Site iconSite icon Janayugom Online

ഇന്ന് അന്താരാഷ്ട്ര ചാന്ദ്രദിനം

ചന്ദ്രനില്‍ ആദ്യമായി മനുഷ്യന്‍ കാലുകുത്തിയിട്ട് ഇന്ന് 53 വര്‍ഷം പിന്നിടുകയാണ്. 1969 ജൂലൈ 21 ലെ നീല്‍ ആംസ്‌ട്രോങിന്റെ ചുവടുവെയ്പ്പ് ലോകജനതയോട് ആഹ്വാനം ചെയ്തത് അന്ന് വരെ മനുഷ്യന് അസാധ്യമെന്ന് വിചാരിച്ചിരുന്ന ശാസ്ത്രസത്യങ്ങളിലേക്ക് കണ്ണു തുറക്കുവാനാണ്.
അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ മനുഷ്യന്‍ ആകാശം കീഴടക്കുകയായിരുന്നു. ചന്ദ്രനില്‍ രണ്ടാമതായി കാലുകുത്തിയ എഡ്വിന്‍ ആല്‍ഡ്രിനും, വാഹനം നിയന്ത്രിച്ച മൈക്കല്‍ കോളിന്‍സും മനുഷ്യരാശിക്ക് എന്നും അഭിമാനിക്കാവുന്ന നേട്ടമാണുണ്ടാക്കിയത്.

ജ്യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ ജനങ്ങളെ ഓര്‍മ്മിപ്പിക്കാനും പ്രത്യേകിച്ച് വിദ്യാര്‍ത്ഥികളില്‍ ഇവ സംബന്ധമായ അവബോധം വളര്‍ത്തുവാനുമാണ് ഈ ദിവസം ചാന്ദ്ര ദിനമായി ആഘോഷിക്കുന്നത്. അതിജീവനത്തിനായി ചന്ദ്രനില്‍ ജീവന്റെ സാധ്യതകള്‍ തേടാന്‍ മനുഷ്യനു കഴിഞ്ഞതും ഈ സുപ്രധാന കാല്‍വെപ്പ് ഒന്നു കൊണ്ടു മാത്രമാണ്. അരനൂറ്റാണ്ടിനിപ്പുറം ചന്ദ്രനില്‍ നടത്തിയ നിരന്തരമായ പരീക്ഷണങ്ങള്‍ ജീവന്റെ പ്രതീക്ഷകള്‍ തന്നെയാണ് നല്‍കുന്നതും.

ചന്ദ്രനില്‍ ഇറങ്ങി ആറുമണിക്കൂറിനു ശേഷം ആംസ്‌ട്രോങ് ചന്ദ്ര പ്രതലത്തിലേക്ക് കാലെടുത്തുവച്ചു. ബഹിരാകാശ പേടകത്തിന് പുറത്ത് രണ്ടര മണിക്കൂറോളം അദ്ദേഹം ചെലവഴിച്ചു. തുടര്‍ന്ന് ബസ്സ് ആല്‍ഡ്രിനും ചന്ദ്രനില്‍ ഇറങ്ങി. രണ്ട് ബഹിരാകാശയാത്രികരും ചേര്‍ന്ന് 21.5 കിലോഗ്രാം ചാന്ദ്രവസ്തുക്കള്‍ ശേഖരിച്ചു. ഇത് വിശകലനത്തിനായി ഭൂമിയിലേക്ക് കൊണ്ടുവരികയും ചെയ്തിരുന്നു. മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ ഇറങ്ങിയതിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് 1971 ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണ്‍ ജൂലൈ 20 ദേശീയ ചാന്ദ്ര ദിനമായി ആഘോഷിക്കാന്‍ ആഹ്വാനം ചെയ്തു. ജ്യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ ജനങ്ങളെ ഓര്‍മിപ്പിക്കാന്‍ കൂടിയുള്ള ദിവസമാണിത്.

Eng­lish sum­ma­ry; Today is Inter­na­tion­al Lunar Day

You may also like this video;

Exit mobile version