Site icon Janayugom Online

അടിതെറ്റിയാല്‍ വീഴും ; ഇന്ത്യയ്ക്ക് ഇന്ന് ജീവന്മരണ പോരാട്ടം; ശ്രീലങ്കയെ നേരിടും

ഏഷ്യാ കപ്പില്‍ ജയിച്ചാല്‍ മാത്രം ഫൈനല്‍ പ്രതീക്ഷയുള്ള ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. സൂപ്പര്‍ ഫോറിലെ ആദ്യ പോരാട്ടത്തില്‍ പാകിസ്ഥാനോട് തോറ്റ ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങുമ്പോള്‍ ജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. രാത്രി 7.30ന് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം. ബാറ്റിങ് നിരയിലും ബൗളിങ് നിരയിലുമുള്ള സ്ഥിരതയില്ലായ്മയാണ് ഇന്ത്യയെ അലട്ടുന്ന പ്രശ്നം. പാകിസ്ഥാനെതിരായ മത്സരത്തില്‍ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ തിളങ്ങിയപ്പോള്‍ മധ്യനിര നിരാശപ്പെടുത്തുകയായിരുന്നു. ബൗളിങ്ങിന്റെ കാര്യത്തിലും ഇതേ അവസ്ഥയാണുള്ളത്. അതുകൊണ്ട് തന്നെ ശ്രീലങ്കയെ പെട്ടെന്ന് മറികടക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചെന്നു വരില്ല. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഫൈനലിലെത്താന്‍ ഇനി മറ്റു ടീമുകളുടെ പ്രകടനം കൂടി കണക്കുകൂട്ടേണ്ടി വരും. അടുത്ത രണ്ട് മത്സരങ്ങള്‍ ജയിക്കുകയും പാകിസ്ഥാന്‍ ശ്രീലങ്കയെ പരാജയപ്പെടുത്തുകയും ചെയ്താല്‍ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ എളുപ്പമാകും.

എന്നാല്‍ ശ്രീലങ്ക അടുത്ത രണ്ട് മത്സരങ്ങള്‍ ജയിച്ചാല്‍ നെറ്റ് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും ഫൈനലിലേക്കുള്ള പ്രവേശനം. ഈ സാഹചര്യം ഒഴിവാക്കാന്‍ അടുത്ത രണ്ട് മത്സരങ്ങളില്‍ ഇന്ത്യ വലിയ വിജയം തന്നെ സ്വന്തമാക്കേണ്ടി വരും. നിലവില്‍ ഇന്ത്യയുടെ നെറ്റ് റണ്‍ റേറ്റ് ‑0.126 ആണ്. രണ്ട് പോയിന്റ് വീതമുള്ള ശ്രീലങ്കയ്ക്കും (+0.589), പാകിസ്ഥാനും (+0.126) ഇന്ത്യയേക്കാള്‍ മികച്ച നെറ്റ് റണ്‍ റേറ്റുണ്ട്. അഞ്ചാം നമ്പറില്‍ റിഷഭ് പന്ത് വേണോയെന്നത് പ്രധാന ചോദ്യം. മോശം ഫോമിലാണ് റിഷഭ്. പാകിസ്ഥനെതിരേ അനാവശ്യ ഷോട്ട് കളിച്ചാണ് പുറത്തായത്. റിഷഭിന് പകരം ഇന്ത്യ ദിനേഷ് കാര്‍ത്തികിനെ പ്ലേയിങ് ഇലവനില്‍ പരിഗണിക്കേണ്ടതായുണ്ട്. പേസ് ബൗളിങ് നിരയില്‍ ഭുവനേശ്വര്‍ കുമാര്‍, അര്‍ഷദീപ് സിങ് എന്നിവര്‍ക്കൊപ്പം മൂന്നാം പേസറായി ദീപക് ചഹാറോ ആവേശ് ഖാനോ എത്തിയേക്കാനും സാധ്യതയുണ്ട്.

Eng­lish sum­ma­ry; Today India has a life and death strug­gle; Will face Sri Lanka

You may also like this video;

Exit mobile version