Site iconSite icon Janayugom Online

ജലയാനങ്ങളുടെ സുരക്ഷാ പരിശോധന കര്‍ശനമാക്കുന്നു

shipship

കോവിഡിനെ തുടർന്ന് തടസപ്പെട്ട കായൽ ടൂറിസ രംഗത്തെ ജലയാനങ്ങളുടെ സുരക്ഷാ പരിശോധന പുനരാരംഭിക്കുന്നു. ടൂറിസം മേഖലയിൽ ആവർത്തിച്ച് സംഭവിക്കുന്ന അപകടങ്ങൾ ഒഴിവാക്കുക, ലൈസൻസ് അടക്കമുള്ള രേഖകളുടെ ആധികാരികത ഉറപ്പ് വരുത്തുക ഹൗസ്ബോട്ടുകളിലെ മാലിന്യ നിർമാർജ്ജന സംവിധാനം കാര്യക്ഷമമാക്കുക എന്നിവയാണ് പരിശോധിക്കുന്നത്. വിനോദസഞ്ചാരികൾക്ക് യാതൊരു ബുദ്ധിമുട്ടും സൃഷ്ടിക്കാതെ കായൽ ടൂറിസം കൂടുതൽ ആകർഷണീയമാക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് സുരക്ഷ പരിശോധന.

പ്രധാനമായും ആലപ്പുഴ, കോട്ടയം, കൊല്ലം, കണ്ണുർ തുടങ്ങിയ ജില്ലകളിൽ വ്യാപിച്ച് കിടക്കുന്ന വ്യവസായ മേഖലയാണിത്. സംസ്ഥാനത്ത് ഹൗസ്ബോട്ടുകളടക്കം 3500 യാനങ്ങളാണ് കായൽ ടുറിസവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്. സുരക്ഷാസംവിധാനങ്ങളുടെ പരിമിതി കാരണം പലപ്പോഴും അപകടങ്ങൾ പതിവാണ്. ഇതേ തുടർന്ന് മുൻപ് ടൂറിസം പൊലീസ് നടത്തിയ പരിശോധനയിൽ ധാരാളം പിഴവുകൾ കണ്ടെത്തിയിരുന്നു. സുരക്ഷാകാര്യങ്ങളിലടക്കം പരിശീലനം നേടിയ ജീവനക്കാർ മിക്ക ബോട്ടുകളിലുമുണ്ടായിരുന്നില്ല. കൂടാതെ ലൈസൻസില്ലാതെയും സർവീസ് നടത്തുന്നതായി കണ്ടെത്തി. നടപടികൾക്ക് അധികൃതർ ശുപാർശ ചെയ്തെങ്കിലും, ഇതിനിടെ കോവിഡ് എത്തിയത് തടസമായി.

തുറമുഖ വകുപ്പിന്റെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെയും ടൂറിസം വകുപ്പിന്റെയും നേതൃത്വത്തിൽ നടത്തുന്ന പരിശോധനയിൽ, മാനദണ്ഡങ്ങൾ പാലിക്കാതെ സർവ്വീസ് നടത്തുന്ന ജലയാനങ്ങൾ പിടിച്ചെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കോവിഡിന്റെ ഇളവുകൾ മുതലെടുത്ത് രജിസ്ട്രേഷനും ലൈസൻസും മലിനീകരണ ബോർഡിന്റെ സർട്ടിഫിക്കറ്റും ഇല്ലാതെ 250ൽ അധികം യാനങ്ങൾ പ്രവർത്തിക്കുന്നതായാണ് അധികൃതർ പറയുന്നത്. വിനോദസഞ്ചാരികളെത്തുന്ന ഡിടിപിസിയുടെ കൗണ്ടറുകളിൽ അനധികൃത യാനങ്ങൾക്ക് ബോർഡിംഗ് പാസ് നൽകരുതെന്ന നിർദേശം നേരത്തെ നൽകിയിരുന്നു. എന്നാൽ ഇതൊന്നും പാലിക്കപ്പെടുന്നില്ലെന്ന ആക്ഷേപം ഉണ്ടായി. 

മലിനീകരണ നിയന്ത്രണ ബോർഡിന്റെ മാനദണ്ഡം പാലിക്കാതെ മാലിന്യം കായലിലേക്ക് ഒഴുക്കുന്ന പ്രവണതയും കൂടി. ഹൗസ് ബോട്ടുകൾക്കുള്ള രജിസ്ട്രേഷനും ലൈസൻസും ഓൺലൈൻ വഴിയാക്കിയിട്ടും ഉടമകളുടെ സഹകരണമില്ലെന്നാണ് തുറമുഖ വകുപ്പ് അധികൃതർ പറയുന്നത്. കോവിഡ് മൂന്നാം തരംഗത്തിന്റെ ഇളവിൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് അടക്കമുള്ളവ ബാധകമല്ലാത്തതിനാൽ കുടുംബസമേതമുള്ള സഞ്ചാരികളാണ് ഏറെയും എത്തുന്നത്. പ്രളയവും കോവിഡുമെല്ലാം കവർന്നെടുത്ത സീസൺ തിരിച്ചുപിടിക്കാൻ ഹൗസ്ബോട്ടുകളും ശിക്കാരവള്ളങ്ങളും സഞ്ചാരികളെ ആകർഷിക്കാൻ പ്രത്യേക പാക്കേജുകളും ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ആഭ്യന്തര ടൂറിസ്റ്റുകൾ കൂടുതലായും എത്തുന്ന മാർച്ച് മുതൽ ജൂൺ വരെയുള്ള സീസൺ മുന്നിൽകണ്ട് മുഖംമിനുക്കിയാണ് ഹൗസ്ബോട്ടുകൾ കായലോരത്ത് നങ്കൂരമിട്ടിരിക്കുന്നത്.

Eng­lish Sum­ma­ry: Tight­ens safe­ty checks on vessels

You may like this video also

Exit mobile version