പുകയില ഉല്പന്നങ്ങള്‍ കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് മാത്രമല്ല വലിയ തോതില്‍ മലിനീകരണത്തിനും കാരണമാകുന്നുവെന്ന് പഠനം.
രാജ്യത്ത് പ്രതിവര്‍ഷം 1.7 ലക്ഷം ടണ്‍ മാലിന്യങ്ങള്‍ പുകയില ഉപഭോഗം കാരണമാണ് സൃഷ്ടിക്കപ്പെടുന്നതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ കാന്‍സര്‍ പ്രതിരോധ ഗവേഷണ വിഭാഗവും ജോധ്പൂര്‍ എയിംസും ചേര്‍ന്ന് 17 സംസ്ഥാനങ്ങളില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി.
പഠനത്തിന്റെ ഭാഗമായി 70 പാക്കറ്റ് സിഗരറ്റുകള്‍, 94 ബീഡി പാക്കറ്റുകള്‍, 58 പാക്കറ്റ് പുക രഹിത പുകയില എന്നിവ വാങ്ങുകയും ഇവയ്ക്കുപയോഗിക്കുന്ന പ്ലാസ്റ്റിക്, ലോഹക്കടലാസുകള്‍, പുകയില അവശിഷ്ടങ്ങള്‍ എന്നിവയുടെ തൂക്കം കണക്കാക്കുകയും ചെയ്തു. 17 സംസ്ഥാനങ്ങളില്‍ 33 ജില്ലകളിലായി 2022 ജനുവരി മുതല്‍ ഏപ്രില്‍ വരെയാണ് ഗ്ലോബല്‍ അഡള്‍ട്ട് ടുബാക്കോ (ഗാട്സ് 2) എന്ന പേരിലുള്ള പഠനം നടന്നത്. രാജ്യത്ത് 26.7 കോടി പേര്‍ വിവിധയിനം പുകയില ഉല്പന്നങ്ങള്‍ ഉപയോഗിക്കുന്നവരാണെന്നാണ് പഠനത്തില്‍ വെളിപ്പെട്ടത്.
അവശിഷ്ടങ്ങളില്‍ 73,500 ടണ്‍ പ്ലാസ്റ്റിക് ഇനത്തില്‍പ്പെട്ടവയാണ്. പുകയില ഉല്പന്നങ്ങള്‍ പാക്ക് ചെയ്യുന്നതിന് 20 ലക്ഷം മരങ്ങളെങ്കിലും മുറിക്കേണ്ടിവരുന്നുണ്ടെന്ന് പഠനത്തില്‍ പങ്കെടുത്ത ജോധ്പൂര്‍ എയിംസിലെ ഡോക്ടര്‍ പങ്കജ് ഭരദ്വാജ് പറഞ്ഞു. 89,402 ടണ്‍ കടലാസ് മാലിന്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. അവശിഷ്ടമായി ലഭിക്കുന്ന അലൂമിനിയം ലോഹക്കടലാസുകള്‍ 6,703.47 ടണ്ണാണ്. ഇതുകൊണ്ട് 33 ബോയിങ് 747 വിമാനങ്ങള്‍ നിര്‍മ്മിക്കാവുന്നതാണെന്നും പഠനത്തിലുണ്ട്.
English Summary: Tobacco products are also a cause of pollution
You may also like this video

