Site iconSite icon Janayugom Online

ഗ്വാളിയോറില്‍ കടുവകളെ കൂട്ടിലടച്ചു

ടി20 പരമ്പരയിലെ ആദ്യ അങ്കത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ. ഏഴ് വിക്കറ്റ് വിജയമാണ് സൂര്യകുമാറും സംഘവും സ്വന്തമാക്കിയത്. യുവ ബൗളിങ് നിരയുമായിറങ്ങിയ ഇന്ത്യ ബംഗ്ലാദേശിനെ 127 റണ്‍സിന് ഓ­ള്‍ഔട്ടാക്കി. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ വരുൺ ചക്രവർത്തി, അർഷ്ദീപ് സിങ് എന്നിവരുടെ നേതൃത്വത്തിലാണ് ഇന്ത്യൻ ബൗളർമാർ ബംഗ്ലദേശിനെ താരതമ്യേന ചെ­റിയ സ്കോറിൽ ഒതുക്കിയത്. അരങ്ങേറ്റക്കാരന്‍ മായങ്ക് യാദവ് ഒരു വിക്കറ്റ് നേടി. മറുപടി ബാ­റ്റിങ്ങില്‍ ഇന്ത്യ 11.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയ­ലക്ഷ്യ­ത്തിലെ­ത്തി. ഇതോടെ മൂന്ന് മത്സര പരമ്പരയില്‍ 1–0ന് ഇന്ത്യ മുന്നിലെത്തി. 

ഇന്ത്യക്കായി അഭിഷേക് ശര്‍­മ്മ­യ്ക്കൊപ്പം സഞ്ജു സാംസ­ണാ­ണ് ഓ­പ്പ­ണറായത്. തകര്‍­ത്തടിച്ചു തുട­ങ്ങി­യ അഭിഷേക് ഏഴ് പന്തില്‍ 16 റ­ണ്‍സുമായി മട­ങ്ങി. പിന്നാ­ലെ­യ­െ­­­­ത്തിയ സൂര്യ­കുമാര്‍ യാദവും വെ­ടി­ക്കെട്ട് ബാറ്റിങ് പുറത്തെടുത്തു. 14 പന്തില്‍ 29 റണ്‍സ് നേടിയാണ് താരം മടങ്ങിയത്. സ്കോര്‍ 80ല്‍ നില്‍ക്കെ സഞ്ജു മെഹ്ദ ഹസന്‍ മിറാസിന്റെ പന്തില്‍ പുറത്തായി. 19 പന്തില്‍ ആറ് ഫോറുള്‍പ്പെടെ 29 റണ്‍സ് നേടിയാണ് സ­ഞ്ജു­വി­ന്റെ മടക്കം. പിന്നാലെയെത്തിയ നിതിഷ് റെഡ്ഡിയും ഹാര്‍ദിക് പാ­ണ്ഡ്യയും ചേര്‍ന്ന് ഇന്ത്യയെ ലക്ഷ്യ­ത്തിലെ­ത്തിക്കുക­യായിരുന്നു. ഹാര്‍­ദിക് 16 പന്തില്‍ 39 റണ്‍സും നി­തിഷ് 15 പന്തില്‍ 16 റണ്‍­സുമാ­യും പുറത്താകാതെ നിന്നു.

മോശം തുടക്കമായിരുന്നു ബംഗ്ലാദേശിന്റേത്. സ്കോര്‍ബോര്‍ഡില്‍ 14 റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍മാരായ ലിറ്റണ്‍ ദാസ് (4), പര്‍വേസ് ഹുസൈന്‍ ഇമോന്‍ (8) എന്നിവരുടെ വിക്കറ്റുകള്‍ ബംഗ്ലാദേശിന് നഷ്ടമായി. പിന്നീട് ന­ജ്­മുല്‍ ഹു­സൈന്‍ ഷാന്റോ (27) — തൗഹിദ് ഹൃദോയ് (12) സഖ്യം 26 റണ്‍സ് കൂ­ട്ടിച്ചേര്‍ത്തു. എന്നാല്‍ ഹൃദോയിയെ പുറത്താക്കി വരുണ്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. മഹ്മുദുള്ള (1), ജാക്കര്‍ അലി (8) എന്നിവര്‍ക്ക് തിളങ്ങാനായതുമില്ല.
അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഓവർ മെയ്ഡനാക്കിയാണ് മയാങ്ക് യാദവ് ബൗളിങ്ങിന് തുടക്കമിട്ടത്. അജിത് അഗാർക്കർ, അർഷ്­ദീപ് സിങ് എന്നിവർക്കു ശേ­ഷം രാജ്യാന്തര ടി20യിൽ അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഓവർ മെയ്ഡനാക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് മയാങ്ക്.

Exit mobile version