Site iconSite icon Janayugom Online

ലോക പരിസ്ഥിതി ദിനാചരണം ഇന്ന്; ജില്ലയില്‍ വിപുലമായ പരിപാടികള്‍

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ജില്ലയില്‍ ഇന്ന് വിപുലമായി പരിപാടികള്‍ നടത്തും. അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സമിതി(ഐപ്സോ) തിരുവനന്തപുരം ജില്ലാ കൗൺസിലിന്റെയും ആൾ സെയിന്റ്സ് കോളജ് ബോട്ടണി, മലയാളം വകുപ്പുകളുടെയും ആഭിമുഖ്യത്തിൽ ആൾ സെയിന്റ്സ് കോളജ് കോമ്പൗണ്ടിൽ പരിസ്ഥിതി ദിനാചരണ പരിപാടികൾ നടത്തും. ഇന്ന് രാവിലെ 11 മണിക്ക് മുൻ എംപി പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം നിര്‍വഹിക്കും. കോളജ് കോമ്പൗണ്ടിൽ ഫലവൃക്ഷത്തൈകൾ നടുന്നതോടൊപ്പം ‘ആഗോള താപനത്തിന്റെ സാമൂഹിക പ്രത്യാഘാതങ്ങൾ’ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറും ഉദ്ഘാടനം ചെയ്യും.

ഐപ്സോ സംസ്ഥാന പ്രസീഡിയം അംഗം ഡോ. പി കെ ജനാർദ്ദന കുറുപ്പ് വിഷയാവതരണം നടത്തും. കോളജ് പ്രിൻസിപ്പാൾ ഡോ. രശ്മി ആർ പ്രസാദ്, ഐപ്സോ ജില്ലാ സെക്രട്ടറി അഡ്വ. എം എ ഫ്രാൻസിസ്, പ്രസിഡന്റ് ആറ്റിങ്ങൽ സുഗുണൻ, കോളജ് മലയാള വിഭാഗം മേധാവി ഡോ. സി ഉദയകല, ബോട്ടണി വിഭാഗം മേധാവി ഡോ. സിന്ധ്യാ ജോൺ, അസിസ്റ്റന്റ് പ്രൊഫ. ഡോ. നിഷ കെ കെ തുടങ്ങിയവർ സംസാരിക്കും. നവകേരളം കൾച്ചറൽ ഫോറത്തിന്റെ അഭിമുഖ്യത്തിൽ പരിസ്ഥിതി സെമിനാർ സംഘടിപ്പിച്ചു. കൾചറൽ ഫോറം പ്രസിഡന്റ് എം ഖുത്തുബ് ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടർ എ നിസാമുദീൻ പരിസ്ഥിതിദിന സന്ദേശം നൽകി. മടവൂർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചിത്രകാരൻ പ്രകാശ്, മനോജ് നാവായിക്കുളം, മുബാറക്ക് റാവുത്തർ, എം റാബിയ എന്നിവർ സംസാരിച്ചു.

കാട്ടാക്കട മണ്ഡലത്തിൽ പരിസ്ഥിതി ദിനത്തിൽ ഒരു ലക്ഷം പ്ലാവിൻ തൈകൾ നട്ടു തുടങ്ങും. നാടാകെ പ്ലാവ് എന്ന് പേരിട്ട പദ്ധതി മണ്ഡലത്തിലെ ആറു പഞ്ചായത്തിലും നടപ്പാക്കുമെന്ന് ഐ ബി സതീഷ് എംഎൽഎ അറിയിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീയുടെയും കൃഷിഭവനുകളുടെയും സഹകരണത്തോടെയാണ് നാടാകെ പ്ലാവ് പ്രാവർത്തികമാക്കുന്നത്. ഫലപ്രദമായി വിനിയോഗിച്ചാല്‍ ധാരാളം വരുമാനം നേടിത്തരാന്‍ പ്ലാവിന് കഴിയും. പ്ലാവിന്റെ പാരിസ്ഥിതിക പ്രാധാന്യവും ചക്കയുടെ മൂല്യവർധിത ഉല്പന്നങ്ങളുടെ വ്യാവസായിക സാധ്യതയും നാം വേണ്ടത്ര ഉപയോഗിക്കാത്ത സ്ഥിതിയുണ്ട്. ഈ സാഹചര്യത്തിലാണ് മണ്ഡലത്തിൽ പ്ലാവ് കൃഷിയുടെ സാധ്യത തേടുന്നത്.

ചില പ്രത്യേക കാലയളവില്‍ മാത്രം ലഭിക്കുന്നതും സൂക്ഷിച്ചു വയ്ക്കാനുള്ള സാങ്കേതികവിദ്യയുടെ അഭാവവും ആണ് ചക്ക ഉപയോഗിക്കുന്നതിലെ തടസങ്ങള്‍. കീടനാശിനി പ്രയോഗിച്ച് അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കുന്ന പച്ചക്കറികള്‍ ഉപയോഗിക്കുന്നതിനു പകരം ശാസ്ത്രീയമായി സംസ്കരിച്ചാൽ ഭക്ഷണാവശ്യത്തിന് എന്നും ചക്ക ഉപയോഗിക്കാൻ കഴിയും. കയറ്റുമതിക്ക് കഴിയുന്ന വിധത്തിൽ സംരംഭമായി വികസിപ്പിക്കാൻ സർക്കാർ സഹായങ്ങളും ലഭിക്കും.
ഡിഫറന്റ് ആര്‍ട് സെന്ററിലെ പരിസ്ഥിതി ദിനാഘോഷം നാളെ വൈകുന്നേരം നാലിന് കൃഷിമന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാടിന്റെ സാന്നിധ്യത്തില്‍ 2022ലെ പ്ലാനറ്റ് എര്‍ത്ത് അവാര്‍ഡ് ഭിന്നശേഷിക്കാരനായ പ്രണവ് യേശുദാസിന് മന്ത്രി സമ്മാനിക്കും. ചടങ്ങില്‍ സെന്ററിലെ 300 ഭിന്നശേഷിക്കുട്ടികള്‍ക്ക് ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്യും. മികച്ച പരിസ്ഥിതി പ്രവര്‍ത്തകരെ ആദരിക്കും. ഭിന്നശേഷിക്കുട്ടികള്‍ പരസ്പരം തൈകള്‍ കൈമാറും.

സമുചിതമായി ആചരിക്കുക: സിപിഐ

പരിസ്ഥിതി ദിനം ജില്ലയിൽ സമുചിതമായി ആചരിക്കാൻ സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ അഭ്യർത്ഥിച്ചു. പാർട്ടി ഘടകങ്ങളുടെയും വർഗ ബഹുജന പ്രസ്ഥാനങ്ങളുടേയും നേതൃത്വത്തിൽ വൃക്ഷത്തൈ നടൽ, ജലാശയങ്ങൾ വൃത്തിയാക്കൽ, പരിസ്ഥിതി ബോധവൽക്കരണ പരിപാടികൾ തുടങ്ങിയവ സംഘടിപ്പിക്കും. മൺമറഞ്ഞ നേതാക്കളുടെ ഓർമ്മ മരങ്ങൾ പാർട്ടി ഓഫിസുകളിലും പൊതു സ്ഥലങ്ങളിലും നടുന്ന പരിപാടികൾ സംഘടിപ്പിക്കാനും മാങ്കോട് രാധാകൃഷ്ണൻ ആഹ്വാനം ചെയ്തു.

Eng­lish Summary:Today is World Envi­ron­ment Day; Wide range of pro­grams in the district

You may also like this video

Exit mobile version