ളി വെളിച്ചം വിതറി
ഉണരും മുമ്പേ
കണിയായവളോ വിടർന്നു നിന്നിടുന്നു
വിനയത്തിനു പ്രതീകമായവൾ
തൃക്കാക്കരയപ്പനേറെ പ്രിയങ്കരിയും
പറിച്ചു നടാത്ത പാവമാ ചെടിയെ
വെട്ടി നിരത്തി രസിക്കുന്നു മനിതർ
അത്തത്തിനാദ്യപുഷ്പമായ് വിലസുന്ന
സുന്ദര ഗാത്രിയാം തുമ്പയെനിക്കേറെയിഷ്ടം