Site iconSite icon Janayugom Online

പുലിയെ വെട്ടികൊന്ന സംഭവം; ആദിവാസിയുവാവിന് കേസില്ല പകരം ധനസഹായം

മാങ്കുളത്ത് ആദിവാസിയുവാവ് പുലിയെ വെട്ടികൊന്ന സംഭവത്തില്‍ കേസെടുക്കില്ല. ഗോപാലന്‍ സ്വയരക്ഷയ്ക്കാണ് പുലിയെ വെട്ടിയതെന്ന് മാങ്കുളം റേഞ്ച് ഓഫീസര്‍ക്ക് ബോധ്യപ്പെട്ടു. ചികിത്സയില്‍ കഴിയുന്ന ഗോപാലന് 5000 രൂപയാണ് വനംവകുപ്പ് ധനസഹായം നല്‍കിയത്. മാങ്കുളം റേഞ്ച് ഓഫീസര്‍ ബി പ്രസാദ് ആശുപത്രിയിലെത്തി തുക കൈമാറി. പുലിയുടെ അടിയേറ്റ് ഗോപാലന്റെ കൈയുടെ എല്ലിന് ക്ഷതമുണ്ടായിരുന്നു.

പ്രാണരക്ഷാര്‍ഥം കൊലപ്പെടുത്തിയ പുലിയുടെ മൃതദേഹപരിശോധന നടത്തി. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പ്രാഥമികനിഗമനം. ദേശീയ കടുവനിര്‍ണയസമിതിയുടെ നേതൃത്വത്തിലായിരുന്നു മൃതദേഹപരിശോധന. സമിതി തിങ്കളാഴ്ച യോഗം ചേര്‍ന്ന് മൃതദേഹപരിശോധനാ റിപ്പോര്‍ട്ട് വനംവകുപ്പിന് കൈമാറും. പുലിയുടെ ജഡം മാങ്കുളം റേഞ്ച് ഓഫീസിന് സമീപം ദഹിപ്പിച്ചു.

ശനിയാഴ്ച രാവിലെ ഏഴോടെ മാങ്കുളം ചിക്കണംകുടിലായിരുന്നു കൃഷിയിടത്തിലേക്ക് പോകവേ ആക്രമിക്കാനെത്തിയ പുലിയെ ചിക്കണംകുടി സ്വദേശിയായ ഗോപാലന്‍ വാക്കത്തികൊണ്ട് വെട്ടിക്കൊന്നത്. പത്തുവയസ്സ് പ്രായമുള്ള പെണ്‍പുലിയാണ് ചത്തത്. പുലികളുടെ ആയുസ്സ് 13 വര്‍ഷമാണ്. പല്ലുകള്‍ കൊഴിഞ്ഞുപോയിരുന്നതിനാല്‍, തീറ്റതേടിയാണ് ഇത് ജനവാസമേഖലയിലേക്കിറങ്ങിയതെന്നാണ് വനംവകുപ്പിന്റെ നിഗമനം.

Eng­lish sum­ma­ry; Tiger killing inci­dent; Adi­vasi youth has no case and finan­cial assis­tance instead
You may also like this video;

Exit mobile version