Site iconSite icon Janayugom Online

കോണ്‍ഗ്രസിനെ തൃണമൂല്‍കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് ടിഎംസി; കോണ്‍ഗ്രസ് ടിഎംസിയില്‍ ലയിക്കണമെന്നും

അധികാരം ഉണ്ടായിരുന്ന പഞ്ചാബ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്. ഒരിടത്ത് പോലും കോണ്‍ഗ്രസിന് അധികാരം കിട്ടിയില്ല. ഇതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെയുള്ള വിമര്‍ശനം കടുപ്പിച്ചിരിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസിന് ബിജെപിയെ ദേശീയ തലത്തില്‍ നേരിടാനാവില്ലെന്നും, ഇനി ഇത്തരത്തില്‍ തുടരാനാവില്ലെന്നും തൃണമൂല്‍ നേതൃത്വം വ്യക്തമാക്കി

ബിജെപിയെ ദേശീയ തലത്തില്‍ തടയുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്ന് തൃണമൂല്‍ ആരോപിക്കുന്നു. ഇനി കോണ്‍ഗ്രസിനെ കൊണ്ട് കാര്യമില്ലെന്നും, തൃണമൂലില്‍ ലയിക്കാനുമാണ് പാര്‍ട്ടി നിര്‍ദേശിച്ചിരിക്കുന്നത്ബംഗാളില്‍ ജയിച്ചതിന് ശേഷം കോണ്‍ഗ്രസുമായുള്ള പോര് തൃണമൂല്‍ ശക്തമാക്കിയിരിക്കുകയാണ്. ദേശീയ തലത്തില്‍ സഖ്യമുണ്ടാക്കാനുള്ള ശ്രമത്തിലും കോണ്‍ഗ്രസിനെ ഒപ്പം കൂട്ടാറില്ല

ബിജെപിയെ ദേശീയ തലത്തില്‍ നേരിടാന്‍ കോണ്‍ഗ്രസിനാവില്ലെന്ന് തൃണമൂല്‍ പറയുന്നു. എത്രയും പെട്ടെന്ന് തൃണമൂലില്‍ ലയിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കേണ്ടത്. മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള ടിഎംസിയാണ് യഥാര്‍ത്ഥ കോണ്‍ഗ്രസ് എന്നും അവര്‍ അവകാശപ്പെട്ടു. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളെല്ലാം തൃണമൂലില്‍ ചേരാന്‍ തയ്യാറാവണം. ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിക്കുന്ന ഏക പാര്‍ട്ടി തൃണമൂലും, അതിന്റെ നേതാവ് മമതയുമാണെന്നും പാര്‍ട്ടി പറഞ്ഞു. ബംഗാളിലെ നഗര വികസന വകുപ്പ് മന്ത്രി ഫിര്‍ഹാദ് ഹക്കീം രൂക്ഷമായിട്ടാണ് കോണ്‍ഗ്രസിനെ വിമര്‍ശിച്ചത്. ഇത്രയും വലിയ പാര്‍ട്ടിയായ കോണ്‍ഗ്രസ് എങ്ങനെയാണ് അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നതെന്ന് മനസ്സിലാവുന്നില്ലെന്ന് ഹക്കീം പറയുന്നു

ഞങ്ങളും ഈ പാര്‍ട്ടിയുടെ ഭാഗമായിരുന്നു. കോണ്‍ഗ്രസ് ഇനി ടിഎംസിയില്‍ ലയിക്കുന്നതാണ് നല്ലത്. ഇതാണ് അതിനുള്ള കൃത്യമായ സമയം. ദേശീയ തലത്തില്‍ മഹാത്മാ ഗാന്ധിയുടെയും സുഭാഷ് ചന്ദ്രബോസിന്റെയും ആശയങ്ങള്‍ ഉപയോഗിച്ച് നമുക്ക് നാഥുറാം ഗോഡ്‌സെയുടെ ആശയങ്ങള്‍ പിന്തുടരുന്നവര്‍ക്കെതിരെ പോരാടാമെന്നും ഫിര്‍ഹാദ് ഹക്കീം വ്യക്തമാക്കി. തൃണമൂല്‍ വക്താവ് കുനാല്‍ ഘോഷിനും ഇതേ നിലപാടായിരുന്നു. ഇത് ദീര്‍ഘകാലമായി പറയുന്ന കാര്യമാണ്. ബിജെപിയെ പോലൊരു ശക്തിയോട് കോണ്‍ഗ്രസിന് ഒരിക്കലും പോരാടാന്‍ സാധിക്കില്ല. ബിജെപിയെ നേരിടാന്‍ മമതയെ പോലൊരു നേതാവ് വേണം

കോണ്‍ഗ്രസിന് ഇതൊന്നും പറഞ്ഞാല്‍ മനസ്സിലാവില്ലെന്നും കുനാല്‍ ഘോഷ് പറഞ്ഞു. നേരത്തെ ടിഎംസിയുടെ മുഖപത്രം ജാഗോ ബംഗ്ലയും ഇക്കാര്യം പലപ്പോഴും സൂചിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് വെറും ട്വിറ്ററില്‍ മാത്രമുള്ള പാര്‍ട്ടിയാണെന്ന് അവര്‍ പറഞ്ഞിരുന്നു. മമത പലപ്പോഴും പ്രതിപക്ഷ ഐക്യത്തിന് ശ്രമിച്ചപ്പോഴും കോണ്‍ഗ്രസ് താല്‍പര്യം പ്രകടിപ്പിച്ചില്ലെന്നും ജാഗോ ബംഗ്ല കുറ്റപ്പെടുത്തിയിരുന്നു. അതേസമയം തൃണമൂലിന്റെ ദേശീയ പ്ലാനിന് നല്ല തുടക്കമാണ് ഗോവയില്‍ ലഭിച്ചത്

ഇവിടെ തീരദേശ മേഖലയില്‍ കോണ്‍ഗ്രസിന്റെ സാധ്യതകളെ തകര്‍ത്തത് തൃണമൂലാണ്. ലൂസീഞ്ഞോ ഫലെയ്‌റോയുടെ നേതൃത്വം ഗുണം ചെയ്തിരുന്നു. എന്നാല്‍ ടിഎംസിക്ക് ഒരു സീറ്റിലും വിജയിക്കാന്‍ സാധിച്ചിരുന്നില്ല. ഇവരുടെ സഖ്യകക്ഷിയായ മഹാരാഷ്ട്രവാദിത ഗോമന്തക് പാര്‍ട്ടി രണ്ട് സീറ്റില്‍ വിജയിച്ചു. ഇവര്‍ ബിജെപിയെ പിന്തുണയ്ക്കുമെന്നാണ് സൂചന. ഇത് തൃണമൂല്‍ ഒരിക്കലും പ്രതീക്ഷിക്കാത്തതാണ്. ഗോവയില്‍ മത്സരിച്ചത് മികച്ച അനുഭവമാണ്

കിട്ടിയ വോട്ടില്‍ സംതൃപ്തരാണ്. പക്ഷേ എംജിപിയുടെ തീരുമാനത്തെ കുറിച്ച് അറിില്ലെന്ന് കുനാല്‍ ഘോഷ് പറഞ്ഞു. തൃണമൂലിന്റെ പരാമര്‍ശങ്ങള്‍ക്ക് ചുട്ടമറുപടിയുമായി ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരി രംഗത്ത് വന്നിട്ടുണ്ട്. ബിജെപിയുടെ ഏറ്റവും വലിയ ഏജന്റ് തൃണമൂലാണ്. അവര്‍ക്ക് ബിജെപിയുമായി പോരാടണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹമുണ്ടെങ്കില്‍, മമത സ്വന്തം പാര്‍ട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിക്കുകയാണ് വേണ്ടതെന്നും ചൗധരി പറഞ്ഞു. 

Eng­lish Summary:TMC wel­comes Con­gress to Tri­namool Con­gress; And that the Con­gress should merge with the TMC

You may also like this video:

Exit mobile version