Site iconSite icon Janayugom Online

ഇന്ന് അന്താരാഷ്‌ട്ര ബാലികാ ദിനം: പെണ്‍കുഞ്ഞുങ്ങള്‍ ഒട്ടും സുരക്ഷിതരല്ലാത്ത ഇന്ത്യ

childchild

2022 ഒക്‌ടോബർ 11‑ന് അന്താരാഷ്‌ട്ര ബാലികാദിനം ആഘോഷിക്കാൻ രാജ്യം ഒരുങ്ങുമ്പോൾ, ഇന്ത്യയില്‍ പെൺകുഞ്ഞുങ്ങള്‍ ഒട്ടും സുരക്ഷിതരല്ലെന്ന് റിപ്പോര്‍ട്ടുകള്‍.
പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ലിംഗവിവേചനം തടയുന്നതിനും സമൂഹത്തെ ബോധവത്‌കരിക്കുകയാണ്‌ അന്താരാഷ്ട്ര ബാലിക ദിനാചരണത്തിന്റെ ലക്ഷ്യം. ഞങ്ങളുടെ സമയം.…ഞങ്ങളുടെ അവകാശം…ഞങ്ങളുടെ ഭാവി.… എന്നതാണ്‌ ഈ വര്‍ഷത്തെ അന്താരാഷ്ട്ര ബാലികാ ദിന സന്ദേശം. പെണ്‍ക്കുട്ടികള്‍ക്ക്‌ നേരെയുള്ള ശാരീരിക മാനസിക അതിക്രമങ്ങള്‍ തടയുന്നതിനൊപ്പം ശാക്തീകരണവും ലക്ഷ്യമിട്ടാണ്‌ എല്ലാ വര്‍ഷവും ഈ ദിനാചരണം.
അതേസമയം കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളുടെ സ്ഥിതിയെക്കുറിച്ച് അടുത്തിടെ നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോ (എൻസിആർബി) റിപ്പോർട്ട് പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍പ്രകാരം പെണ്‍കുട്ടികള്‍ക്കെതിരായ ക്രൂരതകള്‍ ഇന്ത്യയില്‍ ദിനംപ്രതി വര്‍ധനവ് രേഖപ്പെടുത്തുന്നു. കിഴക്കൻ സംസ്ഥാനങ്ങളിലാണ് പെണ്‍കുഞ്ഞുങ്ങള്‍ക്കെതിരെ ഏറ്റവും ക്രൂരമായ അതിക്രമങ്ങള്‍ നടക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.
എൻസിആർബി കഴിഞ്ഞ വർഷം പുറത്തുവിട്ട റിപ്പോര്‍ട്ടുകൾ പ്രകാരം 2021ൽ പശ്ചിമ ബംഗാളില്‍ മാത്രം കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളുടെ 9,523 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 26 ഓളം വ്യത്യസ്ത സംഭവങ്ങൾ ഓരോ ദിവസവും രേഖപ്പെടുത്തുന്നതായി കുട്ടികളുടെ ആരോഗ്യത്തിനും സംരക്ഷണത്തിനും വേണ്ടി പ്രവർത്തിക്കുന്ന ഒരു സർക്കാരിതര സംഘടനയായ ചൈൽഡ് റൈറ്റ്‌സ് ആൻഡ് യു നടത്തിയ ഒരു വിശകലന റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇരകളില്‍ 98.6 ശതമാനവും പെൺകുട്ടികൾ!

പെണ്‍കുട്ടികള്‍ക്കെതിരായ ക്രൂരകൃത്യങ്ങളില്‍ ആദ്യ അഞ്ച് സംസ്ഥാനങ്ങളുടെ പട്ടികയില്‍ പശ്ചിമ ബംഗാളും ഒഡിഷയുമാണ് ഇടം പിടിച്ചിരിക്കുന്നത്. ഒഡിഷയിൽ, കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളുടെ 7,899 കേസുകളാണ് രേഖപ്പെടുത്തുന്നത്. പ്രതിദിനം ശരാശരി 21 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതില്‍ ഇരകളെല്ലാം പെൺകുട്ടികളാണെന്നതാണ് അതീവ ദുഖകരം. ഒഡിഷയില്‍ കുട്ടികള്‍ക്കെതിരായുള്ള കുറ്റകൃത്യങ്ങളില്‍ 148 ശതമാനം വർദ്ധനവുണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാജ്യത്തുടനീളം കുട്ടികൾക്കെതിരെ നടക്കുന്ന മൊത്തം കുറ്റകൃത്യങ്ങളുടെ പകുതിയോളം നടക്കുന്നത് മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ്. ഏകദേശം 47. 1 ശതമാനം
2017–2021 കാലയളവിൽ, പശ്ചിമ ബംഗാളിൽ കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ 45.4 ശതമാനം വർദ്ധിച്ചു. ഏറ്റവും പുതിയ കണ്ടെത്തലുകൾ പ്രകാരം 2020 ലെ കേസുകളുടെ എണ്ണത്തിൽ നിന്ന് ഏഴ് ശതമാനം വർധനവാണുണ്ടായിരിക്കുന്നത്. പശ്ചിമ ബംഗാളിൽ ഇത്തരം 6,408 കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്, ഇത് സംസ്ഥാനത്ത് രേഖപ്പെടുത്തിയിട്ടുള്ള കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളുടെ 67.3 ശതമാനവും ആണ്. കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളുടെ പല കേസുകളും പലപ്പോഴും രേഖപ്പെടുത്തപ്പെടാതെ പോകുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ബിഹാറും അസമും ഇതില്‍ വ്യത്യസ്തരല്ല. ബീഹാറിൽ, 2021‑ൽ 3,964 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് സംസ്ഥാനത്തെ ആകെ കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളുടെ പകുതിയിലധികം (57.5 ശതമാനം) വരുമെന്നും കണക്കുകള്‍ വെളിപ്പെടുത്തുന്നു. തട്ടിക്കൊണ്ടുപോകൽ കേസുകളിൽ അസമിലും വർധനയുണ്ടായി — 2020 ൽ 2,312 ൽ നിന്ന് 2021 ൽ 2759 ആയി. മറ്റ് സംസ്ഥാനങ്ങളും ഈ കണക്കുകളില്‍ ഒട്ടും പിന്നിലല്ല. വിവേചനവും വിദ്യാഭ്യാസ നിഷേധവും ശൈശവ വിവാഹവും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സാക്ഷര കേരളംപോലും മറ്റ് സംസ്ഥാനങ്ങള്‍ക്കൊപ്പംതന്നെയാണ്
ശിശു സംരക്ഷണം ശക്തിപ്പെടുത്തുന്നതിനുള്ള നിരവധി സംരംഭങ്ങൾ ഉണ്ടായിരുന്നിട്ടും കുട്ടികള്‍ക്കെതിരായുളള ക്രൂരകൃത്യങ്ങളില്‍ ദിനേന വര്‍ധനവ് രേഖപ്പെടുത്തുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് മഹാമാരിയുടെ കാലഘട്ടത്തില്‍ പെണ്‍കുട്ടികള്‍ക്കെതിരായുള്ള ലൈംഗിക അതിക്രമങ്ങളിലും വര്‍ധനവാണ് രേഖപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

You may like this video also


Exit mobile version