കേരളത്തിൽ ഒരു ലക്ഷത്തിൽ 453 പേർ സാരമായ കേൾവി പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ടെന്ന് കണക്കുകള്‍. നാഷണൽ സാമ്പിൾ സർവേയുടെ കണക്കുകളാണിത്. ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് 6.3 ശതമാനം ജനങ്ങൾ കേൾവിക്കുറവ് കൊണ്ടുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. ശബ്ദമലിനീകരണവും മൊബൈലിന്റെയും ഹെഡ്സെറ്റിന്റെയും അമിത ഉപയോഗവും സാരമായ കേൾവിക്കുറവിന് കാരണമാകുന്നുണ്ട്. ‘എന്നെന്നും കേൾക്കാനായ് കരുതലോടെ കേൾക്കാം’ എന്നതാണ് ഈ വർഷത്തെ സന്ദേശം.
ചികിത്സിച്ചു ഭേദമാക്കാൻ കഴിയുന്ന കേൾവിക്കുറവിനെ ചികിത്സിക്കുകയും പ്രതിരോധിക്കാൻ കഴിയുന്ന കേൾവിക്കുറവിനെ യഥാസമയം പ്രതിരോധിക്കുകയും ചെയ്യണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. കുട്ടികളിലെ കേൾവിക്കുറവ് എത്രയും നേരത്തെ കണ്ടുപിടിച്ച് ചികിത്സിച്ചില്ലെങ്കിൽ അതവരുടെ സംസാരഭാഷ വികസനത്തെയും വ്യക്തിത്വവികാസത്തെയും സാരമായി ബാധിക്കും. ഇതിനായി എല്ലാ സർക്കാർ ആശുപത്രികളിലും നവജാത ശിശുക്കളിലെ കേൾവിക്കുറവ് കണ്ടെത്തുന്നതിനുള്ള പരിശോധനകൾ നടന്നുവരുന്നു.
ഇങ്ങനെ കണ്ടുപിടിക്കുന്ന കുട്ടികൾക്ക് കേൾവി സഹായിയുടെ ഉപയോഗത്തോടെ സംസാരപരിശീലനം നൽകുകയും ചെയ്യുന്നുണ്ട്. ആവശ്യമായവർക്ക് കോക്ലിയാർ ഇംപ്ലാന്റേഷൻ പോലെയുള്ള സങ്കീർണമായ ശസ്ത്രക്രിയ നടത്തി വേണ്ട സംസാരഭാഷാ പരിശീലനം സൗജന്യമായി സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ നടത്തിവരുന്നുണ്ട്.
കേൾവിക്കുറവുളളവരിൽ വലിയൊരു ശതമാനവും പ്രായാധിക്യം കൊണ്ടുള്ള കേൾവി കുറവാണ്. ഇത് വാർധക്യകാലത്തെ ഏകാന്തതയുടെയും ഒറ്റപ്പെടലിന്റെയും ആക്കം കൂട്ടുന്നു. ഇങ്ങനെയുള്ളവരിൽ കേൾവിക്കുറവ് കണ്ടുപിടിച്ച് അതിനനുസൃതമായ ഇടപെടലുകൾ നടത്താനുള്ള ശ്രമത്തിലാണ് സർക്കാരെന്ന് മന്ത്രി വ്യക്തമാക്കി. എല്ലാത്തരത്തിലുമുള്ള കേൾവി കുറവുകളും നേരത്തെ കണ്ടുപിടിച്ച് പരിഹരിക്കുന്നതിനായി ശസ്ത്രക്രിയ ഉൾപ്പെടെയുള്ള എല്ലാ ചികിത്സയ്ക്കുമുള്ള സൗകര്യങ്ങൾ കേരളത്തിലുടനീളം 67 ആശുപത്രികളിൽ സജ്ജമാക്കിയിട്ടുണ്ട്. ബോധവത്ക്കരണവും വളരെ പ്രധാനമാണെന്ന് മന്ത്രി പറഞ്ഞു.
English summary; Today is World Hearing Day; In Kerala, 453 out of one lakh people have significant hearing loss
You may also like this video;