Site iconSite icon Janayugom Online

പ്ലൈവുഡ് വ്യവസായത്തെ രക്ഷിക്കാൻ പാഴ്‌മര കൃഷി വ്യാപകമാക്കും

മലവേപ്പ് അടക്കമുള്ള പാഴ്മരങ്ങള്‍ വ്യാവസായികാടിസ്ഥാനത്തില്‍ നട്ട് വളര്‍ത്തി വരുമാനം ലഭ്യമാകുന്ന പദ്ധതി ഇടുക്കി ജില്ലയിലും വ്യാപകമായി നടപ്പിലാക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിൽ. സോമിൽ ഓണേഴ്സ് ആൻഡ് പ്ലൈവുഡ് മാനുഫാക്ചേഴ്സ് അസോസിയേഷനാണ് (സോപ്മ) വനം, കൃഷി വകുപ്പുകളുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കുന്നത്. പാഴ്മരങ്ങളുടെ ലഭ്യതക്കുറവ് പ്ലൈവുഡ് വ്യവസായത്തിന് തിരിച്ചടിയാകുന്ന സാഹചര്യത്തിലാണ് സോപ്മ രംഗത്തെത്തിയത്. കര്‍ഷകര്‍, കാര്‍ഷിക സംഘടനകള്‍ തുടങ്ങി പദ്ധതി നടപ്പിലാക്കാൻ താല്‍പര്യമുളള ഏവര്‍ക്കും പാഴ്മരങ്ങളുടെ തൈകള്‍ സൗജന്യമായി വിതരണം ചെയ്യും. നട്ട് വളര്‍ത്തി നാല് വര്‍ഷങ്ങള്‍ വളര്‍ച്ചയെത്തുമ്പോള്‍ മരങ്ങള്‍ സോപ്മയുടെ നേതൃത്വത്തില്‍ തിരച്ചെടുക്കും.

നിലവില്‍ 12, 000 രൂപ നിരക്കിലാണ് സോപ്മ മരങ്ങള്‍ വാങ്ങുന്നത്. പദ്ധതി പ്രകാരം ഒരു കോടി മലവേപിൻ തൈ സൗജന്യമായി വിതരണം ചെയ്യും. പ്ലൈവുഡ് വ്യവസായത്തിന് അസംസ്കൃത വസ്തുക്കൾ സുലഭമാക്കുന്നതിനൊപ്പം കർഷകർക്ക് മികച്ച വരുമാനവും ലഭ്യമാക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്ന്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്ലൈവുഡ് ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്ന പെരുമ്പാവൂര്‍ നഗരത്തില്‍ മാത്രം ഓരോ വര്‍ഷവും 9 കോടിയുടെ മരങ്ങളാണ് ആവശ്യമായിട്ടുളളത്. മലവേപ്പ്, കാട്ടുവേപ്പ്, കാട്ടുകടുക്ക എന്നിങ്ങനെ പ്രാദേശികമായ പേരുകളുള്ള മരങ്ങളാണ് വിതരണം ചെയ്യുന്നത്. കൃഷി ചെയ്താല്‍ റബറിനേക്കാൾ മികച്ച വരുമാനം ലഭിക്കും.

ഉത്പാദനച്ചെലും കുറവാണ്. തേക്ക്, മഹാഗണി പോലുള്ള മരങ്ങൾ വളർന്ന് പാകമെത്താൻ വർഷങ്ങളുടെ കാലതാമസം ഉണ്ടാകുമ്പോള്‍ നാല് വർഷം കൊണ്ട് മലവേപ്പ് മുറിച്ചെടുക്കാൻ കഴിയും. പശ്ചിമഘട്ടം, ആന്ധ്രപ്രദേശ്, ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര, തമിഴ്‌നാട്എന്നിവിടങ്ങളിൽ മലവേപ്പിന്റെ കൃഷി വ്യാപകമാണ്. രണ്ടുവർഷംകൊണ്ട് 20അടിവരെ ഉയരം വയ്ക്കും. ഇടുക്കി ജില്ലയുടെ ഭൂമിശാസ്ത്രപരമായ സൗകര്യവും അനുകൂല കാലാവസ്ഥയും പദ്ധതിക്ക് പരമാവധി പ്രയോജനപ്പെടുത്താനാണ് സോപ്മ ലക്ഷ്യമിടുന്നത്. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ വെറുതെ കിടക്കുന്ന ഭൂമികളിലും പദ്ധതി നടപ്പിലാക്കാനാണ് ശ്രമം. 

Eng­lish sum­ma­ry ; To save the ply­wood indus­try, palm tree cul­ti­va­tion will be expanded

You may also like this video

Exit mobile version