തലപ്പുഴ മില്‍ക്ക് സൊസൈറ്റിക്ക് സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രാവിലെ നാട്ടുകാര്‍ കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. വനപാലകര്‍ സ്ഥലത്തെത്തി പരിശോധിച്ചതില്‍ കാല്‍പ്പാടുകള്‍ കടുവയുടേതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പൊതുജനത്തിന് തവിഞ്ഞാൽ പഞ്ചായത്ത് അധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
രാത്രിസമയത്ത് വീടിന് പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കണമെന്നും അതിരാവിലെ സഞ്ചരിക്കുന്നവർ കൂട്ടത്തോടെ മാത്രമേ യാത്രചെയ്യാവൂവെന്നും മദ്രസ വിദ്യാർഥികൾ, തോട്ടം തൊഴിലാളികൾ എന്നിവർ ശ്രദ്ധിക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയി അറിയിച്ചു. പശു, ആട് എന്നിവ വളർത്തുന്നവർ തൊഴുത്തിന് സമീപം ലൈറ്റുകൾ തെളിക്കാൻ പരമാവധി ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.

