Site iconSite icon Janayugom Online

കൊച്ചി കപ്പൽശാലയ്ക്ക് നേട്ടത്തിന്റെ കാലം; ബ്രിട്ടനില്‍ നിന്ന് ഹൈബ്രിഡ് കപ്പല്‍ നിർമിക്കാൻ കരാർ

കൊച്ചി കപ്പൽ ശാലയ്ക്ക് വിദേശത്തുനിന്നു ഇരട്ട ഇന്ധനത്തില്‍ പ്രവൃത്തിക്കുന്ന ഹൈബ്രിഡ് സര്‍വീസ് ഓപ്പറേഷന്‍ വെസ്സല്‍സ് (എസ്ഒവി) നിര്‍മ്മിച്ച്‌ നല്‍കാനുള്ള കരാർ ലഭ്യമായി. യുകെയില്‍ നിന്ന് 60 മില്യണ്‍ യൂറോയുടെ (ഏകദേശം 540 കോടി രൂപ) പുതിയ ഓര്‍ഡറാണ് കപ്പല്‍ശാലയെ തേടിയെത്തിയത്. ഓഫ്‌ഷോര്‍ പുനരുപയോഗ ഓപ്പറേറ്റര്‍മാരും ബ്രിട്ടീഷ് കമ്പനിയുമായ നോര്‍ത്ത് സ്റ്റാറിന് ഇരട്ട ഇന്ധനത്തില്‍ (ഹൈബ്രിഡ്) പ്രവൃത്തിക്കുന്ന ഹൈബ്രിഡ് സര്‍വീസ് ഓപ്പറേഷന്‍ വെസ്സല്‍സ് (SOV) നിര്‍മ്മിച്ച്‌ നല്‍കാനുള്ള ഓര്‍ഡറാണ് ലഭിച്ചതെന്ന് കൊച്ചി കപ്പല്‍ശാല വ്യക്തമാക്കി. ഇംഗ്ലണ്ടിലെ സഫക് കോസ്റ്റല്‍ പ്രദേശത്തെ കാറ്റാടിപ്പാടത്ത് ഉപയോഗിക്കാനാണ് എസ്ഒവികള്‍ വാങ്ങുന്നത്. 

രണ്ടോ അതിലധികോ വെസലുകള്‍ക്ക് കൂടി ഓര്‍ഡര്‍ നല്‍കാനുള്ള വ്യവസ്ഥയും കൊച്ചിന്‍ ഷിപ്പ്‌യാഡുമായുള്ള കരാറിലുണ്ട്. ആഗോളതലത്തില്‍ പുനരുപയോഗ ഊര്‍ജത്തിന് പ്രസക്തിയേറുന്ന പശ്ചാത്തലത്തിലാണ് ഹൈബ്രിഡ് എസ്ഒവികളും ശ്രദ്ധനേടുന്നത്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ മറ്റൊരു ഹൈബ്രിഡ് എസ്ഒവിക്ക് വേണ്ടിയും കമ്പനി കൊച്ചിന്‍ ഷിപ്പ്‌യാഡുമായി കരാര്‍ സ്ഥാപിച്ചിരുന്നു. ബ്രിട്ടീഷ് കമ്പനിയുമായുള്ള കരാര്‍പ്രകാരം കൊച്ചിന്‍ ഷിപ്പ്‌യാഡ് നിര്‍മ്മിക്കുന്ന ഹൈബ്രിഡ് എസ്.ഒ.വിക്ക് നീളം 85 മീറ്ററായിരിക്കും. നോര്‍വേ ആസ്ഥാനമായ വാര്‍ഡ് എ.എസ് എന്ന കമ്പനിയാണ് വെസ്സലിന്റെ രൂപകല്‍പന നിര്‍വഹിക്കുന്നത്. ഡീസല്‍ ജനറേറ്ററുകള്‍ക്ക് പുറമേ വലിയ ലിഥിയം ബാറ്ററി പായ്‌ക്കോട് കൂടിയ ഹൈബ്രിഡ് എന്‍ജിന്‍ സംവിധാനമാണ് വെസ്സലിനുണ്ടാവുക. ആധുനിക സംവിധാനങ്ങളോടെ സജ്ജമാക്കുന്ന വെസ്സലിന് 80 ടെക്‌നീഷ്യന്മാരെ ഉള്‍ക്കൊള്ളാനാകും.

കൊച്ചിന്‍ ഷിപ്പ്‌യാഡിന് കപ്പല്‍ നിര്‍മ്മാണത്തിലും അറ്റകുറ്റപ്പണിയിലുമുള്ള വൈദഗ്ദ്ധ്യം, സമയബന്ധിതമായുള്ള പ്രവര്‍ത്തനം, ഉന്നത നിലവാരം, താങ്ങാനാവുന്ന ചെലവ് തുടങ്ങിയ മികവുകള്‍ കണക്കിലെടുത്താണ് ഹൈബ്രിഡ് എസ്ഒവിക്കായി വീണ്ടും കരാര്‍ ഒപ്പുവച്ചതെന്ന് നോര്‍ത്ത് സ്റ്റാറിന്റെ ചീഫ് ടെക്‌നോളജി ഓഫീസര്‍ ജെയിംസ് ബ്രാഡ്‌ഫോഡ് പറഞ്ഞു. നോര്‍ത്ത് സ്റ്റാറില്‍ നിന്ന് വീണ്ടും ഓര്‍ഡര്‍ ലഭിച്ചത് സന്തോഷകരമാണെന്നും പരിസ്ഥിതിസൗഹൃദ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ കൊച്ചിന്‍ ഷിപ്പ്‌യാഡ് പ്രതിജ്ഞാബദ്ധമാണെന്നും കപ്പല്‍ശാല ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ് നായര്‍ പറഞ്ഞു.

Eng­lish Summary:Time of gain for Kochi Ship­yard; Con­tract to build hybrid ship from Britain
You may also like this video

Exit mobile version