Site iconSite icon Janayugom Online

ഇന്ന് ലോക ബാലവേല വിരുദ്ധദിനം; രാജ്യത്തിന്റെ കടമയും കുട്ടികളുടെ മൗലികാവകാശവും

കുട്ടികൾ നേരിടുന്ന ഒരു സാമൂഹിക വിപത്താണ് ബാലവേല. ജൂൺ 12 അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനമായി ഐക്യരാഷ്ട്രസഭ അംഗീകരിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ ഒരംഗമെന്ന നിലയിലും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്ന നിലയിലും ബാലവേലയ്ക്കെതിരെ സമഗ്രമായ നിയമങ്ങളും പദ്ധതികളും കൊണ്ടുവരാൻ ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന് ഈ ദിനത്തിൽ പരിശോധിക്കേണ്ടതാണ്. കുട്ടികൾ രാജ്യത്തിന്റെ ഭാവിയാണ്. പ്രത്യാശയുള്ള ഒരു ഭാവി തലമുറയെ വാർത്തെടുക്കണമെങ്കിൽ കുട്ടികളുടെ അവകാശങ്ങൾ ഫലപ്രദമായി സംരക്ഷിക്കേണ്ടതുണ്ട്. ആറു മുതൽ 14 വയസുവരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകേണ്ടത് രാജ്യത്തിന്റെ കടമയും കുട്ടികളുടെ മൗലികാവകാശവുമായി ഭരണഘടനയുടെ അനുച്ഛേദം 21 (എ)യിൽ പ്രതിപാദിച്ചിട്ടുണ്ട്. ഈ ഉദ്ദേശം സാക്ഷാത്ക്കരിക്കുന്നതിനുവേണ്ടി നിലവിലുള്ള ദേശീയ വിദ്യാഭ്യാസ നിയമം 2009, ബാലവേല (നിരോധനവും ക്രമപ്പെടുത്തലും) നിയമം 1986ഉം ഫലപ്രദമായി നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് രാജ്യത്ത് നിലനിൽക്കുന്ന ബാലവേലയുമായി ബന്ധപ്പെട്ട കണക്കുകൾ സൂചിപ്പിക്കുന്നത്. രാജ്യത്ത് നിലനിൽക്കുന്ന സാമ്പത്തികവും സാമൂഹികവുമായ അസമത്വമാണ് കുട്ടികളെ ബാലവേലയിലേക്ക് തള്ളിവിടുന്നത് എന്നത് വാസ്തവമാണ്. ഭരണഘടനാ വിരുദ്ധമായി അനുഛേദം 24ൽ പ്രതിപാദിച്ചിട്ടുണ്ടെങ്കിലും രാജ്യത്ത് ലക്ഷക്കണക്കിന് കുട്ടികൾ ബാലവേലയിൽ ഏർപ്പെടുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ കുട്ടികളെ മനുഷ്യക്കടത്തിനും ഭിക്ഷാടനത്തിനും അപകടകരമായ തൊഴിലുകളിലേക്കും നയിക്കുന്നു എന്നത് വസ്തുതയാണ്. വേശ്യാവൃത്തിക്കു വേണ്ടി കുട്ടികളെ വില്ക്കുകയും വാങ്ങുകയും ചെയ്യുന്ന പ്രവണത പോലും രാജ്യത്ത് പലയിടങ്ങളിലുണ്ട്.


ഇതുകൂടി വായിക്കാം;  പ്രക്ഷോഭങ്ങള്‍ വ്യാപകമാക്കണം; കരുത്തരാകണം


ഗുണമേന്മയുള്ള വിദ്യാഭ്യാസം, ഭക്ഷണം, പാർപ്പിടം എന്നിവ നൽകിക്കൊണ്ട് മാത്രമെ ഈ സാമൂഹിക തിന്മയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ കഴിയുകയുള്ളു. ബാലവേല നിരോധന നിയമത്തിൽ 2016ൽ നിലവിൽ വന്ന ഭേദഗതിയിൽ പ്രതിപാദിച്ചിരിക്കുന്നതുപോലെ 14 വയസിന് താഴെയുള്ള മുഴുവൻ കുട്ടികളെയും ബാലവേലയിൽ നിന്ന് മുക്തമാക്കാനും 14നും 18നും ഇടയ്ക്ക് പ്രായമുള്ള കൗമാരക്കാരെ അപകടകരമായ തൊഴിലുകളിൽ നിന്ന് മുക്തമാക്കാനും രാജ്യം പ്രതിജ്ഞാബദ്ധമാണ്. ആഗോളവല്ക്കരണത്തിന്റെ ഭാഗമായി രാജ്യത്തെ 80 ശതമാനം വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വകാര്യ ഉടമസ്ഥതയിൽ നിലനിൽക്കുന്നതുകൊണ്ടുതന്നെ ഭരണഘടന അനുശാസിക്കുന്ന സാമൂഹികവും സാമ്പത്തികവുമായ തുല്യതയിലും നീതിയിലും അധിഷ്ഠിതമായ ഒരു വിദ്യാഭ്യാസ നയം രാജ്യത്ത് നിലവിലില്ല എന്നത് പരിഹരിക്കേണ്ടതുണ്ട്. അതിനായി 93, 103 ഭരണഘടനാ ഭേദഗതികൾ ഈ അവസരത്തിൽ പ്രസക്തമാകുന്നു. അനുഛേദം 15(5) 15(6) അനുസരിച്ച് എല്ലാ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സമൂഹത്തിൽ പാർശ്വവല്ക്കരിക്കപ്പെട്ട കുട്ടികൾക്ക് സംവരണം കൊണ്ടുവരാൻ രാജ്യത്തിന് സാധിക്കും. ഇത്തരം പുരോഗമനപരമായ കുട്ടികളുടെ അവകാശങ്ങൾ ഫലപ്രദമായ രീതിയിൽ നടപ്പിലാക്കുന്നതിനുവേണ്ടി നിയമനിർമ്മാണങ്ങൾ നടത്തേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസത്തിനുള്ള അവകാശം നടപ്പിലാക്കുന്നതിനൊപ്പം സൗജന്യ ഭക്ഷണവും കുട്ടികളുടെ അവകാശമായി ദേശീയ ഭക്ഷ്യസുരക്ഷാനിയമം 2013ൽ വ്യക്തമാക്കിയിട്ടുണ്ട്. അങ്കണവാടിയിലൂടെയുള്ള സൗജന്യ ഭക്ഷണം സ്കൂളുകളിലൂടെ നൽകുന്ന മിഡ് ഡേ മീൽസ് എന്നിവ ചില ഉദാഹരണങ്ങളാണ്. നല്ല വിദ്യാഭ്യാസവും സൗജന്യ ഭക്ഷണവും കുട്ടികൾക്ക് ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. സ്വന്തം കുട്ടികൾക്ക് വിദ്യാഭ്യാസം നൽകേണ്ടത് ഓരോ ഇന്ത്യക്കാരായ മാതാപിതാക്കളുടെയും മൗലികമായ കടമയാണ് എന്ന ഓർമ്മപ്പെടുത്തൽ കൂടിയായി ഈ ദിനം മാറുകയാണ്. രാജ്യത്തിന്റെ ഭാവിവാഗ്ദാനങ്ങളായ കുട്ടികളെ ചൂഷണങ്ങളിൽ നിന്നും വിവേചനങ്ങളിൽ നിന്നും മോചിപ്പിക്കേണ്ടത് നല്ല നാളെയുടെ ആവശ്യമാണ്. ആ ഉത്തരവാദിത്തത്തിന്റെ ബോധ്യപ്പെടുത്തലായി ജൂൺ 12 മാറുകയാണ്.

Exit mobile version