Site iconSite icon Janayugom Online

ഭൂപരിഷ്കരണ നിയമത്തിൽ കാലോചിതമായ മാറ്റം അനിവാര്യം: കെ ഇ ഇസ്മയിൽ

ഭൂപരിഷ്ക്കരണ നിയമത്തിൽ കാലോചിതമായ മാറ്റം വരുത്തി മാത്രമേ കേരളം നേരിടുന്ന ഭുപ്രശ്നങ്ങൾക്ക് പരിഹാരം കാണുവാന്‍ സാധിക്കുള്ളൂവെന്ന് ബികെഎംയു ദേശീയ വൈസ് പ്രസിഡന്റ് കെ ഇ ഇസ്മയിൽ. ഭൂപരിഷ്ക്കരണ നിയമത്തിന്റെ പുനർവായന എന്ന വിഷയത്തെ ആസ്പദമാക്കി കേരളാ സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ (ബികെഎംയു ) സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി അച്യുതമേനോൻ ഭരണകാലത്ത് നടപ്പിലാക്കിയ സമ്പൂർണ ഭൂപരിഷ്ക്കരണ നിയമത്തിലൂടെ ആ കാലഘട്ടത്തിലെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിഞ്ഞെങ്കിലും ജനസംഖ്യയുടെ വർധനവും കുടുംബങ്ങളുടെ എണ്ണത്തിലുണ്ടായ മാറ്റവും ഭൂവിസ്തൃതി കുറഞ്ഞ കേരളത്തെ ശ്വാസം മുട്ടിക്കുകയാണ്. ഒരാൾക്ക് ഏഴര ഏക്കറും ഒരു കുടുംബത്തിന് പതിനഞ്ച് എക്കറും അഞ്ചിൽ അധികം വരുന്ന ഒരോ കുടുംബാഗങ്ങൾക്കും ഒരേക്കർ വീതം ഇരുപത് ഏക്കർ വരെ ഭൂമി കൈവശം വയ്ക്കാൻ കഴിയും എന്നുള്ള നിയമം മാറ്റി എഴുതേണ്ടതായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

സംസ്ഥാന പ്രസിഡന്റ് ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ വിഷയാവതരണം നടത്തി. ദേശീയ സെക്രട്ടറി പി കെ കൃഷ്ണൻ, വിവിധ കർഷക തൊഴിലാളി സംഘടനകളെ പ്രതിനിധീകരിച്ച് സി ബി ദേവദർശൻ (കെഎസ്‍കെടിയു), യു വി ദിനേശ് മണി (ഡികെടിഎഫ്), പി നൗഷാദ് താനൂർ ( കെകെടിഎഫ്-എസ്‍ടിയു), ഉല്ലാസ് കോവൂർ (ഐക്യ കർഷക തൊഴിലാളി യൂണിയൻ), എൻ രാജൻ, മനോജ് ബി ഇടമന, കെ രാജു, ആർ അനിൽകുമാർ, എ മുസ്തഫ, സി സി മുകുന്ദൻ എംഎൽഎ, ടി സിദ്ധാർത്ഥൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പാപ്പനംകോട് അജയൻ സ്വാഗതവും ജോൺ വി ജോസഫ് നന്ദിയും പറഞ്ഞു. 

Eng­lish Summary:Timely change in Land Reform Act is essen­tial: KE Ismail
You may also like this video

Exit mobile version