Site icon Janayugom Online

സമീപകാല പോക്സോ കേസ് വിധികൾ അക്രമകാരികള്‍ക്ക് തുണയാകുമെന്ന് ആശങ്ക

കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളെ തടയുന്നതിനായുള്ള പോക്സോ നിയമത്തിന്റെ അന്തസത്ത തന്നെ ഇല്ലാതാക്കുന്ന വിധികള്‍ കോടതികളില്‍ നിന്നുണ്ടാകുന്നത് അക്രമകാരികള്‍ക്ക് തുണയാകുമെന്ന് ആശങ്ക. ബോംബെ ഹൈക്കോടതിയില്‍ നിന്ന് പോക്സോ നിയമവുമായി ബന്ധപ്പെട്ട കേസുകളില്‍ സമീപകാലത്തുണ്ടായ രണ്ട് വിധികള്‍ ലൈംഗിക ചൂഷകര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതാണെന്നാണ് ആരോപണം. ബോംബെ ഹൈക്കോടതിയുടെ വിധികള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് അറ്റോര്‍ണി ജനറല്‍ ഓഫ് ഇന്ത്യയും മഹാരാഷ്ട്ര സര്‍ക്കാരും സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.

കുറ്റാരോപിതനും ഇരയും തമ്മില്‍ ശരീരങ്ങള്‍ നേരിട്ട് സ്പര്‍ശിച്ചില്ലെങ്കില്‍, അത് പോക്‌സോ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നായിരുന്നു ജനുവരി 24ന് ബോംബെ ഹൈക്കോടതിയുടെ വിധി. വസ്ത്രത്തിന് മുകളിലൂടെ, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ പിടിച്ചുവെന്ന കേസില്‍ കുറ്റാരോപിതനെ വിട്ടയച്ചുകൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. പോക്‌സോ നിയമത്തിന്റെ എട്ടാം വകുപ്പില്‍ പറഞ്ഞിരിക്കുന്നത് നേരിട്ടുള്ള ശരീര സ്പര്‍ശം ഉണ്ടായിരിക്കണമെന്നാണെന്നും അതിനാല്‍ പോക്‌സോ നിയമത്തിന്റെ കീഴില്‍ ഈ കുറ്റകൃത്യം ഉള്‍പ്പെടുന്നില്ലെന്നും, അപമാനിക്കാന്‍ ശ്രമിച്ചുവെന്ന കേസായി (ഐപിസി 354 വകുപ്പ് പ്രകാരം) മാത്രമെ കാണാന്‍ സാധിക്കൂവെന്നുമായിരുന്നു കോടതിയുടെ നാഗ്പൂര്‍ ബെഞ്ചിന്റെ അഭിപ്രായം.

ഇത് അങ്ങേയറ്റം അപകടകരവും അന്യായവുമായ വിധിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ഇന്നലെ സുപ്രീം കോടതിയെ സമീപിച്ചത്. കയ്യില്‍ ഗ്ലൗസ് ധരിച്ചുകൊണ്ട് ഒരാള്‍ കുട്ടിയെ ശരീരം മുഴുവന്‍ സ്പര്‍ശിച്ചാലും അത് പോക്‌സോ നിയമപ്രകാരം കുറ്റമല്ലെന്ന തരത്തിലാണ് ബോംബെ ഹൈക്കോടതിയുടെ വിധിയെന്ന് അറ്റോര്‍ണി ജനറല്‍ സൂചിപ്പിച്ചു. ഇതിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ കോടതി കണ്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 43,000 പോക്‌സോ കേസുകളാണ് രാജ്യത്ത് കഴിഞ്ഞ വര്‍ഷം മാത്രമുണ്ടായിരിക്കുന്നത്. പോക്‌സോ നിയമത്തിന് തന്നെ വിരുദ്ധമാണ് ബോംബെ ഹൈക്കോടതിയുടെ വിധിയെന്നും അദ്ദേഹം പറഞ്ഞു.

ജസ്റ്റിസുമാരായ യു യു ലളിത്, അജയ് റസ്തോഗി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് അപ്പീല്‍ കേള്‍ക്കുന്നത്. മഹാരാഷ്ട്ര സര്‍ക്കാരിന്റെ അഭിഭാഷകന്‍ രാഹുല്‍ ചിറ്റ്നിസും എജിയുടെ വാദങ്ങള്‍ പിന്താങ്ങുന്നതായി അറിയിച്ചു. ദേശീയ വനിതാ കമ്മിഷനും ഈ വിഷയത്തില്‍ മറ്റൊരു അപ്പീല്‍ കോടതിയില്‍ നല്‍കിയിട്ടുണ്ട്.

ഈ കേസിലെ വിധി പ്രഖ്യാപിച്ച ജഡ്ജ് പുഷ്പ ഗനേഡിവാലയാണ് വിവാദമായ മറ്റൊരു കേസിലും പോ‌ക്‌സോ നിയമത്തിന് വിരുദ്ധമായ വിധി പറഞ്ഞിരിക്കുന്നത്. ജനുവരി 28നുള്ള വിധിയില്‍ വ്യക്തമാക്കിയിരിക്കുന്നത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കൈ പിടിച്ച് പാന്റ്സിന്റെ സിബ് തുറക്കുന്നതും കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമത്തിന്റെ പരിധിയില്‍ വരില്ലെന്നാണ്. ഇതിനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയ അപ്പീലും സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

ഇതിനിടെയാണ്, പോക്‌സോ കേസില്‍ പ്രതിയെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ രണ്ട് വര്‍ഷത്തോളം വൈകിയ ഹിമാചല്‍ പ്രദേശ് സര്‍ക്കാരിന് സുപ്രീം കോടതി തിങ്കളാഴ്ച താക്കീത് നല്‍കിയത്. ഇത്രയും സുപ്രധാനമായ ഒരു കേസില്‍ സര്‍ക്കാര്‍ നടത്തിയ അലംഭാവം ഞെട്ടിപ്പിക്കുന്നതാണെന്നും വൈകിയതിന് ഒരു ന്യായീകരണം പോലുമില്ലെന്നും ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, റിഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ച് പ്രതികരിച്ചു. 25,000 രൂപ പിഴയായി അടക്കണമെന്നും ഹിമാചല്‍ പ്രദേശ് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

You may also like this video:

Exit mobile version