Site iconSite icon Janayugom Online

ഗുജറാത്തിൽ പുലിയുടെ ആക്രമണം; അമ്മയുടെ കൈയിലിരുന്ന കുഞ്ഞിനെ വലിച്ചിഴച്ചു കൊണ്ടുപോയി, ഒരു വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം

ഗുജറാത്തിലെ ട്രാംബക്പൂർ ഗ്രാമത്തിൽ പുലിയുടെ ആക്രമണത്തിൽ ഒരു വയസ്സുകാരി കൊല്ലപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരം 6 മണിയോടെയാണ് സംഭവം നടന്നതെന്ന് സംസ്ഥാന വനംവകുപ്പ് പ്രസ്താവനയിൽ അറിയിച്ചു. ട്രാംബക്പൂർ ഗ്രാമത്തിലെ അർജുൻ നിനാമയുടെ മകളാണ് കൊല്ലപ്പെട്ടത്. വീട്ടിൽ പാചകം ചെയ്തുകൊണ്ടിരുന്ന അമ്മയുടെ അരികിൽ ഇരിക്കുകയായിരുന്നു കുട്ടിയെ പുള്ളിപ്പുലി പെട്ടെന്ന് വലിച്ചിഴച്ചുകൊണ്ടുപോവുകയായിരുന്നു. അമ്മ പുലിയെ ഓടിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അമ്രേലി വന്യജീവി സങ്കേതത്തിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ മാത്രം അകലെയുള്ള വീടിനടുത്താണ് പിന്നീട് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. 

വനവകുപ്പും പൊലീസും സ്ഥലത്തെത്തി കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുള്ളിപ്പുലിയെ പിടികൂടുന്നതിനായി ദൽഖാനിയ റേഞ്ച് പ്രദേശത്ത് ഏഴ് കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്. മധ്യപ്രദേശ് സ്വദേശിയായ അർജുൻ നിനാമ ട്രാംബക്പൂർ ഗ്രാമത്തിൽ കർഷകത്തൊഴിലാളിയായി ജോലി ചെയ്യുകയാണ്. നേരത്തെ, ബുധനാഴ്ച ഗിർ സോമനാഥ് ജില്ലയിലെ ഗിർ ഗധാഡ താലൂക്കിൽ രണ്ട് വയസ്സുള്ള ഒരു പെൺകുട്ടിയെ സിംഹം ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു.

Exit mobile version