Site iconSite icon Janayugom Online

തിരുപ്രംകുണ്ഡ്രം ദീപത്തൂണ്‍ വിവാദം: മദ്രാസ് ഹൈക്കോടതി മധുരൈ ബെഞ്ചിന്റെ വിധിക്കെതിരെ വിമര്‍ശനവുമായി തോള്‍ തിരുമാവളവന്‍

തിരുപ്രംകുണ്ഡ്രം ദീപത്തൂണ്‍ വിവാദത്തില്‍ മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ചിന്റെ വിധിക്കെതിരെ വിമര്‍ശനവുമായി വിടുതലൈ ചിരുതൈകള്‍കച്ചി (വിസികെ ) പ്രസിഡന്റ് തോള്‍ തിരുമാവളവന്‍ .ഈ വിധി ജുഡീഷ്യറിലിയുള്ള ജനങ്ങളുടെ വിശ്വാസം തകര്‍ക്കുന്നതാണെന്നും തമിഴ്‌നാട്ടിലെ സാമുദായിക ഐക്യത്തിന് ഭീഷണയുയര്‍ത്തുന്നതാണെന്നും വിസികെ പറഞ്ഞു. വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഹൈക്കോടതി വിധി ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും കാലങ്ങളായുള്ള സംസ്ഥാനത്തിന്റെ മതസൗഹാര്‍ദപാരമ്പര്യത്തെ തകര്‍ക്കുന്നതാണെന്നും തോള്‍ തിരുമാവളവന്‍ പറഞ്ഞു.കാലങ്ങളായി തിരുപ്രംകുണ്ഡ്രം താഴ്‌വാരത്തുള്ള ഉച്ചിപ്പിള്ളയാര്‍ ക്ഷേത്രത്തിന് സമീപത്തുള്ള തൂണിലാണ് കാര്‍ത്തിക ദീപം തെളിയിച്ചുവരുന്നതെന്നും നേരത്തെയുണ്ടായിരുന്ന എല്ലാ കോടതി വിധികളും ഈ രീതി അംഗീകരിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ദര്‍ഗയ്ക്ക് സമീപം വിളക്ക് തെളിയിക്കാനുള്ള വിഘടനവാദികളുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തെളിവുകള്‍ ഹാജരാക്കേണ്ട ഉത്തരവാദിത്തം ഹരജിക്കാരന് പകരം സംസ്ഥാന സര്‍ക്കാരിന്റെ മേല്‍ അടിച്ചേല്‍പ്പിച്ച കോടതി നടപടികളെയും അദ്ദേഹം വിമര്‍ശിച്ചു.തെളിവുകള്‍ക്ക് പകരം വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ വിധികള്‍ പുറപ്പെടുവിക്കുന്ന പ്രവണത വര്‍ധിച്ചുവരികയാണെന്നും, ഇത് മതനിരപേക്ഷത ഉള്‍പ്പെടെയുള്ള ഭരണഘടനാ മൂല്യങ്ങളെ ദുര്‍ബലപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി തിരുപ്രംകുണ്ഡ്രം മലമുകളിലെ സിക്കന്ദര്‍ ബാദ്ഷാ ദര്‍ഗയ്ക്ക് സമീപത്തുള്ള ദീപത്തൂണ്‍ എന്ന് വിളിക്കുന്ന നിര്‍മിതിയില്‍ വിളക്ക് തെളിയിക്കണമെന്നാവശ്യപ്പെട്ടാണ് തീവ്രഹിന്ദുത്വവാദികള്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.

ഈ നിര്‍മിതി ജൈനകാലത്തുള്ളതാണെന്നും ഇതിന് ജൈന നിര്‍മിതിക്ക് ഹിന്ദുമതവുമായി ബന്ധമില്ലെന്നുമാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.ഈ ശിലാസ്തംഭം ക്ഷേത്രത്തിന്റെ ഭാഗമല്ലെന്ന് തമിഴ്‌നാട് ഹിന്ദുമത ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് ബോര്‍ഡും (ടിഎന്‍എച്ച്ആര്‍ ആന്‍ഡ് സിഇ) കോടതിയെ അറിയിച്ചിരുന്നു.എന്നാല്‍, ചരിത്രപരമോ രേഖാമൂലമുള്ളതോ ആയ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഇവിടെ വിളക്ക് തെളിയിക്കാന്‍ അനുമതി നല്‍കിയത്.

Exit mobile version