സന്തോഷവും പ്രതീക്ഷയും പരാതികളും പരിഭവങ്ങളും പങ്കുവച്ച് നവകേരള സദസ് ഏറനാടിന്റെ ഹൃദയം കവര്‍ന്നു. ജില്ലയിലെ മൂന്നാംദിന പര്യടനം വന്‍ ജനപിന്തുണകൊണ്ട് ശ്രദ്ധേയമായി. മലപ്പുറത്തെ വാര്‍ത്താസമ്മേളനത്തിനു ശേഷം കൊണ്ടോട്ടി മണ്ഡലത്തിലായിരുന്നു ആദ്യ സ്വീകരണം. ഇവിടെ രാവിലെ ഒമ്പതിന് ആരംഭിച്ച പരാതി കൗണ്ടറുകളില്‍ ജനം അവരുടെ ആവലാതികളുടേയും ആവശ്യങ്ങളുടേയും കെട്ടഴിച്ചു. കക്ഷിരാഷ്ട്രീയ ഭേദമില്ലാതെയാണ് കൊണ്ടോട്ടിയില്‍ ആളുകള്‍ തടിച്ചുകൂടിയത്. 31,000ത്തിലധികം പരാതികളാണ് കഴിഞ്ഞ രണ്ട് ദിവസം ലഭിച്ചത്.
നേരത്തെ വേദിയിലെത്തിയ മന്ത്രിമാരായ കെ രാധാകൃഷ്ണനും ജി ആര്‍ അനിലും വി അബ്ദുറഹ്‌മാനും സര്‍ക്കാറിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഊന്നി സംസാരിച്ചപ്പോള്‍ മുഖ്യമന്ത്രി രാഷ്ട്രീയ നിലപാടുകള്‍ക്കാണ് പ്രാധാന്യം നല്‍കിയത്. ഉച്ചക്ക് ശേഷം മഞ്ചേരി മണ്ഡലത്തിലായിരുന്നു ആദ്യപരിപാടി. വേനല്‍ ചൂടിനെ അവഗണിച്ച് നൂറുകണക്കിനാളുകള്‍ മഞ്ചേരി ബോയ്‌സ് ഹയര്‍സെക്കന്‍ഡറി മൈതാനിയിലെത്തി. മന്ത്രിമാരായ വി എന്‍ വാസവനും റോഷി അഗസ്റ്റിനും പി പ്രസാദും ആമുഖമായി സംസാരിച്ചു. നാടിന്റെ വികസനത്തിന് കക്ഷിരാഷ്ട്രിയത്തനതീതമായി എല്ലാവരുടേയും സഹായം ആവശ്യമാണെന്നും സര്‍ക്കാരിനൊപ്പം ജനങ്ങളുണ്ടെന്നതിന്റെ പ്രഖ്യാപനമാണ് പൂര്‍ത്തിയാക്കിയ നവകേരളസദസിന്റെ ഓരോ കേന്ദ്രത്തിലും തിങ്ങിനിറഞ്ഞ ജനാവലി പറയുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മങ്കട ഗവ ബോയ്‌സ് ഹയര്‍സെക്കഡറി സ്‌കൂളിലായിരുന്നു മൂന്നാമത്തെ വേദി. മന്ത്രിമാരായ കെ രാജനും ഡോ. ആര്‍ ബിന്ദുവും മുഹമ്മദ് റിയാസും നേരത്തെ എത്തി പ്രസംഗം പൂര്‍ത്തിയാക്കി. തൊട്ടു പിന്നാലെ നവകേരളത്തിന്റെ കൊടിയടയാളവുമായി മന്ത്രി സംഘം സഞ്ചരിച്ച ബസ് മങ്കടയുടെ മണ്ണിലെത്തിയപ്പോള്‍ ആവേശം അലകടലായി മാറി. വൈകിട്ട് മലപ്പുറം എംഎസ്‌പി മൈതാനിയിലും നിറഞ്ഞൊഴുകന്ന സദസാണ് കാത്തിരുന്നത്. മന്ത്രിമാരായ ജെ ചിഞ്ചുറാണിയും അഹമ്മദ് ദേവര്‍കോവിലും തുടങ്ങി വച്ച സദസിന്റെ വേദിയിലേക്ക് മുഖ്യമന്ത്രി എത്തിയതോടെ ജില്ലയുടെ ആസ്ഥാനം ജനഘോഷങ്ങളാല്‍ മുഖരിതമായി.
ഇന്ന് രാവിലെ ഒമ്പതിന് പെരിന്തൽമണ്ണ ഷിഫാ കൺവെൻഷൻ സെന്ററിൽ പ്രഭാതസദസ് നടക്കും. തുടർന്ന് ഏറനാട് മണ്ഡലം സദസ് രാവിലെ 11ന് അരീക്കോട് പഞ്ചായത്ത് ഗ്രൗണ്ടിലും വൈകിട്ട് മൂന്നിന് നിലമ്പൂർ മണ്ഡലം സദസ് വഴിക്കടവ് പഞ്ചായത്തിലെ മുണ്ട ഗ്രൗണ്ടിലും വണ്ടൂർ മണ്ഡലം സദസ് വൈകിട്ട് 4.30ന് വിഎംസി ഹൈസ്കൂൾ ഗ്രൗണ്ടിലും, പെരിന്തൽമണ്ണ മണ്ഡലം സദസ് വൈകിട്ട് ആറിന് നെഹ്രു സ്റ്റേഡിയത്തിലും നടക്കും. ഇതോടെ ജില്ലയിലെ നവകേരള സദസിന്റെ പര്യടനം പൂര്‍ത്തിയാകും.
English Summary:today in Nilambur and Valluvanad
You may also like this video