Site iconSite icon Janayugom Online

ടിക് ടോക് അമേരിക്കയില്‍ തുടരും; യുഎസും ചൈനയും ധാരണയിൽ, ഉടമസ്ഥാവകാശം കൈമാറും

ടിക് ടോകിന്റെ ഉടമസ്ഥാവകാശം കൈമാറുന്ന കാര്യത്തിൽ അമേരിക്കയും ചൈനയും തമ്മില്‍ ധാരണയായെന്ന് ചൈനീസ് ഭാഗത്ത് നിന്നും സ്ഥിരീകരണം. അമേരിക്കയിലെ ടിക് ടോക്ക് ആപ്പും, ഡാറ്റയും, അനുബന്ധ സാങ്കേതിക വിദ്യയും വാങ്ങാൻ സന്നദ്ധത പ്രകടിപ്പിച്ച അമേരിക്കൻ കമ്പനികൾക്ക് കൈമാറും. ഏതൊക്കെ കമ്പനികൾക്കാണ് ആപ്പ് ഉടമസ്ഥാവകാശം കൈമാറുകയെന്ന് വെളിപ്പെടുത്തിയിട്ടില്ല. ടിക് ടോക്ക് പ്ലാറ്റ്‌ഫോമിന് അമേരിക്കയിൽ തുടർന്നും പ്രവർത്തിക്കാൻ അനുവദിക്കുന്നതിനായി ചൈനയുമായി കരാർ ഒപ്പിട്ടതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഒരു വർഷത്തോളമായി നിലനിൽക്കുന്ന ഒരു വിവാദത്തിന് പരിഹാരമാകുന്ന തരത്തിൽ, ടിക് ടോക്കിന്റെ അമേരിക്കൻ ആസ്തികൾ ചൈനയിലെ ബൈറ്റ്ഡാൻസിൽ നിന്ന് യുഎസ് ഉടമകൾക്ക് കൈമാറണമെന്നാണ് കരാർ.

നിലവിൽ ചൈനീസ് കമ്പനിയായ ബൈറ്റ് ഡാൻസാണ് ടിക് ടോകിന്‍റെ ഉടമ. അമേരിക്കയിൽ 170 മില്യൺ യൂസർമാരുള്ള ആപ്പാണ് ടിക് ടോക്. “ടിക് ടോക്കിൽ ഞങ്ങൾക്ക് ഒരു കരാറുണ്ട് അത് വാങ്ങാൻ ആഗ്രഹിക്കുന്ന വളരെ വലിയ ഒരു കൂട്ടം കമ്പനികൾ ഞങ്ങളുടെ പക്കലുണ്ട്,” കൂടുതൽ വിശദാംശങ്ങൾ നൽകാതെ ട്രംപ് വൈറ്റ് ഹൗസ് ബ്രീഫിംഗിൽ പറഞ്ഞു. ജെഫ് ബെസോസിന്റെ ആമസോണടക്കം ടിക് ടോക് വാങ്ങാൻ രംഗത്തുള്ളതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. നിലവിൽ ആപ്പിനുള്ള നിരോധന ഉത്തരവ് നടപ്പാക്കാനുള്ള സമയപരിധി ട്രംപ് നീട്ടി നൽകിയിരിക്കുകയാണ്.

Exit mobile version