Site iconSite icon Janayugom Online

കശ്മീര്‍ ഗവര്‍ണറുടെ വാദം തള്ളി ഗാന്ധിയുടെ ചെറുമകന്‍

രാഷ്ട്രപിതാവിന് ഒരു യൂണിവേഴ്സിറ്റി ബിരുദം പോലുമില്ലെന്ന ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ വാദം തള്ളി മഹാത്മാഗാന്ധിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധി.

ഗാന്ധിജി ലണ്ടന്‍ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന ലോ കോളേജായ ഇന്നര്‍ ടെമ്പിളില്‍ നിന്ന് നിയമ ബിരുദം നേടിയിട്ടുണ്ടെന്നും കൂടാതെ രണ്ട് ഡിപ്ലോമകളും അദ്ദേഹത്തിനുണ്ടെന്നും തുഷാര്‍ ഗാന്ധി പറഞ്ഞു. ഒന്ന് ലാറ്റിന്‍ ഭാഷയിലും മറ്റൊന്ന് ഫ്രഞ്ച് ഭാഷയിലാണെന്നും അദ്ദേഹം ട്വിറ്റില്‍ കൂട്ടിചേര്‍ത്തു.

വ്യാഴാഴ്ച ഐടിഎം ഗ്വാളിയോറില്‍ റാം മനോഹര്‍ ലോഹ്യ സ്മാരക പ്രഭാഷണത്തില്‍ മുഖ്യപ്രഭാഷണം നടത്തവെയാണ് എംകെ ഗാന്ധിയുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച്‌ സിന്‍ഹ സംസാരിച്ചത്. മഹാത്മാഗാന്ധിക്ക് ഒരു യൂണിവേഴ്സിറ്റി ബിരുദമോ യോഗ്യതയോ ഇല്ലെന്നും ഹൈസ്‌കൂള്‍ ഡിപ്ലോമ മാത്രമായിരുന്നു യോഗ്യതയെന്നും സിന്‍ഹ പറഞ്ഞിരുന്നു. പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വലിയ പരിഹാസത്തിന് വഴിതെളിച്ചു.

മഹാത്മാഗാന്ധിയുടെ ആത്മകഥയുടെ ഒരു പകർപ്പ് താന്‍ ജമ്മുവിലെ രാജ്ഭവനിലേക്ക് അയച്ചതായും തുഷാര്‍ ഗാന്ധി അറിയിച്ചു, ലെഫ്റ്റനന്‍റ് ഗവർണർക്ക് വായിക്കാൻ കഴിയുമെങ്കിൽ അദ്ദേഹം സ്വയം വായിച്ച് മനസിലാക്കട്ടെ, തുഷാര്‍ ഗാന്ധി ട്വീറ്റില്‍ കുറിച്ചു.

 

Eng­lish Sam­mury: Gand­hi’s grand­son thushar gand­hi rejects Kash­mir Gov­er­nor’s claim

 

Exit mobile version