Site icon Janayugom Online

അമിത് ഷായെ പരിഹസിച്ച് ടി-ഷര്‍ട്ടിറക്കി ടിഎംസി

Amit Shah

ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പരിഹസിച്ച് ടി-ഷര്‍ട്ട് പുറത്തിറക്കി തൃണമൂല്‍ കോണ്‍ഗ്രസ്.‘ഇന്ത്യയിലെ ഏറ്റവും വലിയ പപ്പു’ എന്ന അടിക്കുറിപ്പോടെയാണ് ടി.എം.സി ടി-ഷര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്. ടി-ഷര്‍ട്ടില്‍ അമിത് ഷായുടെ കാര്‍ട്ടൂണും ഉള്‍പ്പെടുത്തിയിട്ടുണ്ട്.വെള്ള, കറുപ്പ്, മഞ്ഞ നിറങ്ങളിലുള്ള ടി-ഷര്‍ട്ടുകളാണ് ടിഎംസി പുറത്തിറക്കിയിട്ടുള്ളത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപി നേതൃത്വം വിളിക്കുന്ന പേരാണ് പപ്പു.

ഒക്ടോബര്‍ ആദ്യ വാരം നടക്കുന്ന ദുര്‍ഗാ പൂജ ആഘോഷങ്ങളില്‍ പപ്പു ടി-ഷര്‍ട്ടിന് വന്‍ പ്രചാരം നടത്താനാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ നീക്കം.പരിഹാസം ആശയവിനിമയത്തിന്റെ ഏറ്റവും ശക്തമായ രൂപമാണ്. ഞങ്ങളുടെ ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയാണ് അമിത് ഷാ ഏറ്റവും വലിയ പപ്പു എന്ന വാക്യത്തിന് തുടക്കമിട്ടത്. ഇത് സാമൂഹിക മാധ്യമങ്ങളില്‍ ട്രെന്‍ഡായി മാറി. പിന്നീട് അത് ടീ-ഷര്‍ട്ടുകളിലും വന്നു’, തൃണമൂല്‍ രാജ്യസഭാ എംപി ഡെറിക് ഒബ്രിയാന്‍ പി.ടി.ഐയോട് പറഞ്ഞു.ഈ മാസം രണ്ടിന് കല്‍ക്കരി കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അഭിഷേക് ബാനര്‍ജിയെ ചോദ്യം ചെയ്തിരുന്നു. ഏഴുമണിക്കൂറോളമായിരുന്നു ചോദ്യം ചെയ്യല്‍. 

ഇതിന് ശേഷം പുറത്തിറങ്ങിയ അഭിഷേക് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുന്നതിനിടെയാണ് ഇന്ത്യയിലെ ഏറ്റവു വലിയ പപ്പു എന്ന് അമിത് ഷായെ വിശേഷിപ്പിച്ചത്.ഇതിന് പിന്നാലെ അഭിഷേക് ബാനര്‍ജിയുടെ ബന്ധുക്കളായ ആകാശ് ബാനര്‍ജി, അദിതി ഗയേന്‍ എന്നിവര്‍ അമിത് ഷായുടെ കാര്‍ട്ടൂണും ‘പപ്പു’ എന്ന മുദ്രാവാക്യവും ഉള്ള ടി-ഷര്‍ട്ട് ധരിച്ച ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.300 രൂപയായിരിക്കും പപ്പു ടി-ഷര്‍ട്ടിന്റെ വില. ടി-ഷര്‍ട്ടിന്റെ പുതിയ ഡിസൈനുകളുമായി ബന്ധപ്പെട്ട് അഭിഷേക് ബാനര്‍ജി യുവ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നുണ്ടെന്ന് തൃണമൂല്‍ പ്രതികരിച്ചു. തുടക്കത്തില്‍ ഈ ടി ഷര്‍ട്ടുകള്‍ ഓണ്‍ലൈനില്‍ മാത്രമേ ലഭ്യമായിരുന്നുള്ളൂ. ഇപ്പോള്‍ ഹോള്‍സെയില്‍ മാര്‍ക്കറ്റുകളില്‍ നിന്ന് ലഭിക്കുമെന്നും ഡെറിക് ഒബ്രിയാന്‍ പറയുന്നു.

നിലവില്‍ മൂന്നോ നാലോ ഡിസൈനുകള്ളാണ് പുറത്തിറക്കിയിരിക്കുന്നത്. ദുര്‍ഗാ പൂജ ഉത്സവത്തിന് മുന്നോടിയായി കൂടുതല്‍ മോഡലുകള്‍ വിപണിയില്‍ എത്തും. വെള്ള നിറത്തിലുള്ള പപ്പു ടി-ഷര്‍ട്ട് ധരിച്ച ഫോട്ടോയും വീഡിയോയും എം.പി തന്നെ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. പാര്‍ലമെന്റ് മന്ദിരത്തിന് സമീപത്തുനിന്നാണ് അദ്ദേഹം പങ്കിട്ട വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. കൊല്‍ക്കത്തയില്‍ നിന്ന് ദല്‍ഹിയിലേക്കുള്ള വിമാന യാത്രയിലും അദ്ദേഹം ഇത്തരത്തിലുള്ള പപ്പു ടി-ഷര്‍ട്ടാണ് ധരിച്ചിരുന്നത്.നിരവധി തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അമിത് ഷായെ പരിഹസിച്ചുള്ള പപ്പു ടി-ഷര്‍ട്ട് ധരിച്ച ഫോട്ടോകള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ‘കോണ്‍ഗ്രസിന് ഈ പ്രചാരണം ഇഷ്ടപ്പെടണം. അവരുടെ നേതാവിനെ പരിഹസിക്കാന്‍ ബിജെപി ഈ വാക്ക് ഉപയോഗിച്ചു. ഇപ്പോള്‍ അതേ വാക്കു കൊണ്ട് ബിജെപിയെ തിരിച്ചടിക്കുകയാണ് ഒബ്രിയാന്‍ പറഞ്ഞു.

എന്നാല്‍ വ്യക്തിപരമായ ആക്രമണം ശരിയല്ലെന്നും അത് തൃണമൂലിന്റെ അന്ത്യത്തിലേക്ക് നയിക്കുമെന്നും ബിജെപി നേതാവ് രാഹുല്‍ സിന്‍ഹ പ്രതികരിച്ചു.കഴിഞ്ഞ ദിവസം നടന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ പരിപാടിയില്‍ കാരണമുള്ളതുകൊണ്ടാണ് താന്‍ അമിത് ഷായെ പപ്പു എന്ന് വിശേഷിപ്പിച്ചതെന്ന് അഭിഷേക് ബാനര്‍ജി പറഞ്ഞിരുന്നു.ഡല്‍ഹിയിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് നോക്കൂ. കൊല്‍ക്കത്തയിലാണ് ഏറ്റവും കുറഞ്ഞ കുറ്റകൃത്യ നിരക്കെന്ന് നിങ്ങളുടെ സ്വന്തം ഏജന്‍സികള്‍ തന്നെ പറയുന്നു. എന്നാല്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് ഡല്‍ഹി

നിങ്ങള്‍ എല്ലാവരെയും ദേശീയത പഠിപ്പിക്കാന്‍ നടക്കുകയാണ്.എന്നാല്‍ നിങ്ങളുടെ മകന് ദേശീയ പതാക പിടിക്കുന്നതില്‍ പ്രശ്നമുണ്ട്. ആദ്യം അവനെ പഠിപ്പിക്കൂ’, അമിത് ഷായുടെ മകന്‍ ജയ് ഷാ ദുബായില്‍ ക്രിക്കറ്റ് മത്സരത്തിനിടെ ഇന്ത്യന്‍ പതാക വീശാതിരുന്നതിനെ സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.ബിജെപി നേതാക്കള്‍ക്കെതിരെ തെളിവുകളുണ്ടായിട്ടും കേന്ദ്ര ഏജന്‍സികള്‍ ഒരു നടപടിയും എടുക്കുന്നില്ലെന്നും അതേസമയം പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ തെളിവുകള്‍ കെട്ടിച്ചമച്ച് നടപടികളെടുക്കുകയാണെന്നും
അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: TMC made a T‑shirt mock­ing Amit Shah

You may also like this video: 

Exit mobile version