കടലാക്രമണ ഭീഷണി നേരിടുന്ന ആറാട്ടുപുഴ പെരുമ്പള്ളി തീരം ജിയോ ബാഗ് അടുക്കി സംരക്ഷിക്കുന്ന പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. ഒരാഴ്ച മുമ്പ് ചാക്ക് നിറക്കുന്ന പണി ആരംഭിച്ചെങ്കിലും പാതിവഴിയിൽ മുടങ്ങി. പിന്നീട് കടലാക്രമണം ശക്തമാകുകയും പെരുമ്പള്ളി ഭാഗത്ത് തീരദേശ റോഡ് ഏതു നിമിഷവും കടലെടുക്കാവും അവസ്ഥയിലെത്തി. ഈ സാഹചര്യത്തിലാണ് 300 മീറ്റർ ഭാഗത്ത് ജിയോ ബാഗ് അടുക്കി തീരെ സംരക്ഷിക്കാൻ നടപടി ആരംഭിച്ചത് കഴിഞ്ഞവർഷത്തെ കടലാക്രമണത്തിൽ ഇവിടെ റോഡ് ഭാഗികമായി നശിക്കുകയും മണ്ണിനടിയിൽ ആവുകയും ചെയ്തിരുന്നു.
ഇതുമൂലം ദിവസങ്ങളോളം ഗതാഗതം മുടങ്ങി. മണ്ണ് നീക്കാൻ യന്ത്രം എത്തിയെങ്കിലും തീരം സംരക്ഷിക്കാതെ മണ്ണ് നീക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തുവന്നു. തുടർന്ന് ദിവസങ്ങളോളം ഗതാഗതം തടസ്സപ്പെട്ടു. ജിയോ ബാഗ് അടുക്കി ഉടൻ തന്നെ തീരം സംരക്ഷിക്കാമെന്ന ഉറപ്പിന തുടർന്നാണ് അന്ന് സമരം അവസാനിപ്പിച്ചത്. ഇറിഗേഷൻ അസിസ്റ്റന്റ് എഞ്ചിനീയർ ജ്യോതിയുടെ മേൽനോട്ടത്തിലാണ് പ്രവർത്തനം നടക്കുന്നത്.