ചെങ്ങറ ഹാരിസൺ മലയാളം പ്ലാന്റേഷൻ കുമ്പഴ എസ്റ്റേറ്റിൽ കടുവയെ കണ്ടതിനെ തുടർന്ന് വനം വകുപ്പ് അധികൃതർ ഡ്രോൺ നിരീക്ഷണം ആരംഭിച്ചു. കോന്നി എംഎൽഎ അഡ്വ.കെ.യു ജനീഷ്കുമാർ,വനം വകുപ്പ് അധികൃതർ എന്നിവരുടെ സാന്നിധ്യത്തിലാണ് ഡ്രോൺ നിരീക്ഷണം നടത്തിയത്. ആദ്യഘട്ട പരിശോധനയിൽ ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞില്ല. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാംപ് ചെയ്താണ് പ്രവർത്തനം നടക്കുന്നത്. പ്രദേശത്തെ കാടുകൾ നിറഞ്ഞ സ്ഥലങ്ങൾ,റബ്ബർ തോട്ടങ്ങൾ, ആളുകൾ കടുവയുടെ സാന്നിധ്യം ഉണ്ടെന്ന് അറിയിച്ച സ്ഥലങ്ങൾ എന്നിവടങ്ങളിൽ എല്ലാം വനം വകുപ്പ് അധികൃതർ പരിശോധന നടത്തി വരുന്നുണ്ട്. പ്രദേശത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നത്തിനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ട്രോൺ നിരീക്ഷണം നടത്തുവാനും പ്രദേശത്ത് ക്യാമറകൾ സ്ഥാപിക്കുന്നതിനുമുള്ള തീരുമാനമെടുത്തത്. രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് വനം വകുപ്പ് അധികൃതർ പരിശോധന നടത്തി വരുന്നത്.
വനം വകുപ്പ് അധികൃതർ നടത്തുന്ന ഡ്രോൺ പരിശോധനയിൽ കടുവയെ കണ്ടെത്തിയാൽ പ്രദേശത്ത് കൂട് സ്ഥാപിച്ച് കടുവയെ പിടികൂടുവാൻ കഴിഞ്ഞ ദിവസം ചേർന്ന യോഗം തീരുമാനിച്ചിരുന്നു. ദേശീയ കടുവ സംരക്ഷണ സമിതിയുടെ നിർദേശങ്ങൾ അനുസരിച്ചായിരിക്കും ഇതിൻ്റെ പ്രവർത്തനങ്ങൾ മുന്നോട്ട് പോവുക. കോന്നി ഡിഎഫ്ഓ ആയുഷ്കുമാർ കോറി, കോന്നി റെയ്ഞ്ച് ഓഫീസർ അനിൽ കുമാർ, ഞള്ളൂർ ഫോറെസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ നൗഷാദ്,കോന്നി ആർ ആർ റ്റി എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

