Site iconSite icon Janayugom Online

സിപിഐ(എം) പാർട്ടി കോൺഗ്രസ് മൂന്നാം ദിവസത്തിലേക്ക്

സിപിഐ(എം) പാർട്ടി കോൺഗ്രസിന്റെ രണ്ടാം ദിവസം കരട് രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള പൊതു ചർച്ച ആരംഭിച്ചു. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ബുധനാഴ്ചയാണ് കരട് രാഷ്ട്രീയ പ്രമേയവും അതുസംബന്ധിച്ചു വന്ന പ്രധാന ഭേദഗതികളും പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ചത്. 4001 ഭേദഗതികളാണ് സമയ പരിധിക്കുള്ളിൽ കേന്ദ്ര കമ്മിറ്റി മുമ്പാകെ വന്നതെന്ന് സീതാറാം യെച്ചൂരി അറിയിച്ചു. കരട് രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള ചർച്ചയിൽ ഇന്നലെ പി രാജീവ് (കേരളം), ശ്രീജൻ ഭട്ടാചാര്യ (പശ്ചിമബംഗാൾ), ആർ ഭദ്രി (തമിഴ്‌നാട്), ഉദയ് നർക്കർ (മഹാരാഷ്ട്ര), ഹരിപാദ ദാസ് (ത്രിപുര), ലാലൻ ചൗധരി (ബിഹാർ), രാം ഗോപാൽ (ആന്ധ്രാ പ്രദേശ്), പ്രകാശ് വിപ്ലവ് (ജാർഖണ്ഡ്), ജനാർദ്ദൻ പതി (ഒഡിഷ), ഇസ്‌ഫക്കർ റെഹ്മാൻ (അസം), ധുലി ചന്ദ് (രാജസ്ഥാൻ), ബാലകൃഷ്ണ ഷെട്ടി (കർണാടക) എന്നിവർ പങ്കെടുത്തു.

പാർട്ടി കോൺഗ്രസിന് ലോകത്തെ നാല്പതോളം കമ്മ്യൂണിസ്റ്റ്-തൊഴിലാളി പാർട്ടികളിൽ നിന്നുള്ള സന്ദേശം ലഭിച്ചതായും യെച്ചൂരി അറിയിച്ചു. ജനങ്ങൾക്ക് ദുരിതം സൃഷ്ടിച്ചുകൊണ്ട് മനുഷ്യത്വരഹിതമായ രീതിയിലാണ് കേന്ദ്ര സർക്കാർ പെട്രോൾ, ഡീസൽ വില നിത്യേന വർധിപ്പിച്ചുകൊണ്ടിരിക്കുന്നതെന്ന് പാർട്ടി കോൺഗ്രസ് അംഗീകരിച്ച പ്രമേയത്തിൽ പറഞ്ഞു. എൻഡിഎ ഭരണകൂടം ഏർപ്പെടുത്തിയ അധിക നികുതി പിൻവലിക്കണം. ധനിക വിഭാഗത്തിന് നിയന്ത്രണവും നികുതിയും ഏർപ്പെടുത്തി പെട്രോളിയം ഉല്പന്നങ്ങളുടെ വിലയിൽ കുറവ് വരുത്തുകയും പെട്രോളിയം മേഖലയിലെ പൊതുമേഖല സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കുന്നത് അവസാനിപ്പിക്കുകയും ചെയ്യണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.

Eng­lish sum­ma­ry; To the third day of the cpi(m) par­ty congress

You may also like this video;

Exit mobile version