Site icon Janayugom Online

റെയില്‍വേ ഫൂട്ട് ഓവര്‍ബ്രിഡ്ജിന്റെ ശോചനീയവസ്ഥ; പ്രതിഷേധം ശക്തമാവുന്നു

റെയില്‍വേ ഫൂട്ട് ഓവര്‍ബ്രിഡ്ജിന്റെ ശോചനീയവസ്ഥ,പ്രതിഷേധം ശക്തമാവുന്നു.തിരൂര്‍ നഗരത്തിലെ കോര്‍ട്ട് റോഡിനേയും നഗരസഭാമാര്‍ക്കറ്റിനേയും ബന്ധിപ്പിക്കുന്ന ഫുട് ഓവര്‍ബ്രിഡ്ജ് നവീകരണത്തിന്റെ പേരില്‍ അടച്ചുപൂട്ടിയിട്ട് മാസങ്ങളായിട്ടും തുടര്‍ നടപടി സ്വീകരിക്കാന്‍ റെയില്‍വേ അധികൃതരും തിരൂര്‍ നഗരസഭയും അലംഭാവം തുടരുകയാണന്നാണ് ആക്ഷേപം.

പ്രതിഷേധമുന്നയിച്ച് എഐവൈഎഫ് തിരൂര്‍ മണ്ഡലം കമ്മറ്റി പ്രവര്‍ത്തകര്‍ തിരൂര്‍ നഗരസഭാചെയര്‍പേഴ്‌സണ് കഴിഞ്ഞ ദിവസം നിവേദനം നല്‍കുകയും അലംഭാവം തുടര്‍ന്നാല്‍ ശക്തമായ സമരവുമായി മുന്നോട്ടുപോവുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഫൂട്ട് ഓവര്‍ബ്രിഡ്ജിന്റെ അറ്റകുറ്റ പണികള്‍ക്കായി എസ്റ്റിമേറ്റ്പ്രകാരം ആവശ്യപ്പെട്ട 2074573 രൂപ കഴിഞ്ഞ വര്‍ഷം നവമ്പര്‍ 23 ന് നഗരസഭ അടച്ചു കഴിഞ്ഞതാണ്.

2022 ഒക്ടോബര്‍ 30 ന് 1013245 രൂപയും നവംബര്‍ 23 ന് 1061328 രൂപയുമാണ് രണ്ട് തവണകളായി അടച്ചത്. നിര്‍ദ്ദേശിക്കപ്പെട്ട മുഴുവന്‍ തുകയും അടച്ചിട്ടും അറ്റകുറ്റപണികള്‍ക്ക് റെയില്‍വേയുടെ ഭാഗത്ത് നിന്ന് അനുകൂല നടപടികള്‍ സ്വീകരിക്കുന്നില്ലായെന്നാണ് നഗരസഭ പറയുന്നത്. ടെണ്ടര്‍ നടപടി വൈകുന്നതാണ് അറ്റകുറ്റപണികള്‍ വൈകാന്‍ കാരണമെന്നാണ് റെയില്‍വെ അധികൃതരുടെ വാദം. പരസ്പരം പഴിചാരി ഒഴിഞ്ഞു മാറാതെ പ്രവര്‍ത്തിപൂര്‍ത്തീകരിച്ച് അടിയന്തിരമായി തുറന്നുകൊടുക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. പാലക്കാട് സതേണ്‍ റെയില്‍വെ ഡിവിഷണല്‍ മാനേജര്‍ ഇന്നലെ തിരൂര്‍ റെയില്‍വെ സന്ദര്‍ശിച്ചിരിന്നു. തിരൂര്‍ നഗരസഭ ചെയര്‍പേഴ്‌ന്റെ നേതൃത്വത്തിലുള്ള സംഘം അദ്ദേഹത്തെ കാണുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കുകയും ചെയ്തു. തിരൂര്‍ റെയില്‍വേ മേല്‍പ്പാലത്തിന്റെ അപ്രോച്ച് നിര്‍മ്മാണം നടക്കുന്നതിനാല്‍ കാല്‍നട യാത്രക്കാര്‍ ഭൂരിഭാഗവും ആശ്രയിക്കുന്നത് ഫൂട്ട് ഓവര്‍ബ്രിഡ്ജിനെയാണ്.

മത്സ്യ,പച്ചക്കറി മാര്‍ക്കറ്റ്,ഗള്‍ഫ് മാര്‍ക്കറ്റ്,പോലീസ് സ്‌റ്റേഷന്‍,കോടതി ഉള്‍പ്പെടെ സ്ഥിതി ചെയ്യു്ന്നത് ഫ്രൂട്ട് ഒവര്‍ബ്രിഡ്ജിന്റെ ഇരുവശങ്ങളിലുമായാണ്. അറ്റകുറ്റപണികള്‍ക്ക് ഇനിയും കാല താമസം നേരിട്ടാല്‍ വ്യാപാരികളുല്‍പ്പെടെ പ്രക്ഷോഭത്തിനൊരുങ്ങുമെന്നാണ് സൂചന. അപ്രോച്ച് റോഡിന്റെ നിര്‍മ്മാണത്തിന് അനുമതി ലഭിക്കാത്തതില്‍ വിവാദങ്ങള്‍ക്കൊടുവില്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താഴെപാലം പുതിയ പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തത്.

Exit mobile version