Site iconSite icon Janayugom Online

കുട്ടികളില്‍ പുകയില ഉപയോഗം കുറയുന്നു

കേരളത്തിലെ കുട്ടികള്‍ പുകയിലയെ അകറ്റി നിര്‍ത്താന്‍ ശ്രമിക്കുന്നതായി പഠനം. കുട്ടികളിലെ പുകയില ഉപയോഗം വളരെ കുറഞ്ഞ സംസ്ഥാനങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് കേരളത്തിന്റെ സ്ഥാനം. ഗ്ലോബല്‍ യൂത്ത് ടുബാക്കോ സര്‍വേയുടെ കേരളത്തിലെ പുകയില ഉപയോഗം സംബന്ധിച്ച പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഹിമാചല്‍ പ്രദേശാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. കര്‍ണാടക, ഗോവ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളും തൊട്ടു പിന്നില്‍ തന്നെയുണ്ട്. കേന്ദ്ര ഭരണ പ്രദേശങ്ങളായ ചണ്ഡിഗ‌ഢ്, ദാദ്ര നഗര്‍ ഹാവേലി എന്നിവയും കുട്ടികളിലെ പുകയില ഉപയോഗത്തിന്റെ കാര്യത്തില്‍ കേരളത്തെക്കാള്‍ പിന്നിലാണ്. കേരളത്തിലെ ഗ്രാമപ്രദേശങ്ങളിലാണ് പുകയില ഉപയോഗം കൂടുതലായി ഉള്ളതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

13 നും 15 നും ഇടയില്‍ പ്രായമുള്ള കുട്ടികളിലെ പുകയില ഉപയോഗസൂചകങ്ങളാണ് പഠനവിധേയമാക്കപ്പെട്ടത്. 32 സ്കൂളിലെ 3206 കുട്ടികളെ പഠനവിധേയരാക്കുകയുണ്ടായി. ഇതില്‍ 11 പബ്ലിക്ക് സ്കൂളുകളും 21 സ്വകാര്യ സ്കൂളുകളും ഉള്‍പ്പെടും. പഠനവിധേയരായ കുട്ടികളില്‍ 2930 പേരും 13 നും 15 നും ഇടയില്‍ പ്രായമുള്ളവരാണ്. പഠനം സൂചിപ്പിക്കുന്നത് പ്രകാരം സംസ്ഥാനത്തെ കുട്ടികളില്‍ 3.2 ശതമാനവും ഏതെങ്കിലും തരത്തിലുള്ള പുകയില ഉപയോഗിക്കുന്നുണ്ട്. ഇതില്‍ 5.4 ശതമാനം ആണ്‍കുട്ടികളും 0.9 ശതമാനം പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. ഇതില്‍ 2.4 ശതമാനം പേരും പുകവലിക്കുന്നവരാണ്. അതില്‍ 4.4 ശതമാനം ആണ്‍കുട്ടികളും 0.4 ശതമാനം പെണ്‍കുട്ടികളുമാണ്. പുകയില്ലാത്ത പുകയില ഉല്പന്നങ്ങള്‍ ഉപയോഗിക്കുന്ന 37 ശതമാനം കുട്ടികളും ഉപയോഗം ഉടനടി നിര്‍ത്താന്‍ ആഗ്രഹിക്കുന്നവരാണ്.

സംസ്ഥാനത്തെ 8.6 ശതമാനം കുട്ടികള്‍ വീട്ടില്‍ നിന്ന് പുകയില പുക ഏല്‍ക്കുന്നു. 25 ശതമാനം അടച്ചിട്ട പൊതുസ്ഥലമായ ഹോട്ടലുകള്‍, സിനിമ തിയേറ്ററുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ശുചിമുറികള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ നിന്നും പുകയില ഏല്‍ക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ സ്കൂള്‍ കേന്ദ്രീകൃത പുകയില നിയന്ത്രണ പരിപാടികള്‍ വന്‍ വിജയമാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. 94 ശതമാനം സ്കൂള്‍ അധികൃതരും പുകയില നിയന്ത്രണ നിയമത്തെക്കുറിച്ച് ബോധവാന്മാരും നിയമം നടപ്പാക്കലില്‍ പങ്കാളികളുമാണ്. തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലില്‍ നടന്ന സംസ്ഥാനതല ശില്പശാലയില്‍ വച്ച് ആരോഗ്യ കേരളം മിഷന്‍ ഡയറക്ടര്‍ രത്തല്‍ ഖേല്‍ക്കര്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടറായ ഡോ. മീനാക്ഷിയ്ക്ക് പഠന റിപ്പോര്‍ട്ട് നല്കി പ്രകാശനം ചെയ്തു. ഭാവന മുഖോപാധ്യായ, പ്രണയലാല്‍, ഡോ. ബിപിന്‍ ഗോപാല്‍, ഡോ. മനു എം എസ്, പ്രൊഫ. ആര്‍ രംഗരാജന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Eng­lish Sumam­ry: Tobac­co use among chil­dren is lowing
You may also like this video

Exit mobile version