കോവിഡാനന്തരം രണ്ട് വർഷമായി മുടങ്ങിപ്പോയ നെഹ്രു ട്രോഫി ജലമേള ഇന്ന് പുന്നമടയിൽ നടക്കും. രാവിലെ 11ന് മത്സരങ്ങൾക്ക് തുടക്കമാകും. ചെറുവള്ളങ്ങളുടെ ഹീറ്റ്സാണ് ആദ്യം. ഉച്ചയ്ക്ക് രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തിനു ശേഷമാകും ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങൾ ആരംഭിക്കുക. വൈകുന്നേരം നാലു മുതൽ അഞ്ചു വരെയാണ് ഫൈനൽ മത്സരങ്ങൾ. ചുണ്ടൻ വള്ളങ്ങളുടെ മത്സരത്തിൽ അഞ്ചു ഹീറ്റ്സുകളാണുള്ളത്. ഓരോ ഹീറ്റ്സിലും നാലു വള്ളങ്ങൾ വീതം മത്സരിക്കും. മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാലു വള്ളങ്ങളാണ് നെഹ്രു ട്രോഫിക്കുവേണ്ടിയുള്ള ഫൈനൽ പോരാട്ടത്തിനായി ഇറങ്ങുക.
മികച്ച സമയം കുറിക്കുന്ന ഒമ്പത് ചുണ്ടൻ വള്ളങ്ങൾ അടുത്ത വർഷത്തെ ചാമ്പ്യൻസ് ബോട്ട് ലീഗിൽ പങ്കെടുക്കുന്നതിന് യോഗ്യത നേടും. ഇത്തവണ ആദ്യമായി ചെറുവള്ളങ്ങളുടെ എല്ലാ വിഭാഗങ്ങളിലും ഫിനിഷ് ചെയ്യുന്ന സമയം പരിഗണിച്ചാണ് ജേതാക്കളെ തീരുമാനിക്കുന്നത്. ഒമ്പത് വിഭാഗങ്ങളിലായി 77 വള്ളങ്ങളാണ് ഇക്കുറി നെഹ്രു ട്രോഫിയിൽ മാറ്റുരയ്ക്കുന്നത്. ചുണ്ടൻ വള്ളങ്ങളുടെ വിഭാഗത്തിൽ 20 വള്ളങ്ങളുണ്ട്. ചുരുളൻ ‑3, ഇരുട്ടുകുത്തി എ ഗ്രേഡ് ‑5, ഇരുട്ടുകുത്തി ബി ഗ്രേഡ് ‑16, ഇരുട്ടുകുത്തി സി ഗ്രേഡ് ‑13, വെപ്പ് എ ഗ്രേഡ് ‑9, വെപ്പ് ബി ഗ്രേഡ് ‑9, തെക്കനോടി(തറ) ‑3, തെക്കനോടി (കെട്ട്)- 3 എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളിൽ മത്സരിക്കുന്ന വള്ളങ്ങളുടെ എണ്ണം.
English summary; Today is Nehru Trophy Boat Race in Punnamada
You may also like this video;