Site icon Janayugom Online

പ്രധാനമന്ത്രിയുടെ ക്ഷമാപണമല്ല താങ്ങുവിലയാണ് വേണ്ടത്: ടികായത്

പ്രധാനമന്ത്രിയുടെ ക്ഷമാപണമല്ല ശക്തവും ഉറപ്പുള്ളതുമായ താങ്ങുവില നയമാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്ന് ഭാരതീയ കിസാൻ യൂണിയൻ (ബികെയു) വക്താവ് രാകേഷ് ടികായത്. വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ താൽക്കാലികമായി പിൻവലിച്ചത് പര്യാപ്തമല്ല. അതിനെക്കാൾ ഗൗരവമുള്ള വിഷയങ്ങൾ പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും അവയിൽ പ്രധാനം മിനിമം താങ്ങുവില (എംഎസ് പി) ഉറപ്പുനൽകുന്നതിനുള്ള നിയമമുണ്ടാക്കുക എന്നതാണെന്നും ടികായത് പറഞ്ഞു. ലഖ്നൗവിലെ ഇക്കോ ഗാർഡൻ പാർക്കിൽ കിസാൻ മഹാപഞ്ചായത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കർഷകരല്ല സർക്കാരാണ് വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നതെന്നും തങ്ങളുടെ മുന്നിൽ നിരവധി പ്രശ്നങ്ങളുണ്ടെന്നും ബികെയു നേതാവ് പറഞ്ഞു. സമരം തുടരുക തന്നെ ചെയ്യും. കർഷകരുടെ പ്രശ്നങ്ങൾ അവരോട് ചർച്ചചെയ്യാൻ സർക്കാർ തയാറാകണം. അല്ലാത്തപക്ഷം കർഷകർ പിരിഞ്ഞു പോകില്ലെന്നും രാജ്യത്തുടനീളം യോഗങ്ങൾ നടത്തുമെന്നും ജനങ്ങളോട് സർക്കാരിന്റെ വികലനയങ്ങളെ കുറിച്ച് നിരന്തരം പറയുമെന്നും അദ്ദേഹം പറഞ്ഞു. “നിയമം റദ്ദാക്കുമെന്ന് പ്രഖ്യാപിക്കുമ്പോൾ പ്രധാനമന്ത്രി മോഡി മധുരമായ വാക്കുകളിലാണ് സംസാരിച്ചത്. അദ്ദേഹത്തിന്റെ ശബ്ദം തേനിനെക്കാൾ മധുരമുള്ളതാണെങ്കിലും പ്രഖ്യാപനങ്ങൾ നടപ്പാക്കുന്ന കാര്യത്തിൽ സംശയമുണ്ട്. ശക്തനായ പ്രധാനമന്ത്രിയെയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്,ദുർബലനായ പ്രധാനമന്ത്രിയെയല്ല. കഠിനമായി സംസാരിക്കാനും തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം നൽകാനും കഴിയണം”. ടികായത് പറഞ്ഞു. 

എംഎസ് പി ഉറപ്പുനൽകുന്ന നിയമത്തിനായി പുതിയ കമ്മിറ്റി രൂപീകരിക്കേണ്ട ആവശ്യമില്ല. 2011 ൽ മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഒരു സംഘം മുഖ്യമന്ത്രിമാർ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് സമർപ്പിച്ച റിപ്പോർട്ടിലാണ് എംഎസ് പി നിയമം കൊണ്ടുവരാൻ ശുപാർശ ചെയ്തത്. ഇപ്പോഴും പിഎംഒയിൽ കിടക്കുന്ന ഈ റിപ്പോർട്ട് നടപ്പാക്കുമോ ഇല്ലയോ എന്ന് മോഡി വ്യക്തമാക്കണം. രാജ്യത്തെ സമ്പത്തും ഗ്രാമങ്ങളുമുൾപ്പെടെ വിൽക്കാൻ പോകുന്ന ബിജെപി സർക്കാർ ജനങ്ങളെ ഹിന്ദു-മുസ്‌ലിം, ഹിന്ദു-സിഖ്, ജിന്ന എന്നീ വിഷയങ്ങളിൽ കുരുക്കിലാക്കുകയാണ്. ഉറപ്പുള്ള താങ്ങുവില സംബന്ധിച്ച് ഒരു കമ്മിറ്റി രൂപീകരിച്ചുവെന്ന് സർക്കാർ കള്ളം പറയുകയാണെന്നും ടികായത്ത് ആരോപിച്ചു. രാജ്യം മുഴുവൻ ഒരു ‘സ്വകാര്യ മണ്ഡി’ ആക്കി മാറ്റാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. ലഖിംപുർ ഖേരി കേസിൽ പ്രതിയായ അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യണം. കർഷകരെ കൊലപ്പെടുത്തിയ അയാളെ ഭീകരനായി കാണണമെന്നും മിശ്രയെ ജയിലിൽ അടയ്ക്കണമെന്നും ടികായത് പറഞ്ഞു.
eng­lish summary;Tikayat says that farm­ers needs sup­port price
you may also like this video;

Exit mobile version